Kerala
അവസരവാദ നിലപാടുകാരെ അവസരവാദിയെന്ന് തന്നെ പറയും'; പാംപ്ലാനിക്കെതിരായ പരാമര്‍ശം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍
അവസരവാദമെന്നത് അശ്ലീലഭാഷയല്ല. തെറ്റായ നിലപാട് സ്വീകരിച്ച സഭയിലെ ചിലരെ മാത്രമാണ് വിമര്‍ശിച്ചത്.

തിരുവനന്തപുരം | തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയാണെന്ന പരാമര്‍ശം ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്ന് തന്നെ പറയുമെന്നും അവസരവാദമെന്നത് അശ്ലീലഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ നിലപാട് സ്വീകരിച്ച സഭയിലെ ചിലരെ മാത്രമാണ് വിമര്‍ശിച്ചത്. ഗോവിന്ദച്ചാമി സംസാരിക്കുന്നതു പോലെ എം വി ഗോവിന്ദന്‍ സംസാരിക്കരുതെന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഓരോരുത്തരും അവരുടെ നിലവാരത്തിനനുസരിച്ചാണ് പ്രതികരിക്കുകയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
‘സി പി എം-സഭ പോര് എന്ന ഒന്നില്ല. കുര്‍ബാന നടത്താന്‍ പാര്‍ട്ടി ഓഫീസ് വിട്ടുകൊടുത്തവരാണ് സി പി എം. സഭയില്‍ രണ്ടു വിഭാഗങ്ങളുണ്ട്. ചില ബിഷപ്പുമാര്‍ സംഘ്പരിവാറിനെ മനസ്സിലാക്കുന്നില്ല’. തൃശൂരിലെ വോട്ട് വിവാദത്തില്‍ ബി ജെ പി രാഷ്ട്രീയമായി ഉത്തരം പറയണമെന്നും ആവശ്യമായ പരിശോധന നടത്തണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഗോവിന്ദന്റെ കടന്നാക്രമണം. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബി ജെ പിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി. അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയി. ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്‌ലിമോ കമ്മ്യൂണിസ്റ്റോ ആര്‍ എസ് എസിന്റെ പട്ടികയില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.