Connect with us

Prathivaram

ബഹുമാനം നല്‍കാം, ആദരവ് നേടാം

Published

|

Last Updated

ആദരവ്, അംഗീകാരം, ബഹുമാനം, പരസ്പര സ്നേഹം, അഭിനന്ദനം എന്നിവയെല്ലാം സാമൂഹിക ബന്ധങ്ങളുടെ അടിത്തറയും വ്യക്തിത്വ വികസനത്തിന്റെയും സാംസ്കാരികോന്നതിയുടെയും അളവുകോലുമാണ്. സാമൂഹിക ജീവിയായ മനുഷ്യന്‍ പരസ്പരമുള്ള സ്നേഹവും പരിഗണനയും അംഗീകാരവും അഭിനന്ദവും ബഹുമാനവും ആഗ്രഹിക്കുന്നു. നല്ലവരെ സ്നേഹിക്കലും അവരോട് ആദരവ് പുലർത്തലും വ്യക്തി ജീവിതത്തിലുണ്ടാകേണ്ട സദ്ഗുണങ്ങളാണ്. എന്നാൽ ഇവയൊന്നും കേവല ആജ്ഞാപനത്തിലൂടെയോ ആഹ്വാനങ്ങളിലൂടെയോ സമ്പത്ത് കൊണ്ടോ നേടിയെടുക്കാനാകുന്നതല്ല. മറിച്ച്, ഒരു വ്യക്തിയുടെ സംസാര ശൈലി, പെരുമാറ്റ രീതി, മനോഭാവം, പ്രവർത്തന രൂപം എന്നിവ ആശ്രയിച്ചാണ് ഇവയെല്ലാം രൂപപ്പെടുന്നത്.
മറ്റുള്ളവരുടെ ആദരവ് നേടാൻ സ്വന്തം ജീവിതത്തെക്കുറിച്ചും ചുറ്റുപാടുകളിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും കൃത്യമായ ബോധ്യമുണ്ടാകണം. കൃത്യനിഷ്ഠ, സത്യസന്ധത, നിഷ്പക്ഷത, സത് സ്വഭാവം, പരോപകാരം, പ്രശ്‌നപരിഹാരം, ഗുണകാംക്ഷ, വിട്ടുവീഴ്ച, പ്രതിബദ്ധത തുടങ്ങിയവയെല്ലാം ആദരവ് ലഭിക്കാനുള്ള മാർഗങ്ങളാണ്. അവഗണന, അപമര്യാദ, അപകീർത്തി, അവിശ്വാസം, അപഹാസം, അപരന്റെ വികാരങ്ങളെ വ്രണപ്പെടുത്തൽ, മാനഹാനി വരുത്തൽ എന്നിവയെല്ലാം ആദരവും ബഹുമാനവും നഷ്ടപ്പെടുത്തുന്ന കാര്യങ്ങളാണ്.
ആദരവ് നേടാൻ മറ്റുള്ളവരോടുള്ള ബഹുമാനമാണ് പരമ പ്രധാനമായും വേണ്ടത്. ഓരോ വ്യക്തിയും ഒരു നിലക്കല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബഹുമാനിക്കപ്പെടാൻ അർഹതയുള്ളവനാണ്. കാരണം, ബഹുമാനത്തിന് നിദാനമാകുന്ന എന്തെങ്കിലും നന്മ അവനിലുണ്ടാകും. അത്തരത്തിലുള്ള ഗുണങ്ങളെ തിരിച്ചറിയാൻ കഴിയാത്തതാണ് പലപ്പോഴും അനാദരവോടെ പെരുമാറാൻ പലരെയും പ്രേരിപ്പിക്കുന്നത്.

ആദരവുള്ളവർ നല്ല ആരോഗ്യവും ക്ഷേമവും കൂടുതൽ വിശ്വാസ്യതയും സുരക്ഷയും അനേകം അവസരങ്ങളും ജോലിയിൽ സംതൃപ്തിയും നേടുന്നു. അപഹാസ്യത അനുഭവിക്കുന്നവർ മാനസിക അനാരോഗ്യത്തിനും പിരിമുറുക്കത്തിനും ഇരയാകുന്നു. പലരുടെയും മാനസിക പ്രശ്നങ്ങളുടെയും ബന്ധ വിഛേദനത്തിന്റെയും മുഖ്യ കാരണം അർഹമായ അംഗീകാരം ലഭിക്കാത്തതാണ്.
വ്യക്തികൾക്കനുസൃതമായി ബഹുമാനത്തിന്റെയും ആദരവിന്റെയും തോത് വ്യത്യാസപ്പെടുന്നു. ഗുരുവും മാതാപിതാക്കളും ഏറെ ആദരിക്കപ്പെടേണ്ടവരാണ്. സഹോദരിയുടെ സ്ഥാനമല്ല മാതാവിനുള്ളത്. സഹോദരനെ പരിഗണിക്കുന്ന പോലെയല്ല മകനെ ശ്രദ്ധിക്കേണ്ടത്. തൊഴിൽ ദാതാവിനോടും സഹജോലിക്കാരോടുമുള്ള സമീപനത്തിൽ മാറ്റമുണ്ട്. ഒരോരുത്തര്‍ക്കും അവരവരുടെതായ സ്ഥാനങ്ങളും ഇടങ്ങളും പരിഗണനയുമുണ്ടെന്നർഥം.
ചെറിയവർക്ക് വലിയവരോടും ശിഷ്യന് ഗുരുവിനോടും ഭാര്യക്ക് ഭർത്താവിനോടും തൊഴിലാളിക്ക് തൊഴിൽ ദാതാവിനോടുമെല്ലാം ആഴത്തിലുള്ള ആദരവും ബഹുമാനവും ഉണ്ടായിരിക്കണം. എന്നാൽ, ഈ ബഹുമാനത്തിനും ആദരവിനും അർഹത നേടാൻ ഗുരുവും ഭർത്താവും മുതിർന്നവരും തൊഴിൽ ദാതാവുമെല്ലാം യോഗ്യരാകണം. അല്ലാതിരുന്നാൽ അവരുടെ നിർദേശങ്ങളനുസരിക്കാനും സംതൃപ്തിയോടെ വഴിപ്പെടാനും ഭാര്യക്കും ശിഷ്യനും ചെറിയവർക്കും തൊഴിലാളിക്കും പ്രയാസങ്ങളുണ്ടാകും.

കുട്ടികളില്‍ വളരെ ചെറുപ്പം മുതല്‍ തന്നെ വളർന്നുവരേണ്ട സംസ്കാരമാണ് ബഹുമാനവും ആദരവും. കുടുംബാംഗങ്ങളുമായുള്ള ഇടപഴകലിൽ നിന്നും പെരുമാറ്റത്തിന്റെയും ആദരവിന്റെയും ആദ്യ പാഠം പഠിക്കുന്നു. തുടര്‍ന്ന് വിദ്യാലയങ്ങളില്‍ നിന്ന് പ്രായോഗികമായും താത്വികമായും അവ പരിശീലിക്കുകയും വളരുകയും വികസിക്കുകയും ചെയ്യുന്നു. സഹപാഠികളോടും അധ്യാപകരോടും മറ്റുള്ളവരോടുമെല്ലാം ഉത്കൃഷ്ടമായി പെരുമാറുന്ന തലമുറകളാണ് ഇന്നിന്റെ ആവശ്യം. അതിന് പ്രായോഗികമായ അനേകം മാതൃകകള്‍ അവര്‍ക്ക് മുന്നില്‍ ദൃശ്യമാകേണ്ടതുണ്ട്.

ഭർത്താക്കന്മാർ സ്വന്തം ശരീരങ്ങളെപ്പോലെ തങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുകയും അവരോട് കാരുണ കാണിക്കുകയും വേണം. ഭാര്യയെ സ്‌നേഹിക്കുന്നവൻ സ്വന്തത്തെ തന്നെയാണ് സ്‌നേഹിക്കുന്നതെന്ന ബോധമുണ്ടാകണം. തിരിച്ച് ഭാര്യയിൽ നിന്ന് ലഭിക്കുന്ന അംഗീകാരവും ബഹുമാനവും ഭർത്താവിനെ ഉന്മേഷവാനും ഊർജസ്വലനുമാക്കും.

ഭർത്താവിനോടുള്ള അനുസരണം, ബഹുമാനം എന്നിവ ഒരു സ്ത്രീയുടെ സ്വർഗനരകങ്ങൾ നിർണയിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്.ഒരിക്കൽ ഒരു സ്ത്രീയോട് തിരുനബി(സ) പറഞ്ഞു: “ഭർത്താവ് നിന്റെ സ്വർഗവും നരകവുമാണ്” (അഹ്മദ്). വയോജനങ്ങളെ ബഹുമാനിക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. വലിയവരോട് ബഹുമാനവും ചെറിയവരോട് കാരുണ്യവും പ്രകടിപ്പിക്കാത്തവരും പണ്ഡിതരോടുള്ള ബാധ്യത മനസ്സിലാക്കാത്തവരും എന്റെ സമുദായത്തിൽ ഉൾപ്പെടില്ലെന്ന് തിരുനബി(സ) താക്കീത് ചെയ്തിട്ടുണ്ട്. (തിർമിദി)
ഭരണകർത്താക്കൾ ഭരണീയരോട് പ്രതിബദ്ധതയുള്ളവരാകണം. അവരുടെ പുരോഗതിക്കും ക്ഷേമൈശ്വര്യത്തിനും വേണ്ടി വർത്തിക്കണം. അത്തരം ഭരണാധികാരികൾക്ക് അർഹമായ അംഗീകാരവും ആദരവും നൽകൽ ഭരണീയർക്ക് നിർബന്ധമാണ്. നബി(സ) പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിന്റെ സുല്‍ത്വാനെ ദുനിയാവില്‍ വെച്ച് ആദരിച്ചാല്‍ അല്ലാഹു അവനെ ഖിയാമത് നാളില്‍ ആദരിക്കും. ആരെങ്കിലും ഭരണാധിപനെ ദുനിയാവില്‍ വെച്ച് നിന്ദിച്ചാല്‍ അല്ലാഹു അവനെ ഖിയാമത് നാളില്‍ നിന്ദിക്കും.'(അഹ്മദ്)

ബിസിനസ് സംരംഭങ്ങൾ വിജയകരമാകുന്നതിനും തൊഴിലാളികൾ ജോലികളിൽ ആത്മാർഥത കാണിക്കുന്നതിനും ബിസിനസുകാർ തങ്ങളുടെ തൊഴിലാളികളോട് ഹൃദ്യമായും മാന്യമായും പെരുമാറേണ്ടതുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന ഒരു ടീമിന്റെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ പരസ്പരമുള്ള പെരുമാറ്റത്തിന് വലിയ പങ്കുണ്ട്.

അല്ലാഹുവിന്റെ പ്രത്യേക ആദരവ് ലഭിച്ചവരാണ് മനുഷ്യവർഗം. ഖുർആൻ പറയുന്നു: “തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.’ (അല്‍ ഇസ്റാഅ്: 70). മനുഷ്യവർഗത്തിനുള്ള ആദര സൂചകമായാണ് ആദ്യ മനുഷ്യൻ ആദം നബി(അ)ക്ക് സാഷ്ടാംഗം ചെയ്യാൻ അല്ലാഹു മലക്കുകളോട് കൽപ്പിച്ചത്. എന്നാൽ അല്ലാഹു ബഹുമാനിച്ച മനുഷ്യനെ ആദരിക്കാൻ ദുഷ്ടനായ പിശാച് വൈമനസ്യം കാണിച്ചതിനാൽ അനന്തമായ ശാപത്തിന് ഇരയാവുകയും നരക ശിക്ഷക്ക് വിധേയനാകുകയും ചെയ്തു.

ആദരവിന്റെയും ബഹുമാനത്തിന്റെയും അനേകം ഉദാത്ത മാതൃകകൾ തിരുനബി(സ)യുടെ ജീവിതത്തിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കും. അവിശ്വാസികളോടും ഇതര രാജ്യങ്ങളിലെ ഭരണാധികാരികളോടുമുള്ള അവിടുത്തെ നിലപാടുകളും സമീപനങ്ങളും വളരെ മാന്യവും വിനയാന്വിതവും മാതൃകാപരവുമായിരുന്നു. അവരോടൊരിക്കലും ശത്രുതാഭാവത്തോടെ പെരുമാറിയിരുന്നില്ല. മതവൈജാത്യങ്ങളെ വകവെക്കുകയും അവരുടെ പദവികളെ മാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. കിസ്‌റ, ഹിര്‍ഖല്‍, മുഖൗഖിസ്, നജ്ജാശി എന്നീ രാജാക്കന്മാർക്ക് പ്രവാചകന്‍ കൊടുത്തയച്ച കത്തുകളിലെ വരികള്‍ ബഹുമാനവും ആദരവും വിനയവും മുറ്റിനില്‍ക്കുന്നതായിരുന്നു. കത്തുകളില്‍ ഭരണാധികാരികളുടെ പേരിനു മുമ്പില്‍ ബഹുമാനവും ആദരവും പ്രകടിപ്പിക്കുന്ന വാക്കുകള്‍ തിരുനബി (സ) പ്രയോഗിച്ചിരുന്നു. ആളുകളുടെ രാഷ്ട്രീയവും മതപരവുമായ നിലപാടുകളും കാഴ്ചപ്പാടുകളും നോക്കിയായിരുന്നില്ല പ്രവാചകന്റെ പെരുമാറ്റം. അത് മാന്യവും വിനയം നിറഞ്ഞതുമായിരുന്നു.

ചുരുക്കത്തിൽ, ആദരവെന്നത് സ്വയം നിർമിതമല്ല. ബഹുമാനം നൽകി ആദരവ് നേടുകയെന്നതാണ് പ്രായോഗിക മാർഗം. പ്രമുഖ ഫ്രഞ്ച് തത്വചിന്തകൻ റെനെ ഡെസ്കാർട്ടസിന്റെ വാക്കുകൾ ഇങ്ങനെ: “മറ്റുള്ളവരോടുള്ള ബഹുമാനം സ്വന്തത്തിന് ആദരവ് ലഭിക്കാൻ കാരണമാകുന്നു.’

Latest