National
പാകിസ്താന് വേണ്ടി ചാരപ്പണി; ആറ് പേര്‍ പിടിയില്‍
പിടിയിലായവരില്‍ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയും വിദ്യാര്‍ഥിയും

ന്യൂഡല്‍ഹി | പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ആറ് പേര്‍ പിടിയിലായി. പട്യാലയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന ദേവേന്ദ്ര സിങ് ധില്ലോണ്‍ എന്ന 25 വയസ്സുകാരനായ വിദ്യാര്‍ഥി, യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര എന്നിവരുള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ഇവര്‍ പാകിസ്താന്‍ ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ട്രാവല്‍ വിത്ത് ജോ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ജ്യോതി മല്‍ഹോത്ര. 2023ല്‍ ജ്യോതി പാകിസ്താന്‍ സന്ദര്‍ശിച്ചതായും അവിടെ വെച്ച് ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്സാന്‍ ഉര്‍റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപോര്‍ട്ടുണ്ട്. ഓപറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഡാനിഷിനെ 2025 മെയ് 13ന് പദവിയില്‍ നിന്ന് പുറത്താക്കിയിരുന്നു. നിരവധി പാകിസ്താന്‍ ഇന്റലിജന്‍സ് ഓപറേറ്റീവുകള്‍ക്ക് ജ്യോതിയെ ഡാനിഷ് പരിചയപ്പെടുത്തിയതായും കണ്ടെത്തി.
ഇന്ത്യയിലെ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയ പാകിസ്താനെക്കുറിച്ചുള്ള പ്രതിച്ഛായ പ്രദര്‍ശിപ്പിക്കാന്‍ സജീവമായി ഉപയോഗിച്ചതായും പരാതിയുണ്ട്. അറസ്റ്റിലായ ആറ് പേരെയും അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ്) സെഷന്‍ 152, 1923ലെ ഒഫീഷ്യല്‍ സീക്രട്ട് ആക്ട് സെഷന്‍ മൂന്ന് മുതല്‍ അഞ്ച് വരെ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തത്. രേഖാമൂലമുള്ള കുറ്റസമ്മതം സമര്‍പ്പിച്ചതിന് ശേഷം കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറി.
ഫേസ്ബുക്കില്‍ തോക്കുകള്‍ അടക്കമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിനാണ് വിദ്യാര്‍ഥി ദേവേന്ദ്ര സിംഗിനെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ ഇയാള്‍ കര്‍ത്താപൂര്‍ ഇടനാഴി വഴി കഴിഞ്ഞ നവംബറില്‍ പാകിസ്താനിലേക്ക് പോയതായും ഐ എസ് ഐയുമായി നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചതായും സംശയം ഉയര്‍ന്നിരുന്നു. ഇയാള്‍ക്ക് വേണ്ടി ഐ എസ് ഐ പണം മുടക്കിയതായും സൂചനയുണ്ട്.