local body election 2025
യു ഡി എഫ് സ്ഥാനാർഥികൾക്ക് ഭീഷണിയായി കോൺഗ്രസ്സുകാരായ ഏഴ് സ്വതന്ത്രൻമാർ
പോരാട്ടത്തിനിറങ്ങിയത് "ശരിക്കും നമ്മളാണ് യു ഡി എഫ്' എന്ന പ്രമേയവുമായി
തളിക്കുളം | ടി എൻ പ്രതാപന്റെ നാട്ടിൽ യു ഡി എഫ് സ്ഥാനാർഥികൾക്ക് ഭീഷണിയായി കോൺഗ്രസ്സുകാരായ ഏഴ് പേർ സ്വതന്ത്രൻമാരായി മത്സര രംഗത്ത്. “ശരിക്കും നമ്മളാണ് യു ഡി എഫ്’ എന്ന പ്രമേയവുമായിട്ടാണ് ഇവർ പോരാട്ടത്തിനിറങ്ങിയത്. സീറ്റ് നിഷേധിച്ചതോടെയാണ് ഇവർ ഒന്നു പയറ്റാനായി ഗോദയിൽ ഇറങ്ങിയത്.
മൂന്നാം വാർഡിൽ മുൻ അംഗം ബഹ്‌വാൻ അബൂബക്കറാണ് സ്വതന്ത്രനായി രംഗത്ത് ഇറങ്ങിയത്. 2015ൽ അബൂബക്കർ കോൺഗ്രസ്സ് പാനലിൽ യു ഡി എഫ് സ്ഥാനാർഥിയായിരുന്നു. ആർ എം പി മത്സരിക്കുന്ന അഞ്ചാം വാർഡിൽ ചില കോൺഗ്രസ്സ് നേതാക്കളുടെ ആശീർവാദത്തിൽ ബിന്ദു അനിൽ മത്സരിക്കുന്നുണ്ട്. ഒമ്പതാം വാർഡിൽ ഷഫിയാണ് രംഗത്ത്. 11ൽ കോൺഗ്രസ്സിന് ഭീഷണിയായി ശാലിനിയാണ് രംഗത്ത്. 12ൽ സുമിതയാണ് സ്വന്ത്രയായി മത്സരിക്കുന്നത്. 13ൽ പ്രകാശനാണ് കോൺഗ്രസ്സിന് വെല്ലുവിളിയായി രംഗത്തുള്ളത്.
നിലവിലെ കോൺഗ്രസ്സ് അംഗം സുമന ജോഷി 15ലാണ് മത്സരിക്കുന്നത്. പത്ത് വർഷമായി പഞ്ചായത്ത് അംഗമാണ് സുമന. നിലവിൽ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. ഇനിയും സുമന കോൺഗ്രസ്സ് പാനലിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച് യു ഡി എഫിന് ഭൂരിപക്ഷം ലഭിച്ചാൽ സുമനയെ പ്രസിഡന്റ് ആക്കേണ്ടിവരും. എന്നാൽ പാർട്ടി നേതൃത്വം പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ടുവെച്ചത് മറ്റൊരു വനിതയെയാണ്. ഇതാണ് സുമനക്ക് സീറ്റ് നിഷേധിച്ചതെന്നാണ് നിഗമനം.
പാർട്ടി തഴഞ്ഞതോടെയാണ് സുമന പത്രിക നൽകി ഗോദയിൽ ഇറങ്ങിയത്. “തങ്ങളാണ് യു ഡി എഫ് സ്ഥാനാർഥികളെന്നും ജയ് യു ഡി എഫ്’ എന്നും പറഞ്ഞാണ് ഇവർ കോൺഗ്രസ്സ് സ്ഥാനാർഥികൾക്ക് വെല്ലുവിളി സൃഷ്ടിച്ച് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.



