Kerala
റിപ്പോര്‍ട്ടര്‍ ടി വി ബ്യൂറോ ആക്രമണം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്
റിപ്പോര്‍ട്ടറിനെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

തൃശൂര്‍ | റിപ്പോര്‍ട്ടര്‍ ടി വി തൃശൂര്‍ ബ്യൂറോയില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍, തൃശൂര്‍ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വില്‍വട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖില്‍ദേവ്, അമല്‍ ജയിംസ് എന്നിവര്‍ക്കെതിരായാണ് ഈസ്റ്റ് പോലീസ് കേസെടുത്തു.
ഇന്ന് രാവിലെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം നടന്നത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടി. ഇതിന് പുറമേ പടികളിലും വാതിലിലും കരി ഓയില്‍ ഒഴിക്കുകയും വാതിലില്‍ റിപ്പോര്‍ട്ടറിനെതിരെ നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ചാനലിനെ അധിക്ഷേപിക്കുന്ന വാചകങ്ങളായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. റിപ്പോര്‍ട്ടറിനെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തെ അപലപിച്ച് കെ യു ഡബ്ല്യു ജെ അടക്കം രംഗത്തെത്തി. എന്ത് വിഷയത്തിന്റെ പേരിലാണെങ്കിലും മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണം മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം ആണെന്ന് കെ യു ഡബ്ല്യു ജെ പ്രസിഡന്റ് കെ പി റെജി പറഞ്ഞു. എന്ത് പ്രശ്‌നമാണെങ്കിലും പരിഹരിക്കുന്നതിന് നിയമമുണ്ട്. അതിന് പകരം കയ്യൂക്കിന്റേയും അതിക്രമത്തിന്റേയും വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചാല്‍ അത് അങ്ങേയറ്റം അപലപനീയമാണെന്നും കെ പി റെജി പറഞ്ഞു. സംസ്‌കാര ശൂന്യമായ നടപടിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കെ യു ഡബ്ല്യു ജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും അഭിപ്രായപ്പെട്ടു.