Connect with us

Saji Cherian's Controversial Remarks

"നാക്കുപിഴ'; ഒടുവില്‍ രാജി

മൂന്ന് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാകുന്ന ശിക്ഷയാണ് വാക്കിലൂടെയോ എഴുത്തിലൂടെയോ ഭരണഘടനയെ അപഹസിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാനപരമായ മൂല്യങ്ങളെ നിഷേധിക്കുന്ന ഒരാള്‍ മന്ത്രിപദത്തിലിരിക്കുന്നത് ന്യായമല്ലെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ അനുരണനമാണ് സജി ചെറിയാന്റെ രാജി.

Published

|

Last Updated

മൈക്കിനു മുമ്പിലെത്തുമ്പോള്‍ സ്ഥലകാല ബോധമോ, തന്റെ പദവിയെയും സ്ഥാനത്തെയും കുറിച്ച ചിന്തയോ ഉണ്ടാകാറില്ല പല രാഷ്ട്രീയ നേതാക്കള്‍ക്കും. സി പി എം നേതാവും മന്ത്രിയുമായ സജി ചെറിയാന് സംഭവിച്ചതും ഇതായിരിക്കണം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ ചൊവ്വാഴ്ച പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ ഇന്ത്യന്‍ ഭരണഘടനയെ അതിരൂക്ഷവും മോശവുമായ രീതിയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. “ഭരണഘടന ആത്യന്തികമായി ജനങ്ങള്‍ക്കെതിരാണ്. അതിന്റെ അരികിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ടെങ്കിലും ജനങ്ങളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനും പാകത്തിലാണ് അത് തയ്യാറാക്കിയത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞു കൊടുത്തതും തയ്യാറാക്കിയതുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന പേരില്‍ നിലവിലുള്ളത്’ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ ഭരണഘടനക്കെതിരായ പരാമര്‍ശങ്ങള്‍.

വിമര്‍ശനങ്ങള്‍ക്കതീതമേ അല്ല ഇന്ത്യന്‍ ഭരണഘടന. ഭരണഘടനയെ വിമര്‍ശിക്കാനുള്ള അധികാരം ഭരണഘടന തന്നെ നല്‍കുന്നുണ്ട്. കരട് തയ്യാറായ ഘട്ടത്തില്‍ തന്നെ അതിനെതിരെ വിമര്‍ശം ഉയര്‍ന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഭരണഘടനയെ വിമര്‍ശിക്കുന്നത് വലിയ പാതകമല്ല. അതുപക്ഷേ മാന്യമായ ഭാഷയിലായിരിക്കണം. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അതിനോട് കാണിക്കേണ്ട ആദരവും ബഹുമാനവും പാലിച്ചുകൊണ്ടായിരിക്കണം. അങ്ങാടിപ്പിള്ളേരുടെ ശൈലിയിലാകരുത് വിമര്‍ശനം, മന്ത്രിപദവിയിലിരിക്കുന്നയാള്‍ വിശേഷിച്ചും. “നിയമം വഴി സ്ഥാപിതമായ ഭരണഘടനയോട് നിര്‍വ്യാജമായ കൂറും വിശ്വസ്തതയും പുലര്‍ത്തു’മെന്ന പ്രതിജ്ഞയോടെയാണ് ജനപ്രതിനിധികള്‍ അധികാരത്തിലേറുന്നത്. ഒരു മന്ത്രിക്കു ചേര്‍ന്നതായില്ല വിമര്‍ശനത്തിന് സജി ചെറിയാന്‍ പ്രയോഗിച്ച വാക്കുകളും ശൈലിയും. ജനങ്ങളെ കൊള്ളയടിക്കാന്‍ പാകത്തിലുള്ള ഭരണഘടനയെന്ന വാക്ക് അതിരു കടന്നതായിപ്പോയി. ഇത് വിമര്‍ശമല്ല, അധിക്ഷേപമാണ്. വിമര്‍ശവും അധിക്ഷേപവും രണ്ടാണ്. ജനദ്രോഹപരമാണ് ഭരണഘടനയെങ്കില്‍ അതിനോട് കൂറുപുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞാ വേളയില്‍ അദ്ദേഹം ഏറ്റു ചൊല്ലിയതെന്തിന്? സത്യപ്രതിജ്ഞാ ലംഘനമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യന്‍ ഭരണഘടനയുടെ ഉത്പന്നമാണ് കേരളത്തിന്റെ മന്ത്രിസഭയെന്നും താന്‍ അതിലെ ഒരംഗമായത് ഭരണഘടനയുടെ 163,164 ആര്‍ട്ടിക്കിളുകള്‍ അനുസരിച്ചാണെന്നുമുള്ള കാര്യവും അദ്ദേഹം ആലോചിച്ചില്ല. ആവേശത്തള്ളിച്ചയില്‍ പറഞ്ഞ വാക്കുകള്‍ അനുചിതമയിപ്പോയെന്ന് അദ്ദേഹത്തിനു തന്നെ ബോധ്യമായതു കൊണ്ടാണല്ലോ ഭരണഘടനയെ അല്ല, ഭരണകൂടത്തെയാണ് താന്‍ വിമര്‍ശിച്ചതെന്ന് തിരുത്തിപ്പറയുകയും ക്ഷമാപണം നടത്തുകയും ഒടുവില്‍ രാജിവെക്കുകയും ചെയ്യേണ്ടി വന്നത്.

ബ്രിട്ടീഷുകാരന്‍ പറഞ്ഞു കൊടുത്തതും തയ്യാറാക്കിയതുമായ ഭരണ ഘടനയാണ് നമ്മുടേതെന്ന പരാമര്‍ശം ശുദ്ധവിവരക്കേടാണ്. ഏതൊരു രാഷ്ട്രത്തിന്റെ ഭരണഘടനയിലും ഇതര രാജ്യങ്ങളിലെ ഭരണഘടനയില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ചിട്ടുണ്ട.് അതുപോലെ ഇന്ത്യന്‍ ഭരണഘടനയും കടം കൊണ്ടിട്ടുണ്ട്. ഉദാഹരണമായി മൗലികാവകാശങ്ങളും ജഡ്ജിമാരെ ഇംപീച്ച് ചെയ്യാനുള്ള ആശയവും സ്വീകരിച്ചത് അമേരിക്കയില്‍ നിന്നാണ്. ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമം ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് കടം കൊണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തുല്യ പങ്കാളിത്തമുള്ള കണ്‍കറന്റ് ലിസ്റ്റിന്റെ ഉറവിടം ആസ്‌ത്രേലിയയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ്, മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ എന്നിവ അയര്‍ലന്‍ഡില്‍ നിന്നും കടം കൊണ്ടു. അതുപോലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, ഭൂരിപക്ഷ സര്‍ക്കാര്‍, ഫെഡറല്‍ കോടതി, തിരഞ്ഞെടുപ്പ് തുടങ്ങി ജനാധിപത്യ വാഴ്ചയുമായി ബന്ധപ്പെട്ട പലതും 1935ലെ ബ്രിട്ടീഷ് നിയമത്തില്‍ നിന്നാണ്. ലോകത്തെ എല്ലാ ഭരണഘടനകളിലെയും പ്രധാന ഘടകങ്ങളെല്ലാം ഏറെക്കുറെ ഒരുപോലെയിരിക്കും. അതുകൊണ്ട് മറ്റു ഭരണഘടനകള്‍ ആസ്പദമാക്കി അതേപടി ഉണ്ടാക്കിയ ഭരണഘടനയാണ് നമ്മുടേതെന്നു പറയാനാകുമോ? ഭരണഘടനയെ വേണ്ടവിധം പഠിക്കാത്തവര്‍ മാത്രമേ ഇത് പറയുകയുള്ളൂവെന്നാണ് ഇത്തരം ആരോപണങ്ങളെക്കുറിച്ച് ഭരണഘടനാ ശില്‍പ്പി അംബേദ്കര്‍ പ്രതികരിച്ചത്. ആശയങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് കടമെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പാകപ്പെടുത്തിയാണ് നമ്മുടെ ഭരണഘടന തയ്യാറാക്കിയത്. അതെങ്ങനെ പകര്‍പ്പ് കോപ്പിയാകും?

നിലവിലെ ഭരണഘടന ബ്രിട്ടീഷുകാരുടെ “ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് 1935’ന്റെ പകര്‍പ്പും ഇന്ത്യന്‍ സാഹചര്യത്തിനു ചേരാത്തതും പൊളിച്ചെഴുതേണ്ടതുമാണെന്ന അഭിപ്രായം ആര്‍ എസ് എസിന് നേരത്തേയുള്ളതാണ്. ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പുതിയ ഭരണഘടനയുടെ പണിപ്പുരയിലാണ് സംഘ്പരിവാര്‍ ഇപ്പോള്‍. അവര്‍ക്ക് ആയുധം നല്‍കുക കൂടിയാണ് സജി ചെറിയാന്‍ തന്റെ പ്രസംഗത്തിലൂടെ ചെയ്തത്.

ഭരണഘടനയോട് കൂറുപുലര്‍ത്തുന്ന പാര്‍ട്ടിയാണ് സി പി എം. പാര്‍ട്ടി ഭരണഘടനയിലെ 20 എ വകുപ്പില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സജി ചെറിയാനു സംഭവിച്ച അബദ്ധത്തെ, നാക്കുപിഴയെന്നു പറഞ്ഞ് ലഘൂകരിക്കാന്‍ ശ്രമിക്കാതെ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് നിയമപരവും ന്യായവുമായ പരിഹാരം കാണാനുള്ള നടപടി പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ്സ് ബി നേതാവായിരുന്ന ബി ബാലകൃഷ്ണ പിള്ളയുടെ 1985ലെ പഞ്ചാബ് മോഡല്‍ പ്രസംഗത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ അനുസ്മരിപ്പിക്കുന്നതാണ് സജി ചെറിയാനെതിരെ ഉയര്‍ന്ന ജനരോഷം. ബാലകൃഷ്ണ പിള്ളയുടെ രാജിയിലാണ് അന്നത്തെ പ്രസംഗം കലാശിച്ചത്. മൂന്ന് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാകുന്ന ശിക്ഷയാണ് വാക്കിലൂടെയോ എഴുത്തിലൂടെയോ പ്രവൃത്തിയിലൂടെയോ ഭരണഘടനയെ അപഹസിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാനപരമായ മൂല്യങ്ങളെ നിഷേധിക്കുന്ന ഒരാള്‍ മന്ത്രിപദത്തിലിരിക്കുന്നത് ന്യായമല്ലെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ അനുരണനമാണ് സജി ചെറിയാന്റെ രാജി.

Latest