Web Special
വിദ്വേഷ പ്രസംഗങ്ങള്‍ മാത്രം കൈമുതലുള്ള സകല്‍ ഹിന്ദു സമാജ്; മഹാരാഷ്ട്രയില്‍ നാമ്പിട്ട വര്‍ഗീയ വിഷച്ചെടി
മുസ്ലിം സമൂഹത്തിനെതിരായ വിദ്വേഷ പ്രചാരണം മാത്രം കൈമുതലാക്കിയ ഒരു സംഘം യാതൊരു തടസ്സവുമില്ലാതെ വിഹരിക്കുന്ന കാഴ്ചകളാണ് മഹാരാഷ്ട്രയിലുള്ളത്.

മഹാരാഷ്ട്രയിലുടനീളം വമ്പന്‍ റാലികള്‍ നടത്തി വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയിരിക്കുകയാണ് സകല്‍ ഹിന്ദു സമാജ്. വി എച്ച് പി, ആര്‍ എസ് എസ്, ദുര്‍ഗവാഹിനി, ബജ്‌റംഗ്ദള്‍ അടക്കമുള്ള വിവിധ തീവ്ര ഹിന്ദുത്വ സംഘടനകളുടെ കൂട്ടായ്മയാണ് ഇത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ മഹാരാഷ്ട്രയിലെ ജില്ലകളിലുടനീളം 50 റാലികളാണ് സകല്‍ ഹിന്ദു സമാജ് നടത്തിയത്. ‘ഹിന്ദുക്കളെ സംരക്ഷിക്കുക’ എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു.
ആറ് മാസം, 50 റാലികൾ, 1825 കേസുകൾ
ഏറ്റവും ഒടുവില്‍ ഈ മാസം 24ന് നാഷികിലെ ഹുതാത്മ ആനന്ദ് കനേരി മൈതാനിയില്‍ ഇവര്‍ റാലി നടത്തിയിരുന്നു. അയ്യായിരത്തോളം പേരാണ് പങ്കെടുത്തത്. വിദ്വേഷ പ്രചാരണം നടത്തുന്ന സുദര്‍ശന്‍ ന്യൂസിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ സുരേഷ് ചാവ്ഹാങ്കെയായിരുന്നു വേദിയിലുണ്ടായിരുന്നത്. 1,825 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് സുരേഷ് പ്രസംഗത്തിനിടെ പറഞ്ഞത്. നാഷികിലെ റാലിക്ക് ശേഷം കേസുകളുടെ എണ്ണം ഇനിയും ഉയരും. പക്ഷേ ഞങ്ങള്‍ ഭയക്കില്ല. ഇത് സവര്‍ക്കറുടെ ഭൂമിയാണെന്നും സുരേഷ് പറഞ്ഞു. കരഘോഷത്തോടെയാണ് സുരേഷിന്റെ പ്രസംഗത്തെ സദസ്സ് വരവേറ്റത്. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തനിടെ, ‘ലൗ ജിഹാദ്’, ‘ഭൂമി ജിഹാദ്’ തുടങ്ങിയ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് പല സൂചനകളും നല്‍കുക മാത്രമല്ല, മുസ്ലിം പുരുഷന്മാരേക്കാള്‍ വിവാഹം ചെയ്യാന്‍ എന്തുകൊണ്ട് ഹിന്ദുക്കള്‍ മികച്ചതാണെന്ന ഉപദേശങ്ങളും സുരേഷ് നല്‍കി. സുരേഷ് ചാവ്ഹാങ്കെക്ക് പുറമെ ബി ജെ പി സസ്‌പെന്‍ഡ് ചെയ്ത എം എല്‍ എയായ ടി രാജാ സിംഗും സകല്‍ ഹിന്ദു സമാജിന്റെ നേതാവാണ്. ഔറംഗാബാദ് ജില്ലയില്‍ നാല് പോലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. ഐ പി സി 153 (കലാപമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം), 153എ (രണ്ട് സംഘങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുക), 34 (ഒരേ ലക്ഷ്യത്തോടെ വിവിധ ആളുകള്‍ ചെയ്യുന്ന ക്രിമിനല്‍ പ്രവര്‍ത്തനം), 505 (പൊതുജനങ്ങള്‍ക്കടിയില്‍ ഭയമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രസ്താവനകള്‍ പ്രചരിപ്പിക്കുക) അടക്കമുള്ളവ പ്രകാരമാണ് കേസ്. ഔറംഗാബാദ് പോലീസ് റാലിക്ക് അനുമതി നല്‍കിയിരുന്നില്ല. ഇത് ലംഘിച്ചാണ് ഇരുപതിനായിരത്തോളം പേരെ അണിനിരത്തി റാലി നടത്തിയത്. റാലിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ പൊതുമുതല്‍ നശിപ്പിച്ചതും കലാപമുണ്ടാക്കിയതുമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
‘ലൗജിഹാദ്’ ഗുഢാലോചന ഇപ്പോള്‍ തന്നെ അവസാനിപ്പിക്കാന്‍ എല്ലാ വഞ്ചകന്‍മാരോടും പറയുകയാണ്. അല്ലെങ്കില്‍, നൂറ് കോടിയുള്ള ഹിന്ദുക്കള്‍ ഞങ്ങളുടെ ജിഹാദ് ചെയ്യുകയാണെങ്കില്‍ വിവാഹം കഴിക്കാന്‍ പോലും നിങ്ങള്‍ക്ക് പെണ്‍കുട്ടികളെ ലഭിക്കില്ല- എന്നായിരുന്നു ടി രാജ സിംഗിന്റെ വിദ്വേഷ പ്രസംഗം. ഹൈദരാബാദിലെ ഗോഷമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് രാജ. പ്രവാചകനെതിരായ മോശം പരാമര്‍ശത്തെ തുടര്‍ന്ന് 2022 ആഗസ്റ്റില്‍ ഇയാളെ ബി ജെ പി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഔറംഗാബാദിലെ റാലിയില്‍ നിരവധി ബി ജെ പി, ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം) എം എല്‍ എമാരും നേതാക്കളും പങ്കെടുത്തിരുന്നു. അഹ്മദ്‌നഗര്‍, നന്ദേഡ്, നാഷിക്, ധുലെ, പിംപ്രി ചിഞ്ച്വാദ്, പഠാന്‍, നവി മുംബൈ എന്നിവിടങ്ങളിലും സകല്‍ ഹിന്ദു സമാജ് റാലി നടത്തുകയും എല്ലായിടത്തും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തിട്ടുണ്ട്.
ഒറ്റ നേതാവോ കമ്മിറ്റിയോ ഇല്ല, പോലീസിന് നിരീക്ഷിക്കാനുമാകില്ല
സൈബര്‍ ഇടങ്ങളില്‍ സകല്‍ ഹിന്ദു സമാജിന്റെ പരിപാടികളുടെ ഫോട്ടോകളും വീഡിയോകളുമല്ലാതെ കൂടുതല്‍ വിവരങ്ങളില്ല. സാമൂഹിക മാധ്യമങ്ങളിലും സ്ഥിതി സമാനം. അതേസമയം, 2022 ജൂണില്‍ രാജസ്ഥാനിലെ അജ്മീറില്‍ ഈ സംഘം റാലി സംഘടിപ്പിച്ച വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണാം. ഹിന്ദു സംസ്‌കാരത്തെയും ദേവിയെയും അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു റാലി. വി എച്ച് പി, ബജ്‌റംഗ്ദള്‍, ഹിന്ദു ജന്‍ജാഗ്രുതി സമിതി, വിശ്വ ശ്രീറാം സേന, ശ്രീറാം പ്രതിഷ്ഠന്‍ ഹിന്ദുസ്ഥാന്‍, ദുര്‍ഗവാഹിനി, സനാതന്‍ സന്‍സ്ത തുടങ്ങിയ സമാന മനസ്‌കതയുള്ള സംഘടനകളുടെ കൂട്ടായ്മയാണിത്. ഒറ്റ നേതാവോ കമ്മിറ്റിയോ ഇതിനില്ല. അതിനാൽ, ഇവരുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ പോലീസിനും മറ്റ് നിയപാലകര്‍ക്കും സാധിക്കുകയുമില്ല. സകല്‍ ഹിന്ദു എന്ന പേരിന്റെ ഉത്ഭവവും വ്യക്തമല്ല. ഹിന്ദുത്വയുടെ പിതാവെന്ന് അറിയപ്പെടുന്ന വി ഡി സവര്‍കറുടെ കവിതയില്‍ നിന്നാണ് പേര് സ്വീകരിച്ചതെന്നാണ് സൂചന. 1922ല്‍ സവര്‍കറെ രത്‌നഗിരി ജയിലില്‍ അടച്ച വേളയില്‍, തുമി ആമി സകല്‍ ഹിന്ദു, ബന്ധു ബന്ധു എന്ന പദ്യം എഴുതിയിരുന്നു. എല്ലാ ഹിന്ദുക്കളുടെയും രക്തം ഒന്നാണെന്നും ജാതി വ്യത്യാസങ്ങള്‍ക്കപ്പുറം അവര്‍ ഒന്നിക്കണമെന്നുമാണ് സവര്‍കര്‍ എന്നും പറഞ്ഞിരുന്നത്.
സുരേഷ് ചാവ്ഹാങ്കെക്കും ടി രാജ സിംഗിനും പുറമെ ഹിന്ദുത്വ നേതാവ് കാളിചരണ്‍ മഹാരാജ് എന്ന അഭിജീത് ധനഞ്ജയ് സരാഗും നിരവധി റാലികളുടെ മുന്നണിയിലുണ്ടായിരുന്നു. ഫെബ്രുവരി ഒമ്പതിന് ബാരാമതിയില്‍ നടത്തിയ റാലിയില്‍ കാളിചരണ്‍ വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തു. മഹാത്മാ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ 2022ല്‍ ഛത്തീസ്ഗഢ് പോലീസ് കാളിചരണിനെ അറസ്റ്റ് ചെയ്തിരുന്നു. എട്ടാം ക്ലാസില്‍ പഠനം മതിയാക്കിയ കാളിചരണ്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവവുമാണ്. യുട്യൂബില്‍ തീവ്ര ഹിന്ദുത്വ വാദവുമായി രംഗത്തുവരുന്ന കാജല്‍ ഷിംഗ്ലയും സകല്‍ സമാജിന്റെ വേദിയിലെ പ്രഭാഷകയാണ്. കാല്‍ ഹിന്ദുസ്ഥാനി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. മുംബൈക്കടുത്ത മീര ഭയന്ദേറില്‍ മാര്‍ച്ച് 13ന് നടത്തിയ റാലിയില്‍, മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് കാജല്‍ ആവശ്യപ്പെട്ടിരുന്നു.
ടി രാജ സിംഗ്
കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷവും നിശ്ശബ്ദം
ശിവസേന പിളര്‍ത്തി മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിക്ക് ഭരണം നഷ്ടമാകാനിടയായ സംഭവവികാസങ്ങള്‍ക്ക് ശേഷമാണ് സകല്‍ ഹിന്ദു സമാജ് വന്‍തോതില്‍ റാലികളുമായി എത്തിയത്. ഉദ്ധവ് താക്കറെക്ക് ഭരണം നഷ്ടപ്പെട്ടതിന് ശേഷം ബി ജെ പിയും ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയുമാണ് പകരം വന്നത്. ഈ രണ്ട് കക്ഷികളും സകല്‍ ഹിന്ദു സമാജിന്റെ വിദ്വേഷ പ്രസംഗം റാലികളുടെ ഫലം കൊയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, എന്‍ സി പി, ഉദ്ധവ് താക്കറെയുടെ ശിവസേന എന്നിവ പോലും ഇവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. രാഷ്ട്രീയ രക്ഷാകര്‍ത്തക്കളില്ലാതെ ഇങ്ങനെ വമ്പന്‍ റാലികള്‍ നടത്താന്‍ സാധിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബി ജെ പി- ഷിന്‍ഡെ ഭരണകൂടം വന്നതിന് ശേഷമാണ് റാലികള്‍ വര്‍ധിച്ചത്. അതേസമയം, കോണ്‍ഗ്രസും എന്‍ സി പിയും സംഭാജി ഭിഡെ പോലുള്ള തീവ്ര ഹിന്ദുത്വ വാദികളെ നട്ടുവളര്‍ത്തിയതും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സാംഗ്ലിയില്‍ നിന്നുള്ള ആര്‍ എസ് എസ് അംഗമായിരുന്നു ഭിഡെ. തുടര്‍ന്ന് ആര്‍ എസ് എസ് വിടുകയും ശിവ പ്രതിഷ്ഠന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടന രൂപവത്കരിക്കുകയും ചെയ്തു. 2018ല്‍ ഭിമ കൊറെഗാവിലെ ദളിതുകള്‍ക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
സകല്‍ ഹിന്ദു സമാജിന് ആധികാരികത നല്‍കുന്ന നിലപാടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മാര്‍ച്ച് 24ന് നിയമസഭയില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ പ്രസ്താവന ഇതിന്റെ സൂചനയാണ്. വിവാഹത്തിന്റെ പേരില്‍ ബലംപ്രയോഗിച്ചുള്ള മതപരിവര്‍ത്തനത്തിനെതിരെ നിയമമുണ്ടാക്കുന്നത് പരിശോധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. യു പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചെയ്തതിന് സമാനമായ നിയമമാണ് മഹാരാഷ്ട്രയും പരിഗണിക്കുന്നത്. സകല്‍ ഹിന്ദു സമാജ് നടത്തുന്ന റാലികളെ കുറിച്ചും ഫഡ്‌നാവിസ് പറഞ്ഞിരുന്നു. അമ്പതിനായിരത്തോളം പേര്‍ പങ്കെടുത്ത നാല്‍പ്പതോളം റാലികളാണ് ഇവര്‍ നടത്തിയതെന്നും വര്‍ധിച്ചുവരുന്ന ‘ലൗ ജിഹാദ്’ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിയമം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതായും ഫഡ്‌നാവിസ് എടുത്തുപറഞ്ഞു. സമൂഹത്തില്‍ നിന്നുള്ള ഒരു ആവശ്യമാണ് ഇതെന്നും അതിനാല്‍ അംഗീകരിക്കേണ്ടതുണ്ടെന്നും ഫഡ്‌നാവിസ് അടിവരയിടുന്നു.
ചുരുക്കത്തില്‍, മുസ്ലിം സമൂഹത്തിനെതിരായ വിദ്വേഷ പ്രചാരണം മാത്രം കൈമുതലാക്കിയ ഒരു സംഘം യാതൊരു തടസ്സവുമില്ലാതെ വിഹരിക്കുന്ന കാഴ്ചകളാണ് മഹാരാഷ്ട്രയിലുള്ളത്. വിദ്വേഷ പ്രസംഗത്തിനെതിരെ സുപ്രീം കോടതി പല പ്രാവശ്യം കര്‍ശന നിര്‍ദേശം നല്‍കിയിട്ടും പോലീസിനെയും നിയമപാലകരെയും നോക്കുകുത്തികളാക്കി സമൂഹത്തില്‍ ഛിദ്രതയും ശത്രുതയും വിതച്ച് വിഷക്കനികള്‍ ഭക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ് ഇവര്‍.