Connect with us

Kerala

പാര്‍ട്ടിക്കാര്‍ പാലം വലിച്ചു; കയറിക്കൂടിയത് കോണ്‍ഗ്രസുകാരുടെ സഹായംകൊണ്ടെന്നും മുന്‍ എം എല്‍ എ രാജഗോപാല്‍ കെ സി

കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിന്‍ വിവരം കെട്ടവനാണെന്നും പത്രം വായിക്കാത്തവനാണെന്നും രാജഗോപാല്‍

Published

|

Last Updated

പത്തനംതിട്ട |  തദ്ദേശ തിഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരിയെന്ന് തുറന്നടിച്ച് ആറന്‍മുളയിലെ മുന്‍ സി പി എം എം എല്‍ എ കൂടിയായ കെ സി രാജഗോപാല്‍. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിനാണ് കാലുവാരാന്‍ നേതൃത്വം കൊടുത്തതെന്നും അതുകൊണ്ടാണ് തന്റെ ഭൂരിപക്ഷം 28ല്‍ ഒതുങ്ങിയതെന്നും കെ സി രാജഗോപാല്‍ പറഞ്ഞു. തന്നെ ഈ തിഞ്ഞെടുപ്പില്‍ പാര്‍ട്ടി വേണ്ടവിധം ഉപയോഗിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ജയിക്കരുതെന്ന് ഏരിയ സെക്രട്ടറി ടി വി സ്റ്റാലിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നും കെസി രാജഗോപാല്‍ പറഞ്ഞു. നേതൃത്വത്തിന്റെ പിടിപ്പുകേടില്‍ കോഴഞ്ചേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളും നഷ്ടമായെന്നും കോണ്‍ഗ്രസുകാരില്‍ ചിലരുടെ സഹായം കൊണ്ടാണ് 28 വോട്ടിന് കയറിക്കൂടിയതെന്നും കെ സി രാജഗോപാല്‍ പറഞ്ഞു. കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിന്‍ വിവരം കെട്ടവനാണെന്നും പത്രം വായിക്കാത്തവനാണെന്നും രാജഗോപാല്‍ ആക്ഷേപിച്ചു. തന്നെ തോല്‍പ്പിക്കാന്‍ എല്ലാശ്രമവും നടത്തി. സ്റ്റാലിന്‍ പ്രമാണിയാണ്. സഹോദരന് ബാര്‍ ഉണ്ട്. സ്റ്റാന്‍ലിന്‍ ഏരിയ സെക്രട്ടറി ആയത് താന്‍ കൂടി ശ്രമിച്ചതിനാലാണെന്നും കെ സി ആര്‍ പറഞ്ഞു.

വീണ ജോര്‍ജിനെയും തകര്‍ത്ത് ആറന്മുളയില്‍ മത്സരിക്കുകയാണ് ലക്ഷ്യം. 75 പിന്നിട്ട തന്നെ സി പി എം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ നെടിയകാലായില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചവനാണ് സ്റ്റാലിന്‍. പടക്കം പൊട്ടിച്ചവരില്‍ സ്റ്റാലിന്റെ മകനും ഉണ്ടായിരുന്നു. പാര്‍ട്ടിയില്‍ ഇപ്പോള്‍ സുഖിപ്പിക്കല്‍ മാത്രമാണ് നടക്കുന്നതെന്നും സ്റ്റാലിനെതിരേ സി പി എം നേതൃത്വത്തിന് പരാതി നല്‍കുമെന്നും കെ സി രാജഗോപാല്‍ പറഞ്ഞു.

മുന്‍ എം എല്‍ എയായ കെ സി രാജഗോപാല്‍ പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ നിന്നാണ് രാജഗോപാല്‍ വിജയിച്ചത്. 28 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ രാധാ ചന്ദ്രനെ രാജഗോപാല്‍ പരാജയപ്പെടുത്തിയത്. നിലവില്‍ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗമാണ്. സി പി എം ശക്തികേന്ദ്രമായിരുന്ന മെഴുവേലി പഞ്ചായത്ത് ഇത്തവണ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഇതിനുപിന്നാലെയാണ് ഏരിയാ സെക്രട്ടറിക്കെതിരേ കെ സി ആര്‍ രംഗത്തെത്തിയത്. 1970ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെയാണ് കെ സി ആര്‍ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. അന്ന് മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1988ല്‍ മെഴുവേലി പഞ്ചായത്ത് പ്രസിഡന്റായി. തുടര്‍ന്ന് 2006ല്‍ ആറന്‍മുള മണ്ഡലത്തില്‍ നിന്നും വിജയിച്ച് സംസ്ഥാന നിയമസഭയിലേക്ക്. ഈക്കാലയളവിലാണ് വിവാദമായ ആറന്‍മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് നടപടികള്‍ക്ക് തുടക്കമിട്ടത്. 2011ല്‍ കോണ്‍ഗ്രസിലെ കെ ശിവദാസന്‍ നായരോട് പരാജയപ്പെട്ടു. അറിയപ്പെടുന്ന വി എസ് പക്ഷക്കാരനായിരുന്നു കെ സി ആര്‍. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ സി ആര്‍ അവിവാഹിതനാണ്.

അതേ സമയം കെ സി രാജഗോപാലിനുള്ള മറുപടി പരസ്യമായി പറയാന്‍ ആകില്ലെന്ന് ഏരിയാ സെക്രട്ടറി ടി വി സ്റ്റാലിന്‍ പറഞ്ഞു. കെ സി ആര്‍ കാര്യങ്ങള്‍ പറയേണ്ടിയിരുന്നത് പാര്‍ട്ടിക്കുള്ളിലാണ്. സംഘടനാ രീതി അറിയാത്ത ആളല്ല കെ സി ആര്‍. തനിക്കെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടിയില്‍ വിശദീകരണം നല്‍കുമെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ടി വി സ്റ്റാലിന്‍ പറഞ്ഞു.

 

Latest