യാത്രാനുഭവം
ഇസ്‌നായിലേക്ക് നീളുന്ന റെയിൽപ്പാളങ്ങൾ
ഈജിപ്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് ഇസ്‌നാ. നിരവധി വാണിജ്യ വിപണികൾ ഇവിടെയുണ്ട്. ഏറ്റവും മനോഹരവും പഴക്കമേറിയതുമായ വിപണികളിൽ ഒന്നായ ഖയ്‌സരിയ മാർക്കറ്റ് ഇവിടെയാണ്. നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ ഇസ്‌നാ ക്ഷേത്രമാണ് വിനോദ സഞ്ചാരികളുടെ പ്രധാന ഡസ്റ്റിനേഷൻ.
ഒഴിവ് സമയങ്ങളിൽ മസ്ജിദുൽ ഹുസൈനിൽ ചെന്നിരിക്കാറാണ് പതിവ്. കെയ്‌റോ നഗരത്തിന്റെ ആത്മീയ ഹൃദയമായ ഈ പള്ളിയുടെ ഒരു മൂലയിലിരുന്ന് പാഠഭാഗങ്ങൾ വായിക്കാനും ഖുർആൻ മനഃപാഠമാക്കിയത് ആവർത്തിച്ചുറപ്പിക്കാനും പ്രത്യേക ആനന്ദമാണ്. അതോടൊപ്പം ഈജിപ്തിന്റെ നാനാദിക്കുകളിൽ നിന്നും ഒട്ടേറെ തീർഥാടകരും വിദേശികളും എത്തുന്ന ഇടമായത് കൊണ്ട് അവരോട് സംസാരിക്കാനും പരിചയപ്പെടാനും ഇത് നല്ലൊരു അവസരമാണ്. നന്നായി അറബി സംസാരിക്കുന്ന ചെറിയ കുട്ടികൾ പള്ളിക്കകത്ത് കുസൃതി കാണിച്ച് ഓടിക്കളിക്കുന്നുണ്ടാകും. പുതുതായി വന്ന വിദ്യാർഥികൾക്ക് ഭാഷ മെച്ചപ്പെടുത്താൻ അവരുമായുള്ള സൗഹൃദം ഏറെ ഉപകാരമാകും. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥി എന്ന നിലയിൽ ഒട്ടേറെയാളുകളാണ് സ്‌നേഹത്തോടെ നമ്മെ സമീപിക്കുന്നത്. കുട്ടികൾക്ക്, ഒരു വിദേശിയോട് സംസാരിക്കുന്നത് വലിയ കൗതുകമാണെന്ന് തോന്നി. മസ്ജിദുൽ ഹുസൈനിലെ ഈ സാഹചര്യങ്ങൾ വലിയ സന്തോഷങ്ങളാണ് സമ്മാനിച്ചത്.
ഓരോ ദിവസവും പുതിയ സൗഹൃദങ്ങളുടെ അനുഭവങ്ങളും ഗ്രാമ ജീവിതത്തിന്റെ മനോഹരമായ കഥകളും കേൾക്കുമ്പോൾ മനസ്സ് സന്തോഷം കൊണ്ടു. തീർത്തും അപ്രതീക്ഷിതമായാണ് ഒരു ദിവസം വിദ്യാർഥികളായ മുഹമ്മദും അൻവറും സംസാരിക്കാനായി അടുത്ത് വന്നത്. മസ്ജിദുൽ ഹുസൈനിൽ സിയാറത്തിനെത്തിയതാണവർ. കെയ്‌റോ നഗരത്തിൽ നിന്നും എഴുന്നൂറിലധികം കിലോമീറ്റർ അകലെയുള്ള ഇസ്‌നായിൽ നിന്നുള്ളവരായിരുന്നു. കുറേ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും അവർ ആവേശത്തോടെ ചോദിച്ചറിഞ്ഞു. ഈജിപ്തിലെ ഗ്രാമജീവിതത്തിന്റെ നല്ലൊരു ചിത്രം അവർ പകർന്നു തന്നു. സംസാര ശേഷം ഫോൺ നമ്പർ വാങ്ങിയാണ് അവർ പിരിഞ്ഞത്. കഴിഞ്ഞ റബീഉൽ അവ്വലിൽ ഇസ്‌നായിലേക്ക് അവരുടെ കുടുംബം നിർബന്ധപൂർവം ക്ഷണിച്ചു. അങ്ങനെയാണ് ഇസ്‌നാലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നത്.
ഈജിപ്തിലെത്തിയിട്ട് അധിക നാളുകളായിട്ടില്ല. ഭാഷ അത്ര വശമായിട്ടില്ല. അപരിചിതമായ ഒരു നാട്ടിലേക്ക് ദീർഘമായി യാത്ര ചെയ്യുന്നതിൽ ചെറിയ ആശങ്കയുമുണ്ട്. പക്ഷേ, നബിദിന പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമായും അവർ ക്ഷണിച്ചിരിക്കുന്നത്. അത് മനസ്സിൽ വലിയ സന്തോഷം നൽകുന്നുണ്ട്. റബീഇന്റെ ഈജിപ്ഷ്യൻ ഗ്രാമക്കാഴ്ചകൾ കാണാനുള്ള അവസരമാണിതെന്ന് കരുതി സുഹൃത്തിനെയും കൂട്ടി യാത്ര പുറപ്പെടാൻ തന്നെ തീരുമാനിച്ചു.
കെയ്‌റോയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ റംസീസിൽ നിന്നും ട്രെയിൻ പുറപ്പെടുമ്പോൾ സമയം രാത്രി ഒമ്പത് മണിയായിട്ടുണ്ട്. ഇസ്‌നായിലെത്താൻ പതിമൂന്ന് മണിക്കൂറിലധികം യാത്രയുണ്ട്. രാത്രിയായത് കൊണ്ട് ട്രൈനിന്റെ ജാലകക്കാഴ്ചകൾക്ക് തെളിച്ചം തീരെയില്ല. പുറത്തേക്ക് നോക്കുമ്പോൾ ഇരുട്ടിനിടയിലൂടെ ഒഴുകുന്ന പ്രകാശ രേഖകൾ കാണാം. ഇടക്കിടെ മഞ്ഞ വെളിച്ചത്തിൽ തിളങ്ങുന്ന ചെറുഗ്രാമങ്ങൾ, വിദൂരതയിൽ, ചെറിയ കുടിലുകളിൽ കാണുന്ന അരണ്ട വെളിച്ചം മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്നുണ്ട്. എത്രയെത്ര മനുഷ്യരാണ് ഈ ഗ്രാമങ്ങളിൽ ജീവിക്കുന്നുണ്ടാവുക. പാവങ്ങളും പണക്കാരും എല്ലാമുണ്ടാകും. ട്രെയിനിനുള്ളിലെ തണുത്ത് വിറയ്ക്കുന്ന ശാന്തമായ നിശബ്ദതയിൽ അറിയാതെ ഉറക്കത്തിലേക്ക് വീണിരുന്നു. ദീർഘമായ യാത്രക്കൊടുവിൽ ലക്‌സർ നഗരത്തിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ തെക്ക് മാറി, നൈൽ നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഇസ്‌നാ റെയിൽവേ സ്റ്റേഷനിലിറങ്ങി.
ഈജിപ്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് ഇസ്‌നാ. നിരവധി വാണിജ്യ വിപണികൾ ഇവിടെയുണ്ട്. ഏറ്റവും മനോഹരവും പഴക്കമേറിയതുമായ വിപണികളിൽ ഒന്നായ ഖയ്‌സരിയ മാർക്കറ്റ് ഇവിടെയാണ്. നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ ഇസ്‌നാ ക്ഷേത്രമാണ് വിനോദ സഞ്ചാരികളുടെ പ്രധാന ഡസ്റ്റിനേഷൻ. പുരാതന ഈജിപ്തിനെ അതിന്റെ ശക്തിയുടെ ഉന്നതിയിലെത്തിച്ച പതിനെട്ടാം രാജവംശത്തിന്റെ കാലത്തെ ഒരു പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് ഇപ്പോഴത്തെ ക്ഷേത്രം നിർമിച്ചതെന്നാണ് ചരിത്രം. അവിടെ തുത്മോസ് രാജാവിന്റെ (ബിസി 1468-1436) പേര് ഉൾക്കൊള്ളുന്ന ലിഖിതങ്ങളുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഈ നഗരത്തിന് ഇസ്‌നാ എന്ന പേര് വന്നത്.
സ്വീകരിക്കാനായി രണ്ട് പേർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഇവിടെ നിന്നും അരമണിക്കൂർ കൂടി യാത്രയുണ്ട്. തുക്-തുക്(ഈജിപ്തിലെ ഓട്ടോറിക്ഷ) വിളിച്ച് അവരോടൊപ്പം പോയി. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, ഗ്രാമത്തിലേക്ക് കടന്നു. ഇരുവശങ്ങളിലും മനോഹരമായ കാഴ്ചകളാണ്. ഒരുവശത്ത് വിശാലമായ പാടശേഖരങ്ങൾ പച്ചപ്പണിഞ്ഞു നിൽക്കുന്നു. അങ്ങിങ്ങായി, കൃഷിയുടെ കാവൽക്കാരായി ചെറിയ കുടിലുകൾ കാണാം. അവക്കുള്ളിൽ തൊഴിലാളികളും അവരുടെ ജോലിക്കുള്ള ഉപകരണങ്ങളുമാണുള്ളത്. അതിന് ചാരെ കൃഷിക്ക് സഹായിക്കുന്ന മൃഗങ്ങൾ മേയുന്നുണ്ട്.
ഗ്രാമത്തിൽ കർഷകരാണ് കൂടുതലും. പകൽ സമയം മുഴുവനും അവർ കൃഷിത്തോട്ടങ്ങളിലാണ്. പ്രകൃതിയോട് ചേർന്ന ജീവിതം അവരുടെ ഓരോ അനക്കങ്ങളിലും കാണാം. നൈൽ നദിയാണ് അവരുടെ ജീവിതത്തിന് ഊർജം പകരുന്നത്. അത് അവരുടെ ജീവിതത്തിന്റെ താളമാണ്. പുലർച്ചെ കനാലുകളിൽ വെള്ളം തുറന്നുവിട്ട് അവർ കൃഷിയിടങ്ങളിലേക്കെത്തിക്കും. വിളവെടുപ്പിനായി ഒരുങ്ങി നിൽക്കുന്ന പലതരം പച്ചക്കറികളും പഴങ്ങളും പച്ചപ്പുകൾക്കിടയിൽ തിങ്ങി നിൽകുന്നത് മനോഹരമായ കാഴ്ചയാണ്. പാകമായ കരിമ്പുകൾ തോട്ടത്തിൽ നിന്ന് പെട്ടെന്ന് ഫാക്ടറിയിലെത്തിക്കാൻ റെയിൽ പോലൊരു സംവിധാനം റോഡരികിൽ കണ്ടു. പാതയോരങ്ങളിലെ കാഴ്ചകൾ കണ്ട് തീരും മുമ്പ് വാഹനം വിശാലമായ ചോളപ്പാടത്തിനരികിലെ ഒരു കൊച്ചു കൂരക്ക് മുന്നിൽ ചെന്നുനിന്നു.



