local body election 2025
ചായ മക്കാനിക്കൊപ്പം വോട്ടുപിടിത്തവും; ശമീമ മുഹ്സിൻ പ്രതീക്ഷയിലാണ്
ജോലിയുടെ ഭാഗമായാണ് ചായക്കട നടത്തുന്നത്. വോട്ടുപിടിത്തം മറ്റൊരു വഴിക്ക് നീങ്ങുമെന്നും ശമീമ പറയുന്നു.
കോഴിക്കോട് | കോർപറേഷൻ 33ാം വാർഡിലെ യു ഡി എഫ് സ്ഥാനാർഥി ശമീമ മുഹ്സിൻ വോട്ടുപിടിത്തത്തിന്റെ തിരക്കിലും ചായക്കട നടത്തുന്നതിന് അവധി നൽകിയിട്ടില്ല. രാവിലെ മുതൽ എത്തുന്നവർക്ക് ചായയും പഴംപൊരി, ബോണ്ട, പരിപ്പുവട തുടങ്ങിയ പലഹാരങ്ങളും നൽകാൻ ശമീമ സമയം കണ്ടെത്തുന്നു.
ജോലിയുടെ ഭാഗമായാണ് ചായക്കട നടത്തുന്നത്. വോട്ടുപിടിത്തം മറ്റൊരു വഴിക്ക് നീങ്ങുമെന്നും ശമീമ പറയുന്നു. നിലവിൽ രണ്ട് തവണ എൽ ഡി എഫ് കുത്തകയാക്കിയ വാർഡാണെങ്കിലും ഇത്തവണ തിരിച്ചുപിടിക്കണമെന്നാണ് മുസ്‌ലിം ലീഗിന് വേണ്ടി രംഗത്തിറങ്ങിയ ശമീമ പറയുന്നത്. പാലിയേറ്റീവ് വളണ്ടിയർ ആണ് ശമീമ. മെഡിക്കൽ കോളജിൽ പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം തയ്യാറാക്കുന്നതിലും സഹകരിക്കാറുണ്ട്.
അങ്ങനെയാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്. പൊക്കുന്ന് കിണാശ്ശേരി നോർത്ത് പള്ളിക്ക് സമീപമുള്ള ഒറ്റമുറി ചായക്കട രാവിലെ ആറ് മണിക്ക് തുറക്കും. ഇപ്പോൾ രാവിലെ കുറച്ചുസമയം വോട്ട് പിടിത്തവുമായി പോകുന്നതിനാൽ കട തുറക്കാൻ അൽപ്പം വൈകും.
സ്ഥിരമായി ചായ കുടിക്കാൻ എത്തുന്നവർക്ക് ഇതിൽ പരിഭവമില്ല. ഏതായാലും തിരഞ്ഞെടുപ്പല്ലേ എന്നാണ് അവർ ചോദിക്കുന്നത്. വികസനത്തിൽ വളരെ പിന്നിലാണ് തങ്ങളുടെ നാടെന്നും ഇവിടെയുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ പറ്റാവുന്നത് ചെയ്യണമെന്ന ആഗ്രമാണ് സ്ഥാനാർഥിയാക്കിയതെന്നും ശമീമ പറയുന്നു. സി പി എമ്മിലെ എൻ എം ഷിംനയാണ് ഇവിടെ ഇടതുപക്ഷ സ്ഥാനാർഥി.



