Kerala
സ്പീക്കറെ അപമാനിച്ചെന്ന്; നിയമസഭയിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ഇ- ഓഫീസ് ലോഗിന്‍ അനുവദിച്ചത് ചോദ്യം ചെയ്തവര്‍ക്കെതിരെയാണ് നടപടി

തിരുവനന്തപുരം | നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെ അപമാനിച്ചെന്ന് ആരോപിച്ച് നിയമസഭയിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാര്‍ക്ക് ഇ- ഓഫീസ് ലോഗിന്‍ അനുവദിച്ചത് ചോദ്യം ചെയ്തവര്‍ക്കെതിരെയാണ് നടപടി. സെക്ഷന്‍ ഓഫീസര്‍ ശ്രീപ്രിയ, അസിസ്റ്റന്റ് സെഷന്‍ ഓഫീസര്‍ വിവേക് എസ്, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റുമാരായ രോഹിണി ജെ എസ്, സഫീര്‍ കെ, അരവിന്ദ് ജി പി നായര്‍, വിഷ്ണു എം എം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കൂടിക്കാഴ്ചക്ക് ശേഷം വാട്സാപ്പ് ഗ്രൂപ്പില്‍ ഇട്ട പ്രതികരണമാണ് സ്പീക്കറെ ചൊടിപ്പിച്ചത്. സെക്ഷന്‍ വിഭാഗത്തിലെ ഇരുന്നൂറോളം വരുന്ന ജീവനക്കാര്‍ രാജി ഭീഷണിയടക്കം ഉയര്‍ത്തി മുന്നോട്ട് വന്നിരുന്നു. ഇതിന് പിന്നാലെ സ്പീക്കറുമായി ചര്‍ച്ച നടത്തി. പിന്നാലെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് വാട്സ്ആപ്പില്‍ ഇട്ടു. ഇത് തന്നെയും ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാരോപിച്ചാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത് ഉത്തരവിറക്കിയത്.
സ്പീക്കര്‍ക്ക് തെറ്റിദ്ധാരണയുണ്ടെന്നും സര്‍വീസ് സംഘടനയുടെ നേതാക്കള്‍ കാര്യങ്ങള്‍ ധരിപ്പിച്ചതിലും പിഴവുപറ്റിയെന്നുമാണ് കുറിപ്പില്‍ പരാമര്‍ശമുള്ളത്. ഇതാണ് തന്നെയും ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് സ്പീക്കര്‍ പറഞ്ഞത്.