Connect with us

Editorial

റാം മെമ്മറി കിട്ടാനില്ല; 16 ജിബി സ്മാർട്ട്‌ഫോണുകൾ അപ്രത്യക്ഷമായേക്കും; ഇനി 4 ജിബി റാമിൽ തൃപ്തിപ്പെടേണ്ടിവരും

ആഗോള റാം ക്ഷാമത്തിന് പിന്നിലെ പ്രധാന കാരണം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്

Published

|

Last Updated

വാഷിംഗ്ടൺ | ആഗോള തലത്തിലുള്ള റാൻഡം ആക്സസ് മെമ്മറി (റാം) ക്ഷാമം സ്മാർട്ട്‌ഫോൺ വിപണിയിൽ പ്രകടമായിത്തുടങ്ങി. ക്ഷാമം രൂക്ഷമായതോടെ റാമിന് വില ഉയർന്നു. ഇതോടെ പല ബ്രാൻഡുകളും ഈ വർഷത്തെ മോഡലുകൾ മുൻ മോഡലിനേക്കാൾ ഉയർന്ന വിലയിലാണ് അവതരിപ്പിക്കുന്നത്. ചില കമ്പനികൾ ലോഞ്ചിന് ശേഷം വില വർധിപ്പിക്കാനും സാധ്യതയുണ്ട്. ക്ഷാമം ഇനിയും വർഷങ്ങളോളം തുടരുമെന്നാണ് വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ദക്ഷിണ കൊറിയൻ ടിപ്‌സ്റ്ററായ ലാൻസൂക് (yeux 1122) അടുത്തിടെ നടത്തിയ പ്രവചനമനുസരിച്ച് 2026-ഓടെ 16 ജിബി റാം ഉള്ള സ്മാർട്ട്‌ഫോൺ വേരിയന്റുകൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമായേക്കാം. കൂടാതെ കമ്പനികൾ 4 ജിബി റാം ഉള്ള മോഡലുകൾ വീണ്ടും അവതരിപ്പിച്ചു തുടങ്ങാനും സാധ്യതയുണ്ട്.

നിലവിലെ ആഗോള മെമ്മറി ക്ഷാമം കാരണം 2026-ൽ സ്മാർട്ട്‌ഫോൺ കമ്പനികൾ 16 ജിബി റാം മോഡലുകൾ പുറത്തിറക്കുന്നത് നിർത്തുമെന്ന് ലാൻസൂക് അവകാശപ്പെടുന്നു. ലാഭമാർജിൻ സംരക്ഷിക്കുന്നതിനായി ഹാൻഡ്‌സെറ്റുകളുടെ വില വർധിപ്പിക്കുകയോ അല്ലെങ്കിൽ സവിശേഷതകൾ കുറയ്ക്കുകയോ ചെയ്യുന്നതിലേക്ക് ബ്രാൻഡുകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ടിപ്‌സ്റ്റർ പ്രവചിക്കുന്നു.

ഈ തന്ത്രപരമായ മാറ്റം, ഇതുവരെ എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകളിൽ മാത്രം ഒതുങ്ങിയിരുന്ന 4 ജിബി റാം വേരിയൻ്റുകളുടെ തിരിച്ചുവരവിന് കാരണമാകും. സെപ്റ്റംബർ മുതൽ നവംബർ വരെ മെമ്മറി ഘടകങ്ങളുടെ വില 60 ശതമാനം വരെ വർധിച്ചതായാണ് റിപ്പോർട്ടുകൾ. ചില സ്റ്റോറുകളിൽ നിലവിൽ റാം വില ടാഗുകൾ അച്ചടിക്കുന്നതുപോലും നിർത്തിവച്ചിരിക്കുകയാണ്.

സാംസങ് തങ്ങളുടെ ഗാലക്‌സി എ സീരീസ് സ്മാർട്ട്‌ഫോണുകളുടെ വില വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ആപ്പിളിന്റെ ഐഫോൺ 17-ൻ്റെ കാര്യത്തിലും ഇതേ അഭിപ്രായം ഉയർന്നിട്ടുണ്ട്. എച്ച് പി സി ഇ ഒ ആയ എൻറിക് ലോറസ് 2026 രണ്ടാം പകുതിയിൽ വില വർധനയും സവിശേഷതകൾ കുറയ്ക്കലും സ്വീകരിക്കേണ്ടിവരുമെന്ന് സൂചന നൽകിയിരുന്നു.

അടുത്ത വർഷം 12 ജിബി മോഡലുകൾ 40 ശതമാനത്തിലധികം കുറയ്ക്കുമെന്നും, പകരം കമ്പനികൾ 6 ജിബി, 8 ജിബി മോഡലുകൾ വിപുലീകരിക്കുമെന്നും ടിപ്‌സ്റ്റർ അവകാശപ്പെട്ടു. എന്നിരുന്നാലും, ക്ഷാമം തുടർന്നാൽ സപ്ലൈ ചെയിനിൽ കൂടുതൽ സമ്മർദ്ദമുണ്ടാകുകയും, 8 ജിബി റാം മോഡലുകളുടെ ഉത്പാദനം കുറയുകയും മിഡ്‌റേഞ്ച് സെഗ്‌മെന്റിൽ പോലും 4 ജിബി വേരിയൻ്റ് തിരികെ കൊണ്ടുവരേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.

റാം ക്ഷാമത്തിന് പിന്നിൽ എ ഐ

ആഗോള റാം ക്ഷാമത്തിന് പിന്നിലെ പ്രധാന കാരണം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ ഐ) ആണെന്നാണ് പറയപ്പെടുന്നത്. എ ഐ വിപണി അതിവേഗം വളരുന്നതിനാൽ ഓപ്പൺഎഐ, ആന്ത്രോപിക്, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിടക്കാർ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്ന തിരക്കിലാണ്. പ്രവർത്തനങ്ങൾ ഒരു കമ്പനിക്ക് സൃഷ്ടിക്കാൻ കഴിയുന്ന പ്രോസസ്സിംഗ് പവറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ, വലിയ ഡാറ്റാ സെൻ്ററുകൾ നിർമ്മിക്കാനുള്ള മത്സരം ആരംഭിച്ചു.

എ ഐ കമ്പനികൾ പ്രീമിയം വില നൽകാൻ തയ്യാറായതിനാൽ മെമ്മറി ഘടക നിർമ്മാതാക്കൾ അവരുടെ ഉത്പന്നങ്ങൾക്ക് എ ഐ കമ്പനികൾക്ക് മുൻഗണന നൽകുന്നു. വില കുറഞ്ഞ കൺസ്യൂമർ ടെക് വിപണിക്ക് ഈ ഘടകങ്ങൾ ലഭിക്കാതെ വരികയും, ഇത് ആഗോള ക്ഷാമത്തിന് കാരണമാവുകയും ചെയ്തു.

ഈ ക്ഷാമം എത്രനാൾ തുടരുമെന്ന് നിലവിൽ പറയാനാകില്ലെന്നാണ് ടെക് രംഗത്തെ വിദഗ്ധർ പറയുന്നത്.

Latest