Connect with us

sharja international book festival

ഷാർജ പുസ്തകമേളയുടെ സർഗാത്മക നീക്കിയിരിപ്പ്

മലയാളികളെ സംബന്ധിച്ചു അഭിമാനം പകരുന്നതാണ് ഷാർജ പുസ്തകമേള. പ്രാദേശികമായി നോക്കിയാൽ മേളക്കെത്തുന്നവരിൽ കൂടുതൽ കേരളീയർ. ഇന്ത്യയിൽ നിന്നുള്ള പ്രസാധകരിൽ മഹാഭൂരിഭാഗം മലയാളത്തിൽ നിന്ന്.

Published

|

Last Updated

ഷാർജ രാജ്യാന്തര പുസ്തകമേളക്ക് നാളെ തിരശ്ശീല വീഴുന്നു. ലക്ഷക്കണക്കിനാളുകൾ എക്‌സ്‌പോ സെന്ററിലെത്തി. നിരവധി എഴുത്തുകാർ സംവദിച്ചു. പുസ്തകം നന്നായി വിറ്റുപോയെന്ന് പ്രസാധകർ. പതിവ് പോലെ ഗൾഫ് മലയാളികളുടെ പുസ്തകങ്ങൾ വാങ്ങാൻ ധാരാളം ആളുകളുണ്ടായി. വായനക്കാർ സംതൃപ്തരാണോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു. എന്നിരുന്നാലും സാങ്കേതികവിദ്യ അരങ്ങു തകർക്കുന്ന കാലത്ത് ആളുകളെ ഗ്രന്ഥവായനയിൽ പിടിച്ചുനിർത്താൻ ഷാർജ പുസ്തകമേളക്ക് കഴിയുന്നുണ്ട്. അതുവഴി മനുഷ്യനിലെ ആർദ്രതയും നീതിബോധവും കെടാതെ സംരക്ഷിക്കപ്പെടും. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. സമൂഹത്തിൽ സമാധാനം സൃഷ്ടിക്കാൻ ഏറ്റവും മികച്ച ഉപാധി ആളുകളെ വായിപ്പിക്കുക എന്നതാണ്.

മലയാളികളെ സംബന്ധിച്ചു അഭിമാനം പകരുന്നതാണ് ഷാർജ പുസ്തകമേള. പ്രാദേശികമായി നോക്കിയാൽ മേളക്കെത്തുന്നവരിൽ കൂടുതൽ കേരളീയർ. ഇന്ത്യയിൽ നിന്നുള്ള പ്രസാധകരിൽ മഹാഭൂരിഭാഗം മലയാളത്തിൽ നിന്ന്. എക്‌സ്‌പോയിൽ ഏഴാം ഹാളിൽ മലയാളത്തിന്റെ ആരവമാണ്. ഇവിടത്തെ റൈറ്റേഴ്സ് ഫോറത്തിൽ ഏതാണ്ട് 300 മലയാളം പുസ്തകങ്ങൾ പ്രകാശിതമായി. തട്ടിക്കൂട്ടിയുള്ള ചടങ്ങല്ല. മുൻകൂട്ടി അനുമതി വാങ്ങി, പ്രമുഖരെ ക്ഷണിച്ചു പുസ്തകത്തെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഏറെ അകലെയല്ലാത്ത അതാത് പ്രസാധകന്റെ പവലിയനിൽ പുസ്തകം ലഭ്യമാക്കുന്നു. ഇക്കൂട്ടത്തിൽ ലബ്ധപ്രതിഷ്ഠ നേടിയ എഴുത്തുകാരുമുണ്ട്. പുതുതലമുറക്ക് ഇത് പ്രചോദനമാകുന്നുണ്ട്. നിരവധി കുട്ടികൾ ഇത്തവണ കുഞ്ഞുഭാവനകളിൽ വിരിയുന്നത് അക്ഷരങ്ങളിലാക്കി വായനാലോകത്തിന് സമർപിച്ചിട്ടുണ്ട്. ഇവരിൽ കുറേ പേർ നാളത്തെ വാഗ്ദാനങ്ങളാകും.

നാട്ടിൽ നിന്നെത്തിയ കെ പി രാമനുണ്ണി, ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്, അംബികാസുതൻ മാങ്ങാട്, വീരാൻ കുട്ടി, സുറാബ്, ശൈലൻ പോലുള്ളവർ പുസ്തക പ്രകാശന കർമം നിർവഹിക്കുന്നതിൽ യാതൊരു മടിയും കാട്ടിയില്ല. സ്വന്തം കൃതികളുടെ പ്രചാരണത്തിന് നീക്കിവെക്കേണ്ട സമയത്താണ് ഇവർ മറ്റുള്ളവരുടെ പുസ്തകത്തെ വിലമതിച്ചത്. അത് നവാഗതർക്ക് വലിയ പ്രോത്സാഹനമാകും. പ്രഭാഷകരിൽ സുനിൽ പി ഇളയിടം മേളയിൽ തരംഗമായിരുന്നു. സാധാരണ വായനക്കാരുമായി ഇടപെടുന്നതിലും സംവദിക്കുന്നതിലും യാതൊരു മടിയും കാട്ടിയില്ല. നാട്ടിലാണെങ്കിൽ ഇവരോട് സംസാരിക്കുക എളുപ്പമല്ല. സംഘാടകരുടെ നിയന്ത്രണം, ആൾക്കൂട്ട അച്ചടക്കമില്ലായ്മ ഒക്കെ തടസമാകും. ഷാർജ പുസ്തകമേളയുടെ ഘടന മറ്റൊന്ന്. എഴുത്തുകാർ ആശയവിനിമയത്തിന് പ്രാപ്യരാകും. എഴുത്തുകാരെ നെഞ്ചേറ്റുന്ന വായനക്കാർ, ഇടപെടലിൽ ഔചിത്യബോധം കാട്ടുന്നത് മറ്റൊരു സൗകുമാര്യം.

ഏതൊക്കെ പുസ്തകങ്ങളാണ് കൂടുതൽ വിറ്റു പോയതെന്ന കണക്കുകൾ വരാനിരിക്കുന്നതേയുയുള്ളൂ. മലയാളത്തിൽ നിന്ന് അശോകൻ ചരുവിൽ, എസ് ഹരീഷ് എന്നിവരുടെ നോവലുകൾക്ക് ധാരാളം ആവശ്യക്കാരുണ്ടായി. ദീപ നിഷാന്തിന്റെ കുറിപ്പുകൾക്ക് വിൽപനയുണ്ട്. അതേസമയം, ഖമറുദ്ധീൻ ആമയം, സൈഫുദ്ധീൻ തൈക്കണ്ടി, ശിവപ്രസാദ് എന്നിവരുടെ കവിത സമാഹാരങ്ങൾ ശ്രദ്ധേയമായിയെന്നത് ഗൾഫ് മലയാളികൾക്ക് ആനന്ദം പകരുന്നതാണ്. അവർ ഗൾഫ് അനുഭവങ്ങൾ സമർഥമായി കവിതക്ക് രൂപകമാക്കുന്നു.
ഇതോടൊപ്പം, പുസ്തകമേളയിൽ പലതരം ശിൽപശാലകൾ ഒരുക്കിയിരുന്നതിനെ മലയാളികൾ ഗൗരവമായി കാണാത്തത് ന്യൂനതയാണ്. കുറ്റാന്വേഷണ, ശാസ്ത്ര നോവലുകൾക്ക് പ്രത്യേകം വിഭാഗങ്ങളുണ്ടായിരുന്നു. ലോകത്തിലെ മികച്ച എഴുത്തുകാരാണ് വിശകലനം നടത്തിയത്. ശാസ്ത്ര നോവലുകളെക്കുറിച്ചു അമേരിക്കൻ എഴുത്തുകാരി മേരി ലു ഉൾക്കാഴ്ച നൽകി. ശാസ്ത്രാവബോധത്തെ എഴുത്തിൽ ഉപയോഗപ്പെടുത്തണമെന്നും വിഭ്രാത്മക ലോകം ആവിഷ്‌ക്കരിക്കുന്നത് ആളുകളെ വായനയിലേക്ക് കൂടുതൽ അടുപ്പിക്കാൻ കാരണമാകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. മലയാളത്തിൽ കുറ്റാന്വേഷണ കൃതികൾ കോട്ടയം പുഷ്പനാഥിൽ നിന്ന് ഏറെ മുന്നോട്ട് പോയത് ഇതിനോട് ചേർത്തുവെക്കണം. ഇത്തരം ശിൽപ ശാലകൾ പുതിയ എഴുത്തുകാർക്ക് മാർഗദർശകങ്ങളാണ്.

41-ാമത് പുസ്തകമേള കൊവിഡ് അനന്തര കാലത്ത് സാംസ്‌കാരിക മേഖലക്ക് ഏറെ ഉന്മേഷം പകരുന്നതായി. ഭൂമിയെ വാസയോഗ്യമാക്കി നിലനിർത്തുന്നത് മനുഷ്യന്റെ സർഗശേഷിയാണ്. ഒരു നിർമിതബുദ്ധിക്കും സാധ്യമാകാത്തതാണത്. ഷാർജ പുസ്തകമേള ഒരിക്കൽകൂടി അത് വിളംബരപ്പെടുത്തി. വായനക്കാർ ആ വികാരം ഉൾക്കൊണ്ടു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest