Saudi Arabia
ആകാശം കീഴടക്കി സഊദി അറേബ്യ; പുതിയ വിമാന കമ്പനി പ്രഖ്യാപിച്ച് കിരീടാവകാശി
"റിയാദ് എയർലൈൻസ്" എന്നപേരിലാണ് പുതിയ കമ്പനി പ്രഖ്യാപനം. 2030ഓടെ റിയാദില്‍ നിന്ന് 100 ലധികം സെക്ടറുകളിലേക്ക് സര്‍വ്വീസുകൾ ആരംഭിക്കും

റിയാദ്| സഊദിയുടെ വ്യോമയാന മേഖല കുതിച്ചു ചാട്ടത്തിന്‍റെ പാതയിലേക്ക്. വ്യോമഗതാഗത മേഖലയുടെ വികസനത്തിൽ കൂടുതൽ സംഭാവന നൽകുന്നതിനും രാജ്യത്തിന്റെ തന്ത്രപരമായ സ്ഥാനം വർധിപ്പിക്കുന്നതിനും മത്സരശേഷി ഉയർത്തുന്നതിനുമായി “റിയാദ് എയര്‍ലൈന്‍സ്” എന്ന പേരില്‍ പുതിയ വിമാന കമ്പനി സ്ഥാപിക്കുമെന്ന് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന വിമാന കമ്പനി തലസ്ഥാനമായ റിയാദ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുക. രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം വർധിപ്പിക്കുന്നതിനും സഊദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് പുതിയ ദേശീയ വിമാന കമ്പനി സ്ഥാപിക്കുക.
പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസർ ബിൻ ഒത്മാൻ അൽ-റുമയ്യാനെ ഡയറക്ടർ ബോർഡ് ചെയർമാനായും ഗതാഗതം, വ്യോമയാനം, ലോജിസ്റ്റിക്‌സ് മേഖലകളിൽ 40 വർഷത്തിലേറെ പരിചയമുള്ള ടോണി ഡഗ്ലസിനെ സി ഇ ഒ ആയും നിയമിച്ചു.
“റിയാദ് എയർലൈൻസ്” 2030ഓടെ 100ലധികം സെക്ടറുകളിലേക്ക് സര്‍വ്വീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. “റിയാദ് എയറിന്റെ” ആരംഭിക്കുന്നതതോടെ ആഗോള രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയും. രാജ്യാന്തര യാത്രക്കാരുടെ സഞ്ചാരം ആകർഷിക്കുന്നതിനും ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും. ഗതാഗതം, ഷിപ്പിംഗ്, തന്ത്രപ്രധാനമായ ലോജിസ്റ്റിക് സേവനങ്ങൾ എന്നിവയ്ക്കുള്ള ശേഷി വർധിപ്പിക്കുന്നതോടപ്പം തലസ്ഥാനമായ റിയാദ് നഗരം ലോകത്തിലേക്കുള്ള പ്രവേശന കവാടവും ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനവുമായി മാറും.