Connect with us

bhawanipur bypoll

മമതക്ക് ആശ്വാസം; ഭബാനിപൂർ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കാനാകില്ലെന്ന് കോടതി

ഭരണഘടനാ പ്രതിസന്ധിയെന്ന് പറഞ്ഞ ചീഫ് സെക്രട്ടറിക്ക് വിമർശം

Published

|

Last Updated

കൊൽക്കത്ത | പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭബാനിപൂർ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കാനാകില്ലെന്ന് കൽക്കട്ട ഹൈക്കോടതി. ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്്പര്യ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. മുൻനിശ്ചയപ്രകാരം നാളെ തന്നെ വോട്ടെടുപ്പ് നടക്കുമെന്നും കോടതി വ്യക്തമാക്കി.

നവംബര്‍ അഞ്ചിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം നഷ്്ടമാകുമെന്നതിനാൽ ഭബാനിപൂരിലെ വിജയം മമതക്ക് അനിവാര്യമാണ്. അതേസമയം, ഭബാനിപൂരില്‍ വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയ നടപടിയെ കോടതി വിമർശിച്ചു. ചീഫ് സെക്രട്ടറി പൊതുസേവകനാണ്. അധികാരത്തിൽ ആരായാലും നിയമവ്യവസ്ഥക്കനുസൃതമായി തന്റെ ചുമതലകൾ അദ്ദേഹം നിർവഹിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു വ്യക്തി അധികാരത്തിൽ വരണമെന്നോ, ഏതെങ്കിലും പ്രത്യേക വ്യക്തി അധികാരത്തിൽ വന്നില്ലെങ്കിൽ “ഭരണഘടനാ പ്രതിസന്ധി’ ഉണ്ടാകുമെന്നോ അദ്ദേഹം ഉറപ്പാക്കാൻ പാടില്ല. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏതൊരു അംഗത്തിനും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുമെന്നതിനാൽ ഭരണഘടനാ പ്രതിസന്ധി ഉണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബംഗാള്‍ സര്‍ക്കാറിന്റെ പ്രത്യേക അഭ്യര്‍ഥനയും ഭരണഘടനാപരമായ അടിയന്തര സാഹചര്യവും പരിഗണിച്ചാണ് ഭബാനിപൂരില്‍ 30ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചത് എന്നായിരുന്നു കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

2011, 2016 വർഷങ്ങളിൽ മമത ജയിച്ച മണ്ഡലമാണ് ഭബാനിപൂർ. ഇത്തവണ നന്ദിഗ്രാമിൽ മത്സരിച്ച മമത, ബി ജെ പിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും അവർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. മമതക്ക് മത്സരിക്കാനായി ഭബാനിപൂര്‍ എം എൽ എ സൊവന്‍ ദേബ് ചാറ്റര്‍ജി സ്ഥാനം രാജിവെക്കുകയായിരുന്നു. മമതക്കെതിരെ പ്രിയങ്ക തിബ്രെവാളാണ് ബി ജെ പി സ്ഥാനാർഥി. ഒക്്ടോബർ മൂന്നിനാണ് ഫലപ്രഖ്യാപനം.

കഴിഞ്ഞ ദിവസം, ഭബാനിപൂർ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ബംഗാളിലെ ബി ജെ പി നേതാവ് ദിലീപ് ഘോഷ്് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെയും മറ്റ് ബി ജെ പി നേതാക്കളെയും തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ചാണ് ദിലീപ് ഘോഷ് ഈ ആവശ്യം ഉന്നയിച്ചത്.

Latest