Local Body Election 2020
നാല് പതിറ്റാണ്ടിന്റെ മത്സര ഓര്‍മയില്‍ സൈദു ഹാജി
ഫ്ലക്‌സ് ബോര്‍ഡുകളോ കലാശക്കൊട്ടോ ഇല്ല. ജീപ്പില്‍ കാളംകെട്ടി പകലന്തിയോളം പാട്ടും പ്രചാരണവും ഉണ്ടാകും.
തിരൂരങ്ങാടി | വര്‍ഷം 40 കഴിഞ്ഞെങ്കിലും അരീക്കന്‍ സൈദു ഹാജിയുടെ ഓര്‍മയിലെ നൂല് നെയ്ത ചര്‍ക്ക ചിഹ്നവും മത്സരച്ചൂടും മാറിയിട്ടില്ല. 1984ലാണ് എ ആര്‍ നഗര്‍ പഞ്ചായത്തിലെ കുന്നുംപുറം കൊടക്കല്ല് സ്വദശിയായ സൈദു ഹാജി (67) തന്റെ 26-ാം വയസില്‍ കുന്നുംപുറം വാര്‍ഡിലാണ് ഇടതുമുന്നണിയുടെ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി ചര്‍ക്ക ചിഹ്നത്തില്‍ മത്സരിക്കുന്നത്. കുന്നുംപുറം ഗവ. ആശുപത്രി പരിസരം മുതല്‍ കൊടക്കല്ല്, ഊക്കത്ത്, കക്കാടംപുറം, കുറ്റൂര്‍ നോര്‍ത്ത്, നിലപറമ്പ് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു ഈ വാര്‍ഡ്. ഇന്ന് മൂന്ന് വാര്‍ഡുകളായി വിഭജിക്കപ്പെട്ടു. മുസ്‌ലിം ലീഗിലെ കെ കെ മൂസയും കോണ്‍ഗ്രസ്സിലെ സി മൂസ ഹാജിയും ഇപ്പോള്‍ മൈനോറിറ്റി കോണ്‍ഗ്രസ്സ് ജില്ലാ ജന. സെക്രട്ടറിയായ കരീം കാമ്പ്രന്‍ അടക്കം അഞ്ച് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ഫ്ലക്‌സ് ബോര്‍ഡുകളോ കലാശക്കൊട്ടോ ഇല്ല. ജീപ്പില്‍ കാളംകെട്ടി പകലന്തിയോളം പാട്ടും പ്രചാരണവും ഉണ്ടാകും. സി പി ഐയുടെ മുതിര്‍ന്ന നേതാവായിരുന്ന കോളാടി ഗോവിന്ദന്‍ കുട്ടിയായിരുന്നു പാട്ട് രചിച്ചതും പാടിയതും. പ്രസ്തുത പാട്ട് ശ്രോ താക്കള്‍ക്ക് ആ വേശമായിരുന്നു. ഇന്നും ആ പാട്ട് നാട്ടുകാരുടെ മനസ്സിലുണ്ട്. വീടുകളില്‍ കയറി വോട്ട് ചോദിക്കലാണ് പ്രധാന പ്രചാരണം. സൗഹൃദപരമായിരുന്നു മത്സരം. പ്രചാരണ മധ്യേ ചായപ്പീടികയില്‍ സ്ഥാനാര്‍ഥികള്‍ ഒത്തുകൂടി സൗഹൃദം പങ്കുവെക്കും. പില്‍കാലത്ത് എ ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന കെ കെ മൂസയാണ് ഈ മത്സരത്തില്‍ വിജയിച്ചത്. ഇദ്ദേഹവും സി മൂസ ഹാജിയും വിടപറഞ്ഞു.
കുന്നുംപുറം ടൗണ്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റായും കൊടക്കല്ല് കേരള മുസ്‌ലിം ജമാഅത്ത് ഭാരവാഹിയായും കുന്നുംപുറം പൊട്ടിച്ചിന മഹല്ല് കമ്മിറ്റി ഭാരവാഹിയായും സൈദു ഹാജി ഇന്നും പൊതുരംഗത്ത് സജീവമാണ്. എത്ര ചൂടുള്ള മത്സരമാണെങ്കിലും സൗഹൃദവും സ്‌നേഹവും പുതിയ കാലത്തും തിരഞ്ഞെടുപ്പ് ഓര്‍മകളായി നിലനില്‍ക്കട്ടെ എന്നാണ് സൈദു ഹാജിക്ക് പറയാനുള്ളത്.



