local body election 2025
"വോട്ട് വേ കൂട്ട് റേ'
കൂളിമാട് പാലത്തിൽ സൗഹൃദത്തിന്റെ വോട്ട് തേടൽ
എടവണ്ണപ്പാറ | വാഴക്കാട് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഗോദയിൽ വേറിട്ട കാഴ്ചയായി കൂളിമാട് പാലം മാറുന്നു. പഞ്ചായത്തിലെ എട്ടാം വാർഡിലെ (മപ്രം) തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെയും രാഷ്ട്രീയ ചർച്ചകളുടെയും പ്രധാന കേന്ദ്രമായി കൂളിമാട് പാലത്തിന്റെ മപ്രം ഭാഗം മാറിയിരിക്കുകയാണ്.
മുൻകാലങ്ങളിൽ വാർഡിന്റെ രാഷ്ട്രീയ തലസ്ഥാനമായി അറിയപ്പെട്ടിരുന്ന മപ്രം പൊറ്റമ്മലിൽ നിന്ന് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൂളിമാട് പാലത്തിന്റെ പരിസരത്തേക്ക് പ്രചാരണത്തിന്റെ ചൂട് മാറിയതാണ് ഇത്തവണത്തെ പ്രത്യേകത. രാവിലെ മുതലുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് ശേഷം സായാഹ്ന പ്രചാരണത്തിനായാണ് എട്ടാം വാർഡിലെ യു ഡി എഫ് സ്ഥാനാർഥി മുത്തു തങ്ങളും ഇടതുപക്ഷ സ്ഥാനാർഥി വി പി അബ്ദുവും പാലത്തിന്റെ മപ്രം ഭാഗത്തെത്തിയത്. വോട്ടർമാരെ കാണാനെത്തിയ ഇരുവരും കണ്ടുമുട്ടിയപ്പോൾ തിരഞ്ഞെടുപ്പ് മത്സരത്തിന്റെ വീറും വാശിയും മാറ്റിവെച്ച് പരസ്പരം കുശലം പറയാനും സൗഹൃദം പങ്കിടാനും മറന്നില്ല. ചെറുപ്പകാലം മുതലേയുള്ള സുഹൃത്തുക്കളായ ഇരുവരും തിരഞ്ഞെടുപ്പ് ഗോദയിൽ നേർക്കുനേർ വന്നെങ്കിലും വ്യക്തിബന്ധത്തിന് രാഷ്ട്രീയപ്പോര് തടസ്സമല്ലെന്ന് തെളിയിക്കുന്നതായിരുന്നു കൂളിമാട് പാലത്തിലെ ഈ കൂടിക്കാഴ്ച.


