Travelogue
ഇറാഖിലെ ഋതുഭേദങ്ങൾ
മറ്റു അറബ് നാടുകളിലുള്ളത് പോലെ വിഭവ സമൃദ്ധമല്ല ഇറാഖീ ഭക്ഷണം. രാഷ്ട്രീയ പ്രതിസന്ധി ഭക്ഷണത്തിലും പ്രകടമാണ്. അക്കാര്യം തുടക്കത്തിലേ സഹയാത്രികരെ ഓർമപ്പെടുത്തിയിരുന്നു. ദൃശ്യഭംഗിയോ സുഖ സൗകര്യങ്ങളോ ഇവിടെ ലഭിക്കണമെന്നില്ല. ആത്മീയ അനുഭൂതിയാണ് പ്രധാനം. ഇങ്ങനെയൊരു നാട്ടിലേക്ക് നാം യാത്ര പുറപ്പെട്ടത് പ്രസ്തുത ലക്ഷ്യം മാത്രം മുന്നിൽ കണ്ടാണ്.

നേരം പുലർന്നു. ഇറാഖിലെ രണ്ടാം ദിവസമാണ്. രാത്രിയായതിനാൽ ഇന്നലെ എവിടെയും സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. പുറത്ത് നല്ല തണുപ്പാണ്. പത്ത് ഡിഗ്രിയിൽ താഴെയാണ് താപനില. പക്ഷേ, ഹോട്ടലിനകത്ത് വലിയ പ്രയാസമൊന്നും നേരിട്ടില്ല. ചൂടും തണുപ്പും ക്രമീകരിക്കാനാകുന്ന രൂപത്തിലുള്ളവയാണ് എ സിയും ബാത്റൂമിലെ ടാപ്പുകളും. രണ്ട് ഭാഗത്തേക്കും മിതമായി തിരിച്ചാൽ ഇളം ചൂടുവെള്ളം ലഭിക്കും. പ്രാഥമിക ആവശ്യങ്ങൾക്കും കുളിക്കാനും അത് വലിയ സൗകര്യമായി.
റൂമിനകത്തും ബസിലും സമാന സംവിധാനങ്ങളുണ്ട്. ആവശ്യത്തിനനുസരിച്ച് ചൂടും തണുപ്പും ലഭിക്കും. പക്ഷേ, വെളിയിൽ അതല്ല അവസ്ഥ. കോട്ടും സോക്സുമില്ലാതെ അൽപ്പ സമയം നിന്നാൽ തണുത്തു വിറക്കും. ഇറാഖിലെ കാലാവസ്ഥക്ക് പല ഭാവങ്ങളുണ്ട്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ശൈത്യകാലമാണ്. അല്ലാത്തപ്പോൾ ഉഷ്ണകാലവും. മഞ്ഞുവീഴ്ചയും ചുട്ടുപൊള്ളുന്ന വെയിലും അനുഭവപ്പെടുന്ന ഋതുഭേദങ്ങൾ. അൽ അർശ് എന്നാണ് ഞങ്ങളുടെ ഹോട്ടലിന്റെ പേരെന്ന് സൂചിപ്പിച്ചല്ലോ.
തിരുനബി(സ്വ) സന്താന പരമ്പരയിലെ പ്രധാന കണ്ണിയായ മൂസൽ കാളിം(റ)ന്റെ മഖ്ബറയോട് ചേർന്നു നിൽക്കുന്ന പ്രദേശത്താണ് ഹോട്ടൽ. അദ്ദേഹത്തിന്റെ പേരിലേക്ക് ചേർത്ത് കാളിമിയ്യ എന്നാണ് പ്രദേശം അറിയപ്പെടുന്നത്. അൽ അർശിലെ ഏഴ് നിലകളിൽ ഏറ്റവും മുകളിലാണ് റസ്‌റ്റോറന്റ്. അവിടെ നിന്ന് ഗ്ലാസിന്റെ ജനൽപ്പാളികളിലൂടെ പുറത്തേക്ക് നോക്കിയാൽ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ബഗ്ദാദ് നഗരത്തിന്റെ ഭംഗി ആസ്വദിക്കാം.
വലത് ഭാഗത്ത് അൽപ്പം അകലെയായി നിർമാണത്തിലിരിക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ കാണാം. യുദ്ധാനന്തര ഇറാഖിന്റെ വികസനക്കുതിപ്പിന്റെ അടയാളമായി തലയുയർത്തി നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയം. ഹോട്ടലിന് എതിർവശത്ത് ഒരു പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ഇമാം ഹസൻ(റ)ന്റെ പേരിലുള്ള വിദ്യാലയം.
ഇസ്‌ലാമിക രാജ്യമായതിനാൽ ഇറാഖിൽ മത ഭൗതിക വിദ്യാഭ്യാസമെല്ലാം സ്കൂളുകളിൽ ഒരുമിച്ചാണ് അഭ്യസിപ്പിക്കുന്നത്. 1960കളിൽ അറബ് ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്ന നാടായിരുന്നു ഇറാഖ്. ഇറാൻ, കുവൈത്ത്, അമേരിക്കൻ സഖ്യകക്ഷികൾ എന്നീ രാജ്യങ്ങളുമായുള്ള പതിറ്റാണ്ടുകൾ നീണ്ട യുദ്ധമാണ് ഇവിടുത്തെ വിദ്യാഭ്യാസ സംവിധാനങ്ങളെ ഇവ്വിധം തകർത്തുകളഞ്ഞത്. സഖ്യകക്ഷി അധിനിവേശ കാലത്ത് മൂവായിരത്തോളം സ്കൂളുകൾ ബോംബ് ആക്രമണത്തിൽ ഉപയോഗ ശൂന്യമായി. നിലവിൽ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇറാഖ്.
ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ചു. റൊട്ടിയും ചിക്കൻ കറിയുമാണ് വിഭവം. ജാമും മറ്റു ഇനങ്ങളുമുണ്ട്. മറ്റു അറബ് നാടുകളിലുള്ളത് പോലെ വിഭവ സമൃദ്ധമല്ല ഇറാഖീ ഭക്ഷണം. രാഷ്ട്രീയ പ്രതിസന്ധി ഭക്ഷണത്തിലും പ്രകടമാണ്. അക്കാര്യം തുടക്കത്തിലേ സഹയാത്രികരെ ഓർമപ്പെടുത്തിയിരുന്നു. ദൃശ്യഭംഗിയോ സുഖ സൗകര്യങ്ങളോ ഇവിടെ ലഭിക്കണമെന്നില്ല. ആത്മീയ അനുഭൂതിയാണ് പ്രധാനം. ഇങ്ങനെയൊരു നാട്ടിലേക്ക് നാം യാത്ര പുറപ്പെട്ടത് പ്രസ്തുത ലക്ഷ്യം മാത്രം മുന്നിൽ കണ്ടാണ്.
ഒലീവെണ്ണയാണ് കറിയിൽ ചേർത്തിട്ടുള്ളത്. വെളിച്ചെണ്ണയിൽ നിന്ന് ഒലീവെണ്ണയിലേക്കുള്ള പൊടുന്നനെയുള്ള മാറ്റം പലർക്കും എളുപ്പത്തിൽ ഉൾക്കൊള്ളാൻ സാധിക്കില്ല. രുചിഭേദം തന്നെ കാരണം. എരിവ് തീരേ ഉണ്ടാകില്ല. നമുക്ക് എരിവില്ലായ്മ ഒരു കുറവുമാണ്. ഇറാഖികൾക്ക് സ്വാദിഷ്ഠമെങ്കിലും നമുക്കത് ഇഷ്ടമാകണമെന്നില്ല. തിരിച്ചും അങ്ങനെ തന്നെയായിരിക്കും അവസ്ഥ. കേരളീയ ഭക്ഷണം മാത്രം കഴിച്ച് പരിചയമുള്ളവർക്ക് ഇതര സംസ്ഥാനങ്ങളിലെ ചോറും കറിയും അപ്രിയമാകുന്നത് പോലെ.
വൈവിധ്യങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷിയാണ് യാത്രകൾ നമുക്ക് പകർന്നു നൽകുന്നത്. സഞ്ചരിക്കാത്തവൻ കെട്ടി നിൽക്കുന്ന ജലം പോലെയാണ്. മാറ്റങ്ങളോട് അവന് അനുകൂലമായി പ്രതികരിക്കാൻ സാധിക്കണമെന്നില്ല.
യാത്രികർക്ക് ജീവിതത്തിലെ അവസ്ഥാന്തരങ്ങളെ എളുപ്പം ഉൾക്കൊള്ളാൻ കഴിയും. ആസ്വാദനം മാത്രമല്ല പരീക്ഷണം കൂടിയാണ് യാത്ര. ദുനിയാവിൽ ഒരു യാത്രികനെ പോലെയാവുക എന്ന തിരുവചനം അതാണല്ലോ നമ്മെ പഠിപ്പിക്കുന്നത്.റസ്റ്റോറന്റിനെ കുറിച്ച് ഒരു കാര്യം കൂടി പറയാനുണ്ട്. ഇവിടുത്തെ ജോലിക്കാരിൽ അധികവും ഗുജറാത്തികളാണ്. ഗുജറാത്തി ഭാഷയിലുള്ളതാണ് റസ്റ്റോറന്റിലെ ഫ്ലക്സും. റിസപ്ഷനിലാണ് ഇറാഖീ പൗരന്മാരുള്ളത്. യാത്രയിൽ ഗൈഡിന്റെ കൂടെ ഉണ്ടായിരുന്നത് ഉത്തർ പ്രദേശുകാരനാണ്. പേര് അൻജും അലി. പത്ത് വർഷമായി നജഫിലോ മറ്റോ പഠിക്കുകയാണവൻ. ഇടക്ക് ഇങ്ങനെയുള്ള സേവനവുമുണ്ട്.
പുറത്ത് ബസ് തയ്യാറായി നിൽപ്പുണ്ട്. ഇന്നലെ സംഭവിച്ച പ്രയാസം ഇനി ഉണ്ടാകില്ലെന്ന് ഡ്രൈവർ ഞങ്ങൾക്ക് ഉറപ്പ് തന്നതാണ്. വളരെയധികം സങ്കടം അത് പറയുമ്പോൾ അദ്ദഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. കൃത്യ സമയത്ത് തന്നെ ബസുമായെത്തി ആ വാഗ്ദാനം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണവൻ. മഹാരഥന്മാരുടെ സന്നിധിയിലണയാനുള്ള ആവേശത്തോടെ ഞങ്ങളും വേഗമിറങ്ങി ബസിൽ കയറി. മാതാപിതാക്കളുടെ കരങ്ങൾ കോർത്തു പിടിച്ച് കുഞ്ഞുമക്കൾ ഇമാം ഹസൻ(റ) പ്രാഥമിക മദ്റസയുടെ കവാടം കടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ.