editorial
വെറുപ്പിന്റെ പാഠശാലകളോ?
അധ്യാപികയുടെ ശിരോവസ്ത്രം കാണുമ്പോൾ ഉണ്ടാകാത്ത എന്ത് ഭയമാണാവോ വിദ്യാർഥിനിയുടെ ശിരോവസ്ത്രം കാണുമ്പോൾ ഉണ്ടാകുന്നത്. യൂനിഫോമിറ്റിയല്ല യഥാർഥത്തിൽ സ്‌കൂൾ അധികൃതരെ അലട്ടുന്ന പ്രശ്‌നം, മതവർഗീയതയും ഇസ്‌ലാമോഫോബിയയുമാണ്.

മതേതര, ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കുന്നുവെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിൽ മുസ്‌ലിം വിദ്യാർഥികൾക്ക് അവരുടെ മതചിഹ്നം അണിഞ്ഞ് വിദ്യാലയത്തിൽ പഠിക്കാൻ പറ്റാത്ത അവസ്ഥ. ശിരോവസ്ത്രം അണിഞ്ഞതിന്റെ പേരിൽ സ്‌കൂൾ അധികൃതരിൽ നിന്നും രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നും ഏൽക്കേണ്ടി വന്ന പീഡനങ്ങളെ ചൊല്ലി പള്ളുരുത്തി സെന്റ്റീത്താസ് സ്‌കൂളിലെ പഠനം അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ് മുസ്‌ലിം വിദ്യാർഥിനിക്ക്. സ്‌കൂളിൽ നിന്ന് ടി സി വാങ്ങാൻ തീരുമാനിച്ച വിവരം രക്ഷിതാവാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
ഏത് മതസ്ഥർക്കും തങ്ങളുടെ മാതാചാരങ്ങൾ പാലിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ് എട്ടാം ക്ലാസ്സ് വിദ്യാർഥിനിക്ക് ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പള്ളുരുത്തി സെന്റ്റീത്താസ് സ്‌കൂൾ മാനേജ്‌മെന്റിന്റെയും പ്രധാന അധ്യാപികയുടെയും നടപടി. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം സംഭവത്തെക്കുറിച്ചു അന്വേഷിച്ച എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ശിരോവസ്ത്രമണിഞ്ഞതിന്റെ പേരിൽ വിദ്യാർഥിയെ പുറത്താക്കിയത് ഗുരുതര കൃത്യവിലോപവും വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനവുമാണെന്നും ഭരണഘടന ഉറപ്പ് നൽകുന്ന പൗരന്റെ മതാചാര സ്വാതന്ത്ര്യത്തിനു വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം സമർപ്പിച്ച റിപോർട്ടിൽ പറയുന്നു.
ശിരോവസ്ത്രം, യൂനിഫോം ചട്ടങ്ങൾക്ക് വിരുദ്ധമായത് കൊണ്ടാണ് വിലക്കേർപ്പെടുത്തിയതെന്നാണ് സ്‌കൂൾ അധികൃതരുടെ ഭാഷ്യം. സ്‌കൂൾ നിർദേശിച്ച തരത്തിലും നിറത്തിലും വസ്ത്രം ധരിച്ച ഒരു വിദ്യാർഥിനി തലമറച്ചത് കൊണ്ട് എങ്ങനെയാണ് യുനിഫോമിറ്റി ഇല്ലാതാകുന്നത്. ക്രിസ്ത്യൻ മതം നിഷ്‌കർഷിക്കുന്ന ശിരോവസ്ത്രം അണിഞ്ഞ് മാത്രം സ്‌കൂളിൽ വരുന്ന അധ്യാപികയാണ് മുസ്‌ലിംകുട്ടികളുടെ ശിരോവസ്ത്രത്തിനെതിരെ ഉറഞ്ഞുതുള്ളിയതെന്നതാണ് വിരോധാഭാസം. കുട്ടി ശിരോവസ്ത്രം അണിയുന്നത് ഇതര വിദ്യാർഥികളിൽ ഭയമുണ്ടാക്കുമെന്നായിരുന്നു അധ്യാപികയുടെ ഭീഷണി. അധ്യാപികയുടെ ശിരോവസ്ത്രം കാണുമ്പോൾ ഉണ്ടാകാത്ത എന്ത് ഭയമാണാവോ വിദ്യാർഥിനിയുടെ ശിരോവസ്ത്രം കാണുമ്പോൾ ഉണ്ടാകുന്നത്. യൂനിഫോമിറ്റിയല്ല യഥാർഥത്തിൽ സ്‌കൂൾ അധികൃതരെ അലട്ടുന്ന പ്രശ്‌നം, മതവർഗീയതയും ഇസ്‌ലാമോഫോബിയയുമാണ്.
കർണാടകയിൽ ക്രിസ്ത്യൻ പുരോഹിതർക്ക് പാതിരി വസ്ത്രമണിഞ്ഞ് പുറത്തിറങ്ങാൻ പറ്റുന്നില്ലെന്നും ഇതിനെതിരെ നടപടി വേണമെന്നും മാർ ജോസ് പാംപ്ലാനി പരാതിപ്പെട്ടത് രണ്ട് ദിവസം മുമ്പാണ്. ഛത്തീസ്ഗഢിലും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ക്രൂരഹിംസകളാണ് കന്യാസ്ത്രീകളും ക്രിസ്ത്യൻ പാതിരിമാരും നേരിടുന്നത്. അവിടെ സംഘ്പരിവാർ കാണിക്കുന്ന അതേ വിവചനവും ക്രൂരതയും കേരളത്തിൽ മുസ്‌ലിംകൾക്കെതിരെ പ്രയോഗിക്കുകയാണ് “തിരുവസ്ത്ര’മണിഞ്ഞ ക്രിസ്ത്യൻ അധ്യാപികമാർ.
സമീപകാലത്ത് പല ക്രിസ്ത്യൻ സ്‌കൂളുകളും മുസ്‌ലിം കുട്ടികളുടെ ശിരോവസ്ത്രത്തിനെതിരായ നിലപാട് സ്വീകരിക്കുന്നതിനു പിന്നിൽ തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ “കാസ’യുടെ ഇടപെടലും സമ്മർദവുമുണ്ട്. 2022 ഫെബ്രുവരിയിൽ മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്‌കൂളിലുണ്ടായ ശിരോവസ്ത്ര വിവാദഘട്ടത്തിൽ കാസ ഇക്കാര്യം അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിൽ തുറന്നു പറയുകയുണ്ടായി. “കൈ മറക്കുന്ന, തല മുഴുവൻ മറക്കുന്ന രീതിയിൽ കുട്ടികളെ യു പി സെക്്ഷനിൽ വിടുന്നത് അനുവദിക്കരുതെന്ന് കാസ നിലപാട് പറയുകയും പ്രധാന അധ്യാപിക പ്രസ്തുത നിലപാട് കൃത്യമായി തന്നെ വെള്ള പേപ്പറിൽ എഴുതിത്തരികയും ചെയ്തു.
ധൈര്യശാലിയായ ആ അധ്യാപിക നിലപാടിൽ ഉറച്ചു നിന്നു. മാപ്പ് എഴുതി വാങ്ങിക്കാനും തിരുത്തിപ്പറയിക്കാനും രാഷ്ട്രീയ നേതൃത്വങ്ങൾ മുഴുവൻ കൂടി. പക്ഷേ കാസ പ്രിൻസിപ്പലിന് ശക്തമായ പിന്തുണ നൽകി’. മറ്റു ക്രിസ്ത്യൻ സ്‌കൂളുകളിൽ കുട്ടികൾ ശിരോവസ്ത്രമണിഞ്ഞ് വന്നാൽ മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്‌കൂൾ അധ്യാപിക എടുത്ത അതേ നിലപാട് സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്യുന്നുണ്ട് കാസ ഔദ്യോഗിക ഫേസ്ബുക്കിലൂടെ.
പള്ളുരുത്തി സെന്റ്റീത്താസ് സ്‌കൂളിൽ പീഡനത്തിനിരയായ വിദ്യാർഥിനിയുടെ പിതാവ് വെളിപ്പെടുത്തിയതനുസരിച്ച് പ്രശ്‌നത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് വിദ്യാർഥിനിക്ക് അനുകൂലമായ നിലപാടാണ് ഉണ്ടായത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രസ്താവനകളിലും ഇത് വ്യക്തമാണ്. ശിരോവസ്ത്രമണിഞ്ഞ് സ്‌കൂളിൽ വരാൻ പാടില്ലെന്ന് പറയുന്നത് വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ലംഘനമാണ്. സ്‌കൂളിൽ നിന്ന് കുട്ടി ടി സി വാങ്ങിപ്പോകാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. അതിനു കാരണക്കാരായവർ മറുപടി പറയേണ്ടി വരുമെന്നുമാണ് ഇന്നലെ കോഴിക്കോട്ട് മാധ്യമ ലേഖകരുടെ മുമ്പാകെ മന്ത്രി പറഞ്ഞത്.
സ്ഥലം എം പിയുടെയും ചില രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും നിലപാടാണ് തങ്ങളെ മാനസികമായി തളർത്തുകയും സ്‌കൂൾ വിടാൻ നിർബന്ധിതരാക്കുകയും ചെയ്തതെന്ന് രക്ഷിതാവ് പറയുന്നു. മാധ്യസ്ഥ വേഷം ചമഞ്ഞെത്തിയ എം പി പ്രശ്‌നത്തിൽ വിദ്യാർഥിനിയെയും രക്ഷിതാക്കളെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും സ്‌കൂൾ അധികൃതരുടെ വർഗീയ നിലപാട് അവരിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുകയുമായിരുന്നു. വിദ്യാർഥിനി ശിരോവസ്ത്രമണിഞ്ഞ് വരുന്നത് നാട്ടിൽ സമാധാനം തകർക്കാൻ ഇടയാക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയത്രെ. കടുത്ത സമ്മർദത്തിലൂടെ കുട്ടിയെയും രക്ഷിതാവിനെയും ശിരോവസ്ത്രമണിയാതെ സ്‌കൂളിൽ വരാമെന്ന് സമ്മതിപ്പിച്ച ശേഷം, താൻ ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിച്ചെന്ന പ്രസ്താവനയുമായി രംഗത്തുവരികയും ചെയ്തു എം പി. ഇത്തരമൊരു പക്ഷപാത നിലപാടല്ല ഉത്തരവാദപ്പെട്ട ജനപ്രതിനിധിയിൽ നിന്ന് മുസ്‌ലിം സമൂഹവും മതേതര വിശ്വാസികളും പ്രതീക്ഷിച്ചത്.