National
ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസ്: അന്യായമായി 12 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആളെ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെവിട്ടു
ശിക്ഷിക്കപ്പെട്ട ഇഖ്ബാല്‍ എന്നയാള്‍ക്ക് മൂന്ന് മാസത്തിനകം 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജയ്പൂര്‍| ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ അന്യായമായി 12 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ആളെ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെവിട്ടു. ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ്ക്കോടതിയുടെ 2016 മെയ് 11ലെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. അന്യായമായി ശിക്ഷിക്കപ്പെട്ട ഇഖ്ബാല്‍ എന്നയാള്‍ക്ക് മൂന്ന് മാസത്തിനകം 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ പങ്കജ് ഭണ്ഡാരി, ഭുവന്‍ ഗോയല്‍ എന്നിവര്‍ ഇഖ്ബാലിന്റെ അപ്പീല്‍ സ്വീകരിച്ചുകൊണ്ടാണ് വിധി പ്രസ്താവിച്ചത്. 2011 മെയ് 13 ന് ഇയാളുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചെന്നും ഇഖ്ബാല്‍ കൊലപ്പെടുത്തിയാണെന്നും ആരോപിച്ച് രാജസ്ഥാന്‍ പോലീസ് കേസെടുക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ജയ്പൂരിലെ സ്ത്രീ പീഡനക്കേസുകള്‍ക്കായുള്ള പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇഖ്ബാലിനുവേണ്ടി അഭിഭാഷകരായ രാജേഷ് ഗോസ്വാമിയും നിഖില്‍ ശര്‍മ്മയുമാണ് കോടതിയില്‍ ഹാജരായത്. ഇരയുടെ ആറു വയസ്സുള്ള മകന്റെ സാക്ഷ്യം പോലും കീഴ്ക്കോടതി സ്വീകരിച്ചില്ലെന്നും ഇഖ്ബാലിന്റെ ഭാര്യയെ ചികിത്സിച്ച ഡോക്ടറെ ചോദ്യം ചെയ്തില്ലെന്നും അഭിഭാഷകന്‍ നിഖില്‍ ശര്‍മ്മ പറഞ്ഞു.