Connect with us

manipur election

സീറ്റ് പ്രഖ്യാപനം: ബി ജെ പിയിൽ അടി തുടങ്ങി

മണിപ്പൂരിൽ ബി ജെ പി ഓഫീസുകൾ പ്രവർത്തകർ അടിച്ചു തകർത്തു

Published

|

Last Updated

ഗുവാഹത്തി | മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഭരണകക്ഷിയായ ബി ജെ പിയിൽ അടി തുടങ്ങി. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെയും കോലം കത്തിച്ചു. നേതാക്കൾക്കെതിരെ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ നിരത്തിലിറങ്ങി. പ്ലക്കാർഡുകളേന്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. സ്ത്രീകളടക്കമുള്ള പ്രവർത്തകർ പാർട്ടി പതാകകൾ റോഡിൽ കൂട്ടിയിട്ട് കത്തിച്ചു. സംസ്ഥാനത്തെ പലയിടങ്ങളിലെയും ബി ജെ പി ഓഫീസുകൾ പ്രവർത്തകർ തന്നെ അടിച്ചു തകർത്തു. അക്രമാസക്തരായ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇംഫാലിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന കമ്മിറ്റി ഓഫീസിന് മുമ്പിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തി.

സ്ഥാനാർഥി പ്രഖ്യാപനം, പിന്നാലെ രാജി

ആരുമായും സഖ്യത്തിനില്ലെന്നും മുഴുവൻ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നും അറിയിച്ച് ആകെയുള്ള 60 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ നിരവധി നേതാക്കൾ രാജിവെച്ചു. കോൺഗ്രസ്സിൽ നിന്ന് കൂറുമാറി എത്തിയ എം എൽ എമാർക്ക് സീറ്റ് നൽകിയതോടെ അസംതൃപ്തരായ ബി ജെ പി നേതാക്കളാണ് രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ്സ് വിട്ട് ബി ജെ പിയിൽ ചേർന്ന 16 എം എൽ എമാരിൽ പത്ത് പേർക്കും സീറ്റ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പി 21 സീറ്റുകളാണ് നേടിയത്. പക്ഷേ ചെറു പാർട്ടികളുടെയും സ്വതന്ത്ര എം എൽ എമാരുടെയും പിന്തുണയോടെ ഭരണം പിടിക്കുകയായിരുന്നു. അന്ന് ഭരണത്തിലേറാൻ ബി ജെ പിയെ സഹായിച്ച മറ്റു പാർട്ടികളിൽ നിന്നുള്ള എം എൽ എമാരിൽ 19 പേർക്കും ഇത്തവണ സീറ്റ് ലഭിച്ചു. രണ്ട് പേരെ ഒഴിവാക്കുകയും ചെയ്തു.

കോൺഗ്രസ്സ് ടിക്കറ്റിൽ വിജയിച്ച് ബി ജെ പിയിലെത്തിയ നിലവിലെ മുഖ്യമന്ത്രിയായ എൻ ബിരേൻ സിംഗ് തന്റെ പരമ്പരാഗത മണ്ഡലമായ ഹെയിൻഗാംഗിൽ നിന്ന് വീണ്ടും മത്സരിക്കും. കോൺഗ്രസ്സ് നേതാക്കളെ അടർത്തിയെടുക്കുന്നതിന് ചുക്കാൻ പിടിച്ച മന്ത്രി ബിശ്വജിത്ത് സിംഗ് തോംഗ്ജു മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. മുൻ ദേശീയ ഫുട്‌ബോൾ താരം സോമതായ് സെയ്‌സക്കും ബി ജെ പി സീറ്റ് നൽകി. ഉക്രുൽ മണ്ഡലത്തിൽ നിന്നാണ് ഇദ്ദേഹം മത്സരിക്കുക.

മൂന്ന് വനിതകൾ,
ഒരു മുസ്‌ലിം
സ്ഥാനാർഥി പട്ടികയിൽ കേവലം മൂന്ന് വനിതകൾ മാത്രമാണ് ഇടം പിടിച്ചത്. കാംഗ്‌പോക്പി, ചൻഡെൽ, നവോരിയപഖംഗ്‌ലാക്പ സീറ്റുകളിലാണ് വനിതകൾ ജനവിധി തേടുക. ഒരു മുസ്‌ലിം സ്ഥാനാർഥിയുമുണ്ട്. വിരമിച്ച മൂന്ന് ഐ എ എസ് ഉദ്യോഗസ്ഥർക്കും സീറ്റ് നൽകിയിട്ടുണ്ട്.

അതേസമയം, ഇടതു പാർട്ടികളായ സി പി എം, സി പി ഐ, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയവരുമായി സഖ്യമുണ്ടാക്കിയാണ് ഇത്തവണ കോൺഗ്രസ്സ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനതാദളിന്റെ പിന്തുണയും കോൺഗ്രസ്സിനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അസമിൽ സ്വീകരിച്ച പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മതേതര കക്ഷികളുമായുള്ള കോൺഗ്രസ്സ് സഖ്യം.

 

Latest