Kerala
ചിറ്റൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു
ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവില്‍ ചെക്ക്ഡാമിന്റെ ഓവുചാലിലാണ് അരുണ്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

പാലക്കാട്| പാലക്കാട് ചിറ്റൂര്‍ പുഴയിലെ ഷണ്‍മുഖം കോസ് വേയുടെ ഓവിനുള്ളില്‍ കുടുങ്ങിയ രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു. രാമേശ്വരം സ്വദേശി ശ്രീഗൗതം, അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവില്‍ ചെക്ക്ഡാമിന്റെ ഓവുചാലിലാണ് അരുണ്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങി പത്തംഗ വിദ്യാര്‍ത്ഥി സംഘത്തിലെ കോയമ്പത്തൂര്‍ സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ കര്‍പ്പകം കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
ഷണ്മുഖം കോസ് വേയുടെ വശത്തുള്ള ഓവുചാലില്‍ യുവാക്കള്‍ അകപ്പെടുകയായിരുന്നു. യുവാക്കള്‍ കുളിക്കാനാണ് പുഴയിലെത്തിയത്. ഓവിനുള്ളില്‍ അകപ്പെട്ടതോടെ പുറത്തിറങ്ങാന്‍ കഴിയാതെ വരികയായിരുന്നു. മുങ്ങിപ്പോയ രാമേശ്വരം സ്വദേശി ശ്രീഗൗതത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെയ്വേലി സ്വദേശിയാണ് അരുണ്‍.