Connect with us

Articles

ഗവായിയുടെ വരവില്‍ രാജ്യത്തിന് പ്രതീക്ഷകളുണ്ട്

കഴിഞ്ഞ കാല വിധികളില്‍ ഭരണഘടനാ മൂല്യങ്ങളെ സൂക്ഷിക്കുന്നതില്‍ ജസ്റ്റിസ് ഗവായി കാണിച്ച ശ്രദ്ധ, അദ്ദേഹത്തിന്റെ ഓരോ വിധിയും അടയാളപ്പെടുത്തുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട വിധിയാണ് ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ടത്. ഭരണകൂടത്തിന്റെ ഇത്തരം അനീതിയും അക്രമവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണെന്നും പൗരന്റെ അവകാശങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

|

Last Updated

ജസ്റ്റിസ് ബി ആര്‍ ഗവായി ഇന്ത്യയുടെ അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റിസ് ആയി ചുമതല ഏറ്റിരിക്കുന്നു. ഓരോ ചീഫ് ജസ്റ്റിസുമാരും സ്ഥാനമേല്‍ക്കുമ്പോള്‍ രാജ്യത്തെ ഓരോ പൗരനും വലിയ പ്രതീക്ഷയോട് കൂടിയാണ് ആ വരവിനെ കാണുന്നത്. രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന വ്യക്തികളാണ് ഓരോ ചീഫ് ജസ്റ്റിസും.

കുറച്ചു കാലങ്ങളായി നം കാണുന്ന കോടതി മുറികളിലെ കാഴ്ചകള്‍ അത്ര ശുഭകരമല്ല. അമ്പതാമത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ഡി വൈ ചന്ദ്രചൂഡ് ആ കസേരയിലേക്ക് വരുമ്പോള്‍ രാജ്യത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അതെല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം പടിയിറങ്ങിയത്. മതേതരത്വം എന്ന് ഭരണഘടനയുടെ ആദ്യ പുറത്തില്‍ തന്നെ എഴുതിവെച്ചപ്പോഴും അതിന്റെ കാവലാകേണ്ടവര്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് നേരെയുള്ള വെല്ലുവിളി തന്നെയാണ്. എന്നാല്‍ കഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഭരണഘടനാ മൂല്യങ്ങളെ ചേര്‍ത്തുനിര്‍ത്തിയത് പ്രതീക്ഷയായിരുന്നു. ഒടുവില്‍ വഖ്ഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിധിയിലും അദ്ദേഹം ജനപക്ഷത്തായിരുന്നു.

ജസ്റ്റിസ് ബി ആര്‍ ഗവായിയിലേക്ക് കോടതി എത്തി നില്‍ക്കുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത് അദ്ദേഹത്തിന്റെ ആദ്യ വിധിയിലേക്ക് തന്നെയാണ്. രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം കേന്ദ്രത്തോട് ചോദിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയായി വരുന്ന വിധി. എന്തിനാണ് വഖ്ഫ് നിയമം ഭേദഗതി ചെയ്തത് എന്ന ചോദ്യം. കഴിഞ്ഞ ചീഫ് ജസ്റ്റിസ് ആയ സഞ്ജീവ് ഖന്നയുടെ ഉത്തരവാദിത്വ കാലയളവിന്റെ അവസാന ഘട്ടത്തിലാണ് വഖ്ഫ് വിഷയം ചര്‍ച്ചയാകുന്നത്. അതുകൊണ്ട് തന്നെ അവസാനത്തെ സിറ്റിംഗില്‍ അദ്ദേഹം പുതിയ ചീഫ് ജസ്റ്റിസിന്റെ ഉത്തരവാദിത്വത്തിലേക്ക് വഖ്ഫ് വിഷയം നീക്കിവെക്കുകയായിരുന്നു. എല്ലാവരും വലിയ പ്രതീക്ഷയോടെ ആ വിധിക്കായി കാത്തിരിക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. വഖ്ഫ് ഭേദഗതി നിയമം ഭരണഘടനാലംഘനമാണ് എന്ന് കോടതിയില്‍ ഉറക്കെ പറഞ്ഞ ഇന്ത്യയിലെ പ്രശസ്ത നിയമജ്ഞനായ കപില്‍ സിബല്‍ തന്നെയാണ് ഗവായി ‘രാജ്യം നമുക്ക് തന്ന സമ്മാനമാണ്’ എന്ന് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പറഞ്ഞത്. ഇത് കേവലം വാക്കുകളായി കാണാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് നല്‍കിയ പ്രതീക്ഷ നല്‍കുന്ന സംഭാവനകള്‍ ഉള്‍ക്കൊണ്ടാകാം ഈ പ്രസ്താവന എന്ന് മനസ്സിലാക്കുന്നു.

ഗവായിയുടെ വരവില്‍ രാജ്യത്തിന് പ്രതീക്ഷകളുണ്ടാകാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. മറ്റു ചീഫ് ജസ്റ്റിസുമാരില്‍ നിന്ന് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നതും ആ കാര്യങ്ങള്‍ ആണ്. ഒന്ന്, കഴിഞ്ഞ കാല വിധികളില്‍ ഭരണഘടനാ മൂല്യങ്ങളെ സൂക്ഷിക്കുന്നതില്‍ അദ്ദേഹം കാണിച്ച ശ്രദ്ധ. അദ്ദേഹത്തിന്റെ ഓരോ വിധിയും അക്കാര്യം നമ്മോട് കൃത്യമായി സംവദിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാന വിധിയാണ് ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ടത്. ഭരണകൂടത്തിന്റെ ഇത്തരം അനീതിയും അക്രമവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണെന്നും പൗരന്റെ അവകാശങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ അദ്ദേഹം എടുത്ത നിലപാട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഒരു ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ സുതാര്യത അനിവാര്യമാണ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

നീതിയുടെ വിഷയത്തില്‍ അദ്ദേഹം കാണിക്കുന്ന ഈ ധൈര്യവും ആര്‍ജവവുമാണ് ഏറെ പ്രതീക്ഷ നല്‍കുന്നത്. ചീഫ് ജസ്റ്റിസുമാര്‍ പോലും അവരുടെ കാലയളവിന് ശേഷം ഭരണകൂടത്തിന്റെ വ്യത്യസ്ത തസ്തികയിലേക്ക് അഭയം പ്രാപിക്കുന്ന ഈ കാലത്ത് അദ്ദേഹം തന്നെ പറയുന്നുണ്ട്, ‘എനിക്ക് ഒരു നിലക്കുമുള്ള രാഷ്ട്രീയ താത്പര്യങ്ങളുമില്ല, എന്റെ ഉത്തരവാദിത്വം അവസാനിച്ചാല്‍ ഭരണകൂടത്തിന്റെ പോസ്റ്റ് റിട്ടയര്‍മെന്റ് സ്ഥാനങ്ങള്‍ ഞാന്‍ സ്വീകരിക്കുകയും ഇല്ല’ എന്ന്. ഗവായിയുടെ നിഷ്പക്ഷതയുടെ തുറന്ന മുഖമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയും അനിവാര്യമായ സ്വാതന്ത്ര്യവും എത്രത്തോളം ഇന്ന് നഷ്ടപ്പെടുന്നു എന്നതിലേക്കുള്ള സൂചന കൂടിയാണ് ഇത്. അതോടൊപ്പം ഇവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയുമാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്.

ജീവിത പശ്ചാത്തലത്തിലൂടെയും അദ്ദേഹം അനുഭവിച്ച സാമൂഹിക സാഹചര്യങ്ങളിലൂടെയും ആര്‍ജിച്ചെടുത്ത നീതിബോധത്തിലൂന്നിയ അനുഭവ സമ്പത്താണ് രണ്ടാമത്തേത്. ഈ അനുഭവങ്ങള്‍ ആകണം അദ്ദേഹത്തെ ഓരോ പൗരന്റെയും സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിക്കാന്‍ പ്രേരിപ്പിച്ചത്. അതാണ് ഡല്‍ഹിയുടെ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം നല്‍കിയ വിധിയിലൂടെ നാം കണ്ടത്. ഇ ഡി ചീഫിന്റെ മൂന്നാം കാലാവധി വിപുലീകരണ ഉത്തരവിനെ ‘നിയമവിരുദ്ധം’ എന്ന് വിശേഷിപ്പിച്ച് അദ്ദേഹം റദ്ദാക്കിയത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്ന് രാജ്യത്തെ ഉന്നത നീതിന്യായ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ് മറ്റു ചില കാര്യങ്ങള്‍ കൂടി നമ്മോട് വിളിച്ചു പറയുന്നുണ്ട്. രാജ്യത്തെ വരിഞ്ഞുമുറുക്കിയ ഏറ്റവും വലിയ പ്രതിസന്ധികളായിരുന്ന വര്‍ഗ ചിന്തയും ജാതി ചിന്തയും ഇന്ന് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ ഉന്നത തലപ്പത്തേക്ക് പോലും എത്താന്‍ തടസ്സമല്ല എന്ന ഉത്തമമായ സന്ദേശം. ഇന്ത്യയുടെ മഹത്തായ ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്‍ക്ലൂസ്സീവ്്‌നസ്സ് എന്ന ആശയത്തിന്റെ സാക്ഷാത്കാരം കൂടിയാണ് യഥാര്‍ഥത്തില്‍ ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയിട്ടുള്ള സ്ഥാനാരോഹണം.

ഡോ. അംബേദ്കറുടെ തത്ത്വചിന്തയും പൈതൃകവും ജസ്റ്റിസ് ഗവായിയുടെ ജീവിതത്തെയും ജോലിയെയും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. തന്റെ യാത്ര രൂപപ്പെടുത്തുന്നതില്‍ ഡോ. അംബേദ്കറുടെ പങ്ക് അദ്ദേഹം തന്നെ പങ്ക് വെച്ചിട്ടുമുണ്ട്. അംബേദ്കര്‍ ജയന്തിയില്‍, ഡോ. അംബേദ്കറെ ആദരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, ‘ഒരു അര്‍ധചേരി പ്രദേശത്തെ മുനിസിപല്‍ സ്‌കൂളില്‍ പഠിച്ച എന്നെപ്പോലെയുള്ള ഒരാള്‍ക്ക് ഈ സ്ഥാനം ലഭിക്കുന്നത് പൂര്‍ണമായും ഡോ. ബി ആര്‍ അംബേദ്കറുടെ പ്രയത്നങ്ങള്‍ കാരണമാണ്’.

മൂന്ന്, അദ്ദേഹം ജനാധിപത്യ വിശ്വാസികള്‍ക്ക് നല്‍കുന്ന നീതിയുടെ ഉറപ്പാണ്. അദ്ദേഹം രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് ആകുന്നതിനു മുമ്പ് രാജ്യത്തോട് പറഞ്ഞത് ‘സാമൂഹിക, രാഷ്ട്രീയ നീതിക്ക് തന്റെ പ്രതിബദ്ധത കൂടുതലായി പ്രയോജനപ്പെടുത്തും’ എന്നാണ്. ദളിതരും പിന്നാക്കക്കാരും ഉള്‍പ്പെടെയുള്ള പ്രത്യേക സമൂഹങ്ങള്‍ക്ക് സമത്വവും അന്തസ്സും ഉറപ്പാക്കിയ ഡോ. ബി ആര്‍ അംബേദ്കറുടെ ആദര്‍ശങ്ങളോട് യോജിച്ചാണ് ഈ പ്രതിബദ്ധത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. തന്റെ പുതിയ പദവി ഈ തത്ത്വങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള അവസരമാണെന്നും അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. തന്റെ പിന്‍ഗാമിയുടെ കഴിവില്‍ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പടിയിറങ്ങിയത്. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍, സുപ്രീം കോടതിയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന, ഭരണഘടനയുടെ ആശയങ്ങള്‍ അനുവര്‍ത്തിക്കുന്ന, രാജ്യത്തെ ഓരോ പൗരന് വേണ്ടിയും നിലകൊള്ളുന്ന ഒരു ചീഫ് ജസ്റ്റിസായി അദ്ദേഹം പ്രവര്‍ത്തിക്കും എന്ന ശുഭ പ്രതീക്ഷയാണ് ഉയര്‍ന്ന് വരുന്നത്.

 

---- facebook comment plugin here -----

Latest