Kerala
തിരുവനന്തപുരം ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല; പ്രസിഡന്റ് പദവിക്കായി പോരാട്ടം
ഭരണം ആര്‍ക്കെന്ന് തീരുമാനിക്കാന്‍ സ്വതന്ത്രരും ചെറിയ പാര്‍ട്ടികളും നിര്‍ണായകമാകും
തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഭരണമുറപ്പിക്കാന്‍ മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇവിടങ്ങളില്‍ ഭരണം ആര്‍ക്കെന്ന് തീരുമാനിക്കാന്‍ സ്വതന്ത്രരും ചെറിയ പാര്‍ട്ടികളും നിര്‍ണായകമാകും.
അഞ്ചുതെങ്ങ്, കുന്നത്തുകാല്‍ പഞ്ചായത്തില്‍ തുല്യ സീറ്റുകള്‍ നേടിയതോടെ നറുക്കെടുപ്പിലൂടെയാകും വിജയിയെ തീരുമാനിക്കുക. ജില്ലയിലെ പല പഞ്ചായത്തുകളിലും എല്‍ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പമാണ്. അഞ്ചുതെങ്ങ്, കുന്നത്തുകാല്‍ പഞ്ചായത്തുകളില്‍ ഇരു മുന്നണിയും ഏഴു വീതം സീറ്റുകള്‍ നേടി. നറുക്കെടുപ്പിലൂടെയാകും ഇവിടെ പ്രസിഡന്റ് പദവി ലഭിക്കുക. മംഗലപുരത്ത് എല്‍ ഡി എഫ്, യു ഡി എഫ്, ബിജെപി മുന്നണികള്‍ ഏഴ് സീറ്റുകള്‍ വീതം നേടിയതിനാല്‍ ഒരുസ്വതന്ത്രന്റെ നിലപാട് നിര്‍ണായകമാകും. സ്വതന്ത്രനെ പ്രസിഡന്റാക്കി ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഇവിടെ എല്‍ ഡി എഫ്. എന്നാല്‍ സ്വതന്ത്രന്റെ പിന്തുണ വേണ്ടെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍.
ചെമ്മരുതി, വെമ്പായം, തുടങ്ങിയ പഞ്ചായത്തുകളില്‍ ബി എസ് പി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ് ഡി പി ഐ തുടങ്ങിയവരുടെ നിലപാടുകള്‍ ഭരണമാറ്റത്തിന് വഴിയൊരുക്കും. ചെമ്മരുതിയില്‍ എല്‍ ഡി എഫിനും യു ഡിഎഫിനും ഒന്‍പത് സീറ്റുകള്‍ വീതമാണുള്ളത്. എന്‍ ഡി എക്ക് ഒരു സീറ്റുണ്ട്. ഇവിടെ ബി എസ് പി അംഗത്തിന്റെ വോട്ട് വിജയത്തില്‍ നിര്‍ണായകമാകും. പുല്ലംപാറ പഞ്ചായത്തില്‍ എല്‍ ഡി എഫ് 7 യുഡിഎഫ് 7 എന്‍ഡിഎ ഒന്ന്, സ്വതന്ത്രണ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

