Connect with us

Editorial

റഷ്യ- യുക്രൈന്‍ യുദ്ധവിരാമം സാധ്യമാണ്‌

യുക്രൈനെ മണിക്കൂറുകള്‍ കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കാമെന്ന് കരുതിയ പുടിനും നാറ്റോ, പാശ്ചാത്യ പിന്തുണ നിരുപാധികം വന്നുകൊണ്ടിരിക്കുമെന്ന് ധരിച്ച സെലന്‍സ്‌കിയും നിരാശയിലാണിപ്പോള്‍. യുദ്ധവിരാമം ഇരുപക്ഷവും തേടുന്നു. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെങ്കില്‍ സമാധാനം സാധ്യമാകുന്ന സാഹചര്യമുണ്ടെന്ന് ചുരുക്കം.

Published

|

Last Updated

മേയ് എട്ട് മുതല്‍ പത്ത് വരെ സമ്പൂര്‍ണ വെടിനിര്‍ത്തലിന് റഷ്യ തയ്യാറായി എന്നത് യുക്രൈന്‍ അധിനിവേശത്തിന് അറുതിയാകുമെന്ന പ്രതീക്ഷ പകരുന്ന വാര്‍ത്തയാണ്. മൂന്ന് ദിവസത്തേക്കാണെങ്കിലും ഈ യുദ്ധവിരാമത്തിന് ഏറെ പ്രാധാന്യമുണ്ട്. അമേരിക്കയുടെ മുന്‍കൈയില്‍ നടക്കുന്ന നയതന്ത്ര ചര്‍ച്ചകളുമായി ചേര്‍ത്ത് വായിക്കുമ്പോഴാണ് റഷ്യയുടെ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നല്ല ഭാവിയിലേക്കുള്ള ചൂണ്ടുവിരലാകുന്നത്. നാസി ജര്‍മനിക്കെതിരെ റഷ്യ നേടിയ വിജയത്തിന്റെ അനുസ്മരണ ദിനങ്ങളുടെ ഭാഗമാണ് ഈ വെടിനിര്‍ത്തലെന്ന് റഷ്യന്‍ അധികൃതര്‍ വിശദീകരിക്കുന്നു. മേയ് എട്ടിന് അര്‍ധരാത്രി വെടിനിര്‍ത്തല്‍ ആരംഭിച്ച് മേയ് 10 വരെ നീണ്ടുനില്‍ക്കും. ഒമ്പതിന് വിജയദിനമായി ആചരിക്കുന്നതിനാല്‍ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സൈനിക നീക്കം പൂര്‍ണമായി അവസാനിപ്പിക്കാന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉത്തരവിടുകയായിരുന്നുവത്രേ.
ഈ മാസം 19നും 20നുമിടയില്‍ 30 മണിക്കൂര്‍ ഈസ്റ്റര്‍ വെടിനിര്‍ത്തലിന് നേരത്തേ റഷ്യ തയ്യാറായിരുന്നു. ഈ വെടിനിര്‍ത്തല്‍ ഇരുപക്ഷവും അംഗീകരിച്ചെങ്കിലും പ്രാവര്‍ത്തികമായില്ലെന്നതാണ് അനുഭവം. വെടിനിര്‍ത്തല്‍ ലംഘനത്തില്‍ ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടാകുകയും ചെയ്തു. ഇത്തവണത്തെ വെടിനിര്‍ത്തലിനോട് യുക്രൈന്‍ അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ക്രംലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. റഷ്യ യഥാര്‍ഥത്തില്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തങ്ങളും അതേ നിലയില്‍ പ്രതികരിക്കുമെന്നാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹയുടെ മറുപടി. നീണ്ടുനില്‍ക്കുന്നതും പാലിക്കപ്പെടുന്നതുമായ സമ്പൂര്‍ണ വെടിനിര്‍ത്തലിന് യുക്രൈന്‍ ഒരുക്കമാണ്. അതിന് മേയ് എട്ട് വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ വേണമെങ്കിലുമാകാം. വെടിനിര്‍ത്തല്‍ പൊള്ളയായ വാഗ്ദാനമായി അധഃപതിക്കരുതെന്നും യുക്രൈന്‍ മന്ത്രി പറയുന്നു. മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഇപ്പറഞ്ഞതില്‍ കഴമ്പുണ്ട്.

വിജയദിനത്തിന്റെ പശ്ചാത്തലമൊക്കെ പുറമേ പറയുന്നതാണെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദത്തിലാണ് പുടിന്റെ പുതിയ വെടിനിര്‍ത്തല്‍ പ്രഖ്യാപനമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ വന്ന പ്രസിഡന്റാണ് താനെന്ന് വീമ്പ് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപിന് യുക്രൈന്‍- റഷ്യ സംഘര്‍ഷം ബാലികേറാമലയാണെന്ന് പ്രസിഡന്റ്പദത്തിലേറി നൂറ് ദിനം തികയുമ്പോള്‍ ബോധ്യപ്പെട്ടു കാണും. 24 മണിക്കൂറിനകം പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്. അമേരിക്കയുടെ നേതൃത്വത്തില്‍ നിലനില്‍ക്കുന്ന നാറ്റോയുടെയും സ്വാഭാവിക സഖ്യ ശക്തികളായ യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയില്‍ പിടിച്ചു നില്‍ക്കുന്ന യുക്രൈനെ കൈയൊഴിയുകയും റഷ്യയുടെ ഇംഗിതത്തിന് വഴങ്ങുകയും ചെയ്യുകയെന്ന ലളിത യുക്തിയാണ് ട്രംപിനുണ്ടായിരുന്നത്.
നാറ്റോയില്‍ നിന്ന് പിന്‍വാങ്ങിയും യൂറോപ്യൻ യൂനിയനുമായി ഇടഞ്ഞും വിചിത്രമായ ചുവടുവെപ്പുകളിലേക്ക് നീങ്ങിയ ട്രംപ് കരുതിയത് യുക്രൈന് മേല്‍ സമ്മര്‍ദം ചെലുത്തി യുദ്ധം അവസാനിപ്പിക്കാമെന്നായിരുന്നു. വൈറ്റ് ഹൗസില്‍ വിളിച്ചു വരുത്തി യുക്രൈന്‍ പ്രസിഡന്റ് വൊളോദമിര്‍ സെലന്‍സ്‌കിയെ അപമാനിച്ചതും ഭീഷണിപ്പെടുത്തിയതും ഈ ലക്ഷ്യത്തിലായിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി നിര്‍ണായകമായ ധാതു ഖനന കരാറിന് യുക്രൈന്‍ വഴങ്ങണമെന്ന തീട്ടൂരവും ട്രംപിറക്കി. ആദ്യം ചെറുത്തുനിന്നെങ്കിലും മറ്റ് വഴികളില്ലാതെ ധാതു കരാറിന് സെലന്‍സ്‌കി സമ്മതം മൂളി. പക്ഷേ, ക്രീമിയ അടക്കം റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങളിലുള്ള അവകാശം യുക്രൈന്‍ എന്നെന്നേക്കുമായി അടിയറവ് വെക്കണമെന്ന നിര്‍ദേശത്തില്‍ തട്ടി ചര്‍ച്ചകള്‍ വഴിമുട്ടി. അത് നടക്കില്ലെന്ന് യുക്രൈന്‍ ശക്തമായ നിലപാടെടുത്തു. വഴങ്ങേണ്ടെന്ന സന്ദേശം ഇ യു നല്‍കുകയും ചെയ്തു.

ക്രീമിയ, ഡൊണട്‌സ്‌ക്, ലുഹാന്‍സ്‌ക്, സപോറിഷ്യാ എന്നിവ റഷ്യയുടെ ഭാഗമായി പ്രഖ്യാപിക്കാതെ ഒരു ചര്‍ച്ചയുമില്ലെന്ന നിലപാടില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും ഉറച്ച് നിന്നു. യുക്രൈന് നാറ്റോ അംഗത്വം നല്‍കരുത്, പാശ്ചാത്യ ആയുധ സഹായം നിര്‍ത്തണം തുടങ്ങിയ ഡിമാന്‍ഡുകളും പുടിന്‍ മുന്നോട്ടുവെച്ചു. ഇതോടെ അത്ര എളുപ്പമുള്ള ദൗത്യത്തിലല്ല താന്‍ ഏര്‍പ്പെട്ടതെന്ന കാര്യം ട്രംപിന് ബോധ്യപ്പെട്ടു. ഒരിക്കലുമില്ലാത്ത വിധം റഷ്യന്‍ ആക്രമണം രൂക്ഷമാകുന്നതാണ് പിന്നീട് കണ്ടത്. ഇതോടെ ട്രംപ് അസ്വസ്ഥനായി. ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന കടുത്ത നിലപാടിലേക്ക് പ്രസിഡന്റിന് നീങ്ങേണ്ടി വരുമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക് റൂബിയോ ഭീഷണി മുഴക്കി. ഇതോടെയാണ് മൂന്ന് ദിന വെടിനിര്‍ത്തലിന് പുടിന്‍ തയ്യാറായതെന്നാണ് റിപോര്‍ട്ട്. അങ്ങനെയെങ്കില്‍ ഇത് ശരിയായ സൂചനയാണ്.

യുദ്ധം തുടങ്ങാനെളുപ്പമാണ്. അവസാനിപ്പിക്കാനാണ് പാട്. ഏറ്റുമുട്ടല്‍ വിനാശകരമാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകില്ല. യുക്രൈനെ മണിക്കൂറുകള്‍ കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കാമെന്ന് കരുതിയ പുടിനും നാറ്റോ, പാശ്ചാത്യ പിന്തുണ നിരുപാധികം വന്നുകൊണ്ടിരിക്കുമെന്ന് ധരിച്ച സെലന്‍സ്‌കിയും നിരാശയിലാണിപ്പോള്‍. യുദ്ധവിരാമം ഇരുപക്ഷവും തേടുന്നു. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെങ്കില്‍ സമാധാനം സാധ്യമാകുന്ന സാഹചര്യമുണ്ടെന്ന് ചുരുക്കം. റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തില്‍ കൂടുതല്‍ വിട്ടുവീഴ്ചക്ക് സന്നദ്ധമാകേണ്ടത് റഷ്യ തന്നെയാണ്. കാരണം, റഷ്യയാണ് അധിനിവേശ രാഷ്ട്രം. എന്തൊക്കെ കാരണങ്ങളുണ്ടെങ്കിലും അതിര്‍ത്തികള്‍ അപ്രസക്തമാക്കി കടന്നു കയറാന്‍ ആര്‍ക്കും അധികാരമില്ല. ദേശരാഷ്ട്രങ്ങളുടെ നിലനില്‍പ്പ് അതിര്‍ത്തികള്‍ മാനിക്കുന്നതിലാണ്. അതുകൊണ്ട് പിടിച്ചടക്കിയ പ്രദേശങ്ങളുടെ കാര്യത്തില്‍ റഷ്യയെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കാതെ ഉത്തരവിട്ടും ഭീഷണിപ്പെടുത്തിയും യുദ്ധം നിര്‍ത്തിക്കാനാണ് ട്രംപിന്റെ പുറപ്പാടെങ്കില്‍ അത് വൃഥാവിലാകുകയേ ഉള്ളൂ. റഷ്യക്കെതിരായ നിഴല്‍ യുദ്ധത്തിന് യുക്രൈന്‍ മണ്ണ് ഉപയോഗിക്കുകയെന്ന തീക്കളി പാശ്ചാത്യര്‍ ഉപേക്ഷിക്കണം. വെടിനിര്‍ത്തല്‍ ദിനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ ഊര്‍ജിതമാകുമെന്ന് പ്രതീക്ഷിക്കാം.

Latest