Connect with us

Kerala

മാധ്യമങ്ങളെ കാണരുതെന്ന് നേതൃത്വം; ഗതികെട്ട് പത്രസമ്മേളനം റദ്ദാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍

വി ഡി സതീശന്‍ നേരിട്ട് ഫോണില്‍ വിളിച്ചെന്ന് സൂചന

Published

|

Last Updated

കോഴിക്കോട്| ലൈംഗികാരോപണത്തില്‍ കുടുങ്ങിയ മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം അവസാന നിമിഷം റദ്ദാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനുള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതൃത്വം മാധ്യമങ്ങളെ കാണരുതെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി. പത്രസമ്മളനത്തില്‍ ഇരയെ കുറിച്ച് മോശം അഭിപ്രായം രാഹുല്‍ പറയുകയോ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടുകയോ ചെയ്യുമെന്ന ആശങ്ക തിരിച്ചറിഞ്ഞാണ് നേതൃത്വത്തിന്റെ ഇടപെടല്‍. ഇരകളെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചാല്‍ രംഗം കൂടുതല്‍ വഷളാകുമെന്നാണ് കണക്കുകൂട്ടൽ. സതീശന്‍ ഇക്കാര്യം സൂചിപ്പിച്ച് രാഹുലിനെ നേരിട്ട് ഫോണില്‍ വിളിച്ചതായാണ് സൂചന.

പത്തനംതിട്ടയിലെ സ്വന്തം വസതിയില്‍ ഉച്ചക്ക് 3.30ന് ശേഷം പത്രസമ്മേളനം നടത്തുമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് മാധ്യമപ്രവര്‍ത്തകരും വീട്ടിലെത്തി. എന്നാൽ 4.30ഓടെ പിന്നീട് കാണാമെന്ന് മാധ്യമപ്രവർത്തകരെ അറിയിച്ച് രാഹുലിനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ വീടിന്റെ വാതിലടക്കുകയായിരുന്നു.

ലൈംഗികാരോപണം വന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷ പദവി രാജിവെച്ചതായി രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് പ്രഖ്യാപിച്ചിരുന്നത്. എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉള്‍പ്പെടെ മുറുകിയ സാഹചര്യത്തില്‍ ഇന്നത്തെ രാഹുലിന്റെ പത്രസമ്മേളനം ഏറെ ആകാംക്ഷയോടെയായിരുന്നു രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നത്.

Latest