Kerala
നിയമസഭയിലെത്തിയത് ആരെയും ധിക്കരിച്ചല്ല; എന്നും പാര്‍ട്ടിക്ക് വിധേയനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍
താന്‍ ഏതെങ്കിലും ഒരു നേതാവിനെ കാണാന്‍ ശ്രമിക്കുകയോ അതിന് അനുമതി നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ല.

തിരുവനന്തപുരം | മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ യാഥാര്‍ഥ്യത്തിന്റെ പരിസരം വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.ഇന്ന് നിയമസഭയില്‍ എത്തിയത് ആരേയും ധിക്കരിച്ചല്ലെന്നും താന്‍ എപ്പോഴും പരിപൂര്‍ണമായും പാര്‍ട്ടിക്ക് വിധേയനായിരിക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തകനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഏതെങ്കിലും ഒരു നേതാവിനെ കാണാന്‍ ശ്രമിക്കുകയോ അതിന് അനുമതി നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ല. സസ്‌പെന്‍ഷനിലുള്ള ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അക്കാര്യങ്ങളൊക്കെ അറിയാം
അരോപണങ്ങള്‍ക്ക് ശേഷം മൗനത്തിലായിരുന്നുവെന്ന വാര്‍ത്തകള്‍ ശരിയല്ല. ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷം രണ്ട് തവണ താന്‍ മാധ്യമങ്ങളെ കണ്ടിട്ടുണ്ട്. ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനാല്‍ അതിന് കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല. തന്നെ കൊന്നു തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാറിന്റെ കീഴിലാണ് അന്വേഷണമെന്നതിനാല്‍ യാതൊരു ആനുകൂല്യവും പ്രതീക്ഷിക്കുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അതേ സമയം പുറത്തു വന്ന ഓഡിയോ ക്ലിപ്പിനെ കുറിച്ചും തുടര്‍ ദിവസങ്ങളില്‍ നിയമസഭയിലെത്തുമോ എന്നതടക്കമുള്ള പല ചോദ്യങ്ങളില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒഴിഞ്ഞു മാറി