Connect with us

Kerala

സതീശന് നിലവാരത്തകര്‍ച്ച സംഭവിച്ചുതുടങ്ങി; ആരോപണവുമായി പി എസ് സഞ്ജീവ്

ധൈര്യമുണ്ടെങ്കില്‍ സതീശന്‍ ആ ബോംബ് പൊട്ടിക്കണമെന്ന്

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിലവാരത്തകര്‍ച്ച സംഭവിച്ചു തുടങ്ങിയെന്ന് എസ് എഫ്‌ ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സതീശൻ്റെ കാര്യം പരിതാപകരമാണ്. മിഥുനം സിനിമയിലേത് പോലെ ഇപ്പോള്‍ പൊട്ടിക്കും എന്നാണ് പറയുന്നത്. ധൈര്യമുണ്ടെങ്കില്‍ വി ഡി സതീശന്‍ ആ ബോംബ് പൊട്ടിക്കണം.

കേരളത്തിലെ സി പി എമ്മിനെതിരെ മുന്‍പും സതീശന്‍ പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം അസ്ഥാനത്തായിപ്പോയി. തങ്ങള്‍ അതൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും സഞ്ജീവ് പറഞ്ഞു.

സ്ത്രീവിരുദ്ധ മനോഭാവം അങ്ങയേറ്റം പുലര്‍ത്തുന്ന ആളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും ഇങ്ങനെ ഒരാളെ കേരള സമൂഹം ചുമക്കേണ്ട ആവശ്യമുണ്ടോയെന്നും സഞ്ജീവ് ചോദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച് പുറത്തുപോകേണ്ട സമയം അതിക്രമിച്ചു. കോണ്‍ഗ്രസ്സിനോ യൂത്ത് കോണ്‍ഗ്രസ്സിനോ രാഹുല്‍ മാങ്കൂട്ടത്തിലിനെ വേണ്ട. അങ്ങനെ ഒരാളെ പാലക്കാട്ടെ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്. കോണ്‍ഗ്രസ്സിലെ വനിതാ എം എല്‍ എമാര്‍ക്ക് സ്വസ്ഥതയുണ്ടോ എന്നും പി എസ് സഞ്ജീവ് ചോദിച്ചു.

ഉമാ തോമസ് എം എല്‍ എയെ പോലും വെറുതെ വിട്ടില്ല. ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും രാഹുലിൻ്റെ തൊലിക്കട്ടി സമ്മതിക്കണം. തങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കൊന്നും അയാള്‍ മറുപടി പറയുന്നില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് കാല് കുത്താന്‍ അനുവദിക്കില്ല. എസ് എഫ്‌ ഐ പ്രതിഷേധം തുടരും. പാലക്കാടുള്ള പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസം സെല്‍ഫ് ഡിഫന്‍സ് ക്ലാസ്സ് നല്‍കിത്തുടങ്ങിയെന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

എം എസ് എഫ് ലക്ഷണമൊത്ത വര്‍ഗീയവാദികളാണ്. ആ വിമര്‍ശനം തങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. ജമാ അത്തെ ഇസ്‌ലാമി വളരാനുള്ള വളമായി എം എസ് എഫ് മാറി. എം എസ് എഫിനെ മൗദൂതി സ്റ്റുഡന്റ് ഫെഡറേഷന്‍ എന്ന് വിളിക്കുന്നത് അതുകൊണ്ടാണെന്നും സഞ്ജീവ് പറഞ്ഞു.

Latest