National
ഛത്തീസ്ഗഢിൽ 10 നക്സലുകളെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടവരിൽ സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗവും
ഓപ്പറേഷനിൽ കൂടുതൽ നക്സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സംശയിക്കുന്നു.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി | ഛത്തീസ്ഗഢിലെ ഗരിയാബന്ദിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ മുതിർന്ന സിപിഐ (മാവോയിസ്റ്റ്) അംഗം ഉൾപ്പെടെ 10 നക്സലുകൾ കൊല്ലപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം മനോജ് എന്ന മോഡം ബാൽകൃഷ്ണയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി ഗരിയാബന്ദ് എസ്പി നിഖിൽ രാഖേച്ച അറിയിച്ചു.
വ്യാഴാഴ്ചയാണ് സുരക്ഷാ സേനയും നക്സലുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് സ്വാധീനമേഖലകളിൽ നടന്ന ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്നാണ് ഇത്. ഓപ്പറേഷനിൽ കൂടുതൽ നക്സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. മൈൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് റായ്പൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അമ്രേഷ് മിശ്ര പറഞ്ഞു.
സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്), കോബ്ര (സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ ഒരു പ്രത്യേക യൂണിറ്റ്), മറ്റ് സംസ്ഥാന പോലീസ് യൂണിറ്റുകൾ എന്നിവ ഓപ്പറേഷനിൽ പങ്കെടുക്കുന്നുണ്ട്. ഇരുവിഭാഗങ്ങളും തമ്മിൽ ഇടവിട്ടുള്ള വെടിവെപ്പ് ഇപ്പോഴും തുടരുന്നുണ്ടെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നക്സലുകൾക്കെതിരെ സുരക്ഷാ സേന ശക്തമായ നിരവധി ഓപ്പറേഷനുകൾ നടത്തിയിരുന്നു. 2026 മാർച്ച് 31-നകം രാജ്യത്തെ ഇടതുപക്ഷ തീവ്രവാദം പൂർണ്ണമായും ഇല്ലാതാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ സേനയ്ക്ക് ലക്ഷ്യം നൽകിയിരുന്നു.