Connect with us

thenkasi sexual abuse

മലയാളി റെയില്‍വേ ജീവനക്കാരിക്കെതിരായ ലൈംഗികാതിക്രമം: പ്രതി പിടിയിൽ

മലയാളിയാണ് പ്രതി.

Published

|

Last Updated

കൊല്ലം | തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി റെയിൽവേ പോലീസിൻ്റെ പിടിയിൽ. മലയാളിയാണ് പ്രതി. കൊല്ലം പത്തനാപുരം കുന്നിക്കോട് സ്വദേശി അനീഷ് (33) ആണ് പിടിയിലായത്. കേരളത്തിലെ കുന്നിക്കോട് സ്റ്റേഷനിൽ ബലാത്സംഗ കേസിൽ പ്രതിയായിട്ടുണ്ട് ഇയാൾ. ഈ കേസിൻ്റെ വിചാരണ നടന്നുവരികയാണ്.

പ്രതി പെയിൻ്റിംഗ് തൊഴിലാളിയാണ്. പെയിൻ്റിംഗ് തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച പെയിൻ്റുള്ള ചെരുപ്പാണ് അക്രമി പെയിൻ്റിംഗ് തൊഴിലാളിയാണ് എന്ന അനുമാനത്തിലേക്ക് പോലീസിനെ എത്തിച്ചത്. സംഭവം നടന്നുയടനെ സ്ഥലത്ത് നിന്ന് മുങ്ങിയ അനീഷ് കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെങ്കോട്ട പുളിയറയിൽ വെച്ചാണ് ഇന്നലെ വൈകിട്ട് പിടിയിലായത്. കേരളത്തിലേക്കുള്ള ബസിലായിരുന്നു ഇയാൾ പ്രതിക്കായി തമിഴ്നാട് പോലീസും വ്യാപക അന്വേഷണം നടത്തിയിരുന്നു.

തെങ്കാശിയിലെ റെയിൽവേ ഗേറ്റ് കീപ്പറായ കൊല്ലം സ്വദേശിനിയെയാണ് മൂന്ന് ദിവസം മുമ്പ് ഇയാൾ ആക്രമിച്ചത്. അക്രമത്തിനിരയായ കൊല്ലം സ്വദേശിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ട്. അക്രമി കാക്കി പാന്റ്‌സ് ആണ് ഇട്ടിരുന്നതെന്നും ഷര്‍ട്ട് ധരിച്ചിരുന്നില്ലെന്നും ജീവനക്കാരി പോലീസിന് മൊഴി നല്‍കിയിരുന്നു. വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തി. പാവൂര്‍ ഛത്രം റെയില്‍വേ മേല്‍പ്പാലം നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ട അതിഥി സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.

യുവതി ജോലി ചെയ്തിരുന്നിടത്ത് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാരിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. അതിക്രൂരമായ മര്‍ദനമാണുണ്ടായതെന്ന് കുടുംബം പറയുന്നു. റെയില്‍വേ ഡി എസ് പി. പൊന്നുസ്വാമിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.