Uae
ഷാർജയുടെ സഹായം; ബെയ്‌റൂത്തിൽ സ്‌ഫോടനത്തിൽ തകർന്ന ആശുപത്രിക്ക് പുനർജീവൻ
പുനർനിർമിച്ച യൂണിറ്റിൽ അത്യാധുനിക ഉപകരണങ്ങളും വിപുലീകരിച്ച സൗകര്യങ്ങളും പുതിയ ശിശു വിഭാഗവും ഉൾപ്പെടുന്നു.

ഷാർജ | ബെയ്‌റൂത്ത് തുറമുഖ സ്‌ഫോടനത്തിൽ തകർന്ന 147 വർഷം പഴക്കമുള്ള സെന്റ് ജോർജ് ഹോസ്പിറ്റൽ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിന് ഷാർജ ആസ്ഥാനമായുള്ള ബിഗ് ഹാർട്ട് ഫൗണ്ടേഷൻ സഹായം നൽകി. ഫൗണ്ടേഷന്റെ “സലാം ബെയ്‌റൂത്ത് ക്യാമ്പയിനിൽ’ നിന്ന് ലഭിച്ച 8.7 മില്യൺ ദിർഹം ഉപയോഗിച്ച് ആശുപത്രിയിലെ അത്യാഹിത വിഭാഗവും ട്രോമാ യൂണിറ്റും പുനർനിർമിച്ചു.
പുനർനിർമിച്ച യൂണിറ്റിൽ അത്യാധുനിക ഉപകരണങ്ങളും വിപുലീകരിച്ച സൗകര്യങ്ങളും പുതിയ ശിശു വിഭാഗവും ഉൾപ്പെടുന്നു.ഇത് ആശുപത്രിയെ പൂർണശേഷിയിൽ പ്രവർത്തിക്കാൻ സഹായിക്കും. പ്രതിവർഷം 40,000 ത്തിലധികം രോഗികൾക്ക് ചികിത്സ നൽകാൻ പര്യാപ്തമാണ് ഇത്.
2020ലെ ബെയ്‌റൂത്ത് തുറമുഖ സ്‌ഫോടനത്തിൽ കാര്യമായ നാശനഷ്ടം സംഭവിച്ച ആശുപത്രി ലെബനനിലെ ഏറ്റവും പഴക്കം ചെന്ന ഒന്നാണ്. സ്‌ഫോടനത്തിൽ 150-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരുക്കേൽക്കുകയും ഏകദേശം 300,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.
ഇതേതുടർന്ന്, ഷാർജ ഭരണാധികാരിയുടെ പത്‌നിയും ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് സലാം ബെയ്‌റൂത്ത് ക്യാമ്പയിൻ ആരംഭിച്ചത്. ഇതിലൂടെ 30 മില്യൺ ദിർഹത്തിലധികം സമാഹരിക്കാൻ കഴിഞ്ഞു.