National
തീവ്ര വോട്ടർപട്ടിക പരിഷ്കരണം രാജ്യവ്യാപകമായി നടപ്പാക്കുന്നു; അടുത്ത മാസം നടപടികൾ തുടങ്ങിയേക്കും
ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചുചേർത്ത വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ സ്ഥാപനങ്ങളിലെയും തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച പ്രാഥമിക കാര്യങ്ങൾ ചർച്ച ചെയ്തതായാണ് വിവരം.
		
      																					
              
              
            ന്യൂഡൽഹി | ബീഹാർ മാതൃകയിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചുചേർത്ത വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ സ്ഥാപനങ്ങളിലെയും തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച പ്രാഥമിക കാര്യങ്ങൾ ചർച്ച ചെയ്തതായാണ് വിവരം. ബിഹാറിൽ ആരംഭിച്ച ‘സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) എന്ന പേരിലുള്ള ഈ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടൻ നടപ്പാക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പദ്ധതി എപ്പോൾ തുടങ്ങുമെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, അടുത്തമാസം മുതല്‍ ആരംഭിക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. വോട്ടർ പട്ടികയുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രങ്ങൾ പറയുന്നു.
കഴിഞ്ഞ ജൂൺ 24-ന് പുറത്തിറക്കിയ ഉത്തരവിലാണ് രാജ്യവ്യാപകമായി എസ് ഐ ആർ പ്രക്രിയ നടപ്പാക്കാനുള്ള തീരുമാനം അറിയിച്ചത്. നേരത്തെ, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിൽ മാത്രമാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തീയതികൾ പിന്നീട് അറിയിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ബിഹാറില്‍ നടത്തിയ വോട്ടർ പട്ടിക പരിഷ്കരണം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


