Uae
അബൂദബിയിൽ റോബോ ടാക്‌സി പരീക്ഷണം ആരംഭിച്ചു
ദുബൈയിൽ അടുത്ത വർഷം സ്വയം ഡ്രൈവിംഗ് ഇലക്ട്രിക് ടാക്‌സികൾ നിരത്തിലിറങ്ങും

അബൂദബി|അബൂദബിയിൽ ഡ്രൈവറില്ലാ ടാക്‌സികൾ പരീക്ഷണം ആരംഭിച്ചു. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന വീറൈഡ് ആണ് മിഡിൽ ഈസ്റ്റിൽ ആദ്യമായി പൂർണമായും ഡ്രൈവർ ഇല്ലാത്ത റോബോ ടാക്‌സി പരീക്ഷണം ആരംഭിച്ചത്. പരീക്ഷണത്തെ തുടർന്ന് ഡ്രൈവർമാരില്ലാതെ പൊതു റോഡുകളിൽ റോബോ ടാക്‌സികൾ പുറത്തിറങ്ങും. 2025 രണ്ടാം പടത്തിൽ റെഗുലേറ്ററി അനുമതികൾക്ക് വിധേയമായി അൽ മറിയ, അൽ റീം ദ്വീപ് എന്നിവിടങ്ങളിലേക്ക് സേവന വിപുലീകരണം നടത്തും.
2021 മുതൽ യാസ് ദ്വീപ്, സാദിയാത് ദ്വീപ് എന്നിവിടങ്ങളിൽ നിന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വീറൈഡിന്റെ റോബോ ടാക്‌സി ശൃംഖല പ്രവർത്തിക്കുന്നുണ്ട്. 2024 ഡിസംബറിൽ യൂബറുമായി സഹകരിച്ച് അബൂദബിയിൽ റോബോ ടാക്‌സി റൈഡ്-ഹെയ്്ലിംഗ് സേവനം ആരംഭിച്ചു. ഇത് യു എസിനും ചൈനയ്ക്കും പുറത്തുള്ള ഏറ്റവും വലിയ വാണിജ്യ പ്രവർത്തനമാണ്.
അൽ മറിയ, അൽ റീം ദ്വീപുകളിലേക്ക് വാണിജ്യ സേവനങ്ങൾ വിപുലീകരിക്കുന്നതോടൊപ്പം, മിഡിൽ ഈസ്റ്റിലെ കൂടുതൽ ഉപയോക്താക്കൾക്ക് സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകൾ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വീറൈഡിന്റെ സിഎഫ്ഒയും ഇന്റർനാഷണൽ ബിസിനസ് തലവനുമായ ജെന്നിഫർ ലി പറഞ്ഞു. ദുബൈയിൽ, 2026-ന്റെ ആദ്യ പാദത്തിൽ സ്വയംഡ്രൈവിംഗ് ഇലക്ട്രിക് ടാക്‌സികൾ ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.