Kerala
ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച് സ്വയം ജീവിതം ഹോമിച്ച വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്ന് രാഹുല്‍ഗാന്ധി
പുതുപ്പള്ളിയില്‍ രണ്ടാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം

കോട്ടയം | ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച് സ്വയം ജീവിതം ഹോമിച്ച വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്ന് രാഹുല്‍ഗാന്ധി. കോട്ടയത്ത് പുതുപ്പള്ളി പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനവും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
21 വര്‍ഷത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്രമാത്രം തന്നെ സ്വാധീനിച്ച മറ്റൊരു നേതാവില്ലെന്നും രാഹുല്‍ പറഞ്ഞു. ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ ക്രിമിനല്‍ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നിട്ടും ഒരിക്കലും ഒരു മോശം പരാമര്‍ശം ഉമ്മന്‍ചാണ്ടി ഇതേക്കുറിച്ച് നടത്തിയിട്ടില്ല. പല അര്‍ഥത്തിലും തന്റെ ഗുരുവായ ഉമ്മന്‍ചാണ്ടി, നന്മയുടെ സന്ദേശം കൈമാറി പലരുടെയും ഗുരുവായി മാറി.
ഉമ്മന്‍ചാണ്ടിയെപ്പോലെ ഉള്ള വ്യക്തിത്വങ്ങളെ സൃഷ്ടിക്കുകയെന്നതാണ് ഏവരുടെയും ഉത്തരവാദിത്വമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കെ പി സി സി നടപ്പാക്കുന്ന ശ്രുതി തരംഗം പദ്ധതിയിലൂടെ മൂന്ന് കുട്ടികള്‍ക്ക് കൊക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയക്കുള്ള സഹായം, ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നല്‍കുന്ന 11 വീടുകളുടെ താക്കോല്‍ദാനം എന്നിവയും രാഹുല്‍ഗാന്ധി നിര്‍വഹിച്ചു.
കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. മത സാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.