Kerala
അനീഷ്യയുടെ മരണം: തൊണ്ടിമുതലായ ഐഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് ഗുജറാത്തിലേക്ക് അയക്കും
ഇതിനായി 19,004 രൂപ ചെലവാക്കാന്‍ ക്രൈം ബ്രാഞ്ചിന് ആഭ്യന്തര വകുപ്പിന്റെ അനുമതി.

തിരുവനന്തപുരം | അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യ ആത്മഹത്യ ചെയ്ത കേസിലെ പ്രധാന തൊണ്ടി മുതലായ ഐഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നു. ഫോണ്‍ ഗുജറാത്തിലെ ലാബിലേക്ക് അയച്ചാണ് പരിശോധന നടത്തുക. ഐഫോണ്‍ പരിശോധനക്കുള്ള സാങ്കേതിക സംവിധാനം സംസ്ഥാന ഫോറന്‍സിക് ലാബില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ഗുജറാത്ത് ലാബിലേക്ക് അയക്കുന്നത്. ഇതിനായി 19,004 രൂപ ചെലവാക്കാന്‍ ക്രൈം ബ്രാഞ്ചിന് ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചു.
സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം മൂലമാണ് കൊല്ലം പരവൂര്‍ കോടതിയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. 2024 ജനുവരി 21ന് പരവൂര്‍ നെടുങ്ങോലത്തെ വീട്ടിലെ കുളിമുറിയിലാണ് അനീഷ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അബ്ദുല്‍ റഹിം, പ്രോസിക്യൂട്ടറായ ശ്യാം കൃഷ്ണ എന്നിവരാണ് കേസിലെ പ്രതികള്‍. അനീഷ്യക്കെതിരെ നിരന്തര പ്രചാരണം നടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. മീറ്റുകളില്‍ കുറ്റപ്പെടുത്തലുകളുണ്ടായെന്ന് ആത്മഹത്യാക്കുറിപ്പില്‍ അനീഷ്യ വ്യക്തമാക്കിയിരുന്നു. മരിക്കുന്നതിന് തലേ ദിവസം ശ്യാം കൃഷ്ണ ഐഫോണില്‍ അനീഷ്യയുടെ ഓഫീസ് അടഞ്ഞുകിടക്കുന്നതിന്റെ ചിത്രവും ശബ്ദ സന്ദേശങ്ങളും മറ്റ് ചിലര്‍ക്ക് അയച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇവ വീണ്ടെടുക്കാനാണ് ഐഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്.