Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വരുന്നതില്‍ സ്വയം തീരുമാനിക്കാം; പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത് സ്പീക്കറെ അറിയിക്കാന്‍ കോണ്‍ഗ്രസ്
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.

തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് സ്പീക്കറെ അറിയിക്കാന്‍ കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും. രാഹുല്‍ നിയമസഭയില്‍ വരുന്നതില്‍ സ്വന്തം നിലയ്ക്ക് തീരുമാനിക്കട്ടെ എന്നാണ് നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തതാണ്. അതിനാല്‍ ഇനി രാഹുലിന് സ്വന്തം നിലയ്ക്ക് തീരുമാനിക്കാം. ഇപ്പോഴത്തെ നടപടി സ്പീക്കറെ അറിയിക്കാനാണ് പാര്‍ട്ടി ആലോചന.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസില്‍ കൂടുതല്‍ തെളിവ് തേടി ക്രൈംബ്രാഞ്ച്. ഗര്‍ഭഛിദ്രത്തിന് യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുലിന്റെ സുഹൃത്തായ യുവ വ്യവസായിയാണെന്ന വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചു. അശാസ്ത്രീയ ഗര്‍ഭഛിദ്രം നടന്നത് നാലാം മാസമാണെന്നത് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.രാഹുലിനൊപ്പം വ്യവസായിയും ഗര്‍ഭഛിദ്രത്തിന് യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പത്തനംതിട്ട സ്വദേശിയായ രാഹുലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യുവ വ്യവസായിയുടെ ഫോണ്‍ വിവരങ്ങളില്‍ ഭീഷണി വ്യക്തമാകുന്നുണ്ട്. ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസ് അന്വേഷണത്തില്‍ സുപ്രധാന നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. രാഹുലിനെതിരെ തെളിവുകള്‍ ശേഖരിക്കുന്ന നടപടികളില്‍ പുരോഗതിയാണു ദൃശ്യമാകുന്നത്.ഗര്‍ഭഛിദ്രത്തില്‍ രാഹുലിന് പുറമേ മറ്റൊരാള്‍കൂടി പങ്കാളിയായി എന്ന വിവരം കുറ്റകൃത്യത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. രാഹുലിന്റെ നാട്ടുകാരനായ യുവവ്യവസായി വഴി രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിക്ക് മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള രണ്ട് മരുന്നുകളാണ് എത്തിച്ചു നല്‍കിയത് എന്നുകണ്ടെത്തി. നാലാം മാസത്തില്‍ ഈ മരുന്ന് കഴിച്ച് യുവതി ഗര്‍ഭഛിദ്രം നടത്തിയതിനും തെളിവു ലഭിച്ചു. ഡോക്ടറുടെ സാന്നിധ്യം പോലുമില്ലാതെ അശാസ്ത്രീയമായായിരുന്നു ഗര്‍ഭഛിദ്രം.കേസില്‍ രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവരുെട മൊഴി രേഖപ്പെടുത്തുന്ന നടപടികളും ക്രൈംബ്രാഞ്ച് തുടരുകയാണ്.
കഴിഞ്ഞ ദിവസം നടി റിനി ആന്‍ ജോര്‍ജിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. രാഹുലിനെതിരായ നടപടികള്‍ക്ക് തുടക്കമിട്ടതിന് റിനിയുടെ വെളിപ്പെടുത്തലുകളായിരുന്നു. രാഹുല്‍ അയച്ച അശ്ലീല സന്ദേശങ്ങളുടെ പകര്‍പ്പ് നടി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. റിനിക്ക് പുറമേ പരാതിക്കാരായ പതിനൊന്ന് പേരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നുണ്ട്. ഡിവൈ എസ് പി ഷാജിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരായ മറ്റ് പതിനൊന്ന് പേരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു റിനി നേരത്തേ വെളിപ്പെടുത്തിയത്. രാഹുലിന്റെ പേര് റിനി പറഞ്ഞിരുന്നില്ല. ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചുവെന്നും ‘ഹു കെയേഴ്‌സ്’ എന്നതായിരുന്നു അയാളുടെ പ്രതികരണമെന്നും റിനി പറഞ്ഞിരുന്നു.