Connect with us

National

എലിസബത്ത് രാജ്ഞി മൂന്ന് തവണ ഇന്ത്യ സന്ദർശിച്ചു; അവസാനം എത്തിയത് 1997ൽ

1961 ജനുവരി 21നായിരുന്നു എലിസബത്ത് രാജ്ഞിയുടെയും ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെയും ആദ്യ ഇന്ത്യാ സന്ദർശനം

Published

|

Last Updated

ന്യൂഡൽഹി | വിടവാങ്ങിയ എലിസബത്ത് രാജ്ഞി ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയ രാഷ്ട്രനേതാവായിരന്നു. മൂന്ന് തവണ അവർ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 1961, 1983, 1997 വർഷങ്ങളിലാണ് അവർ ഇന്ത്യയിലെത്തിയത്.

1961 ജനുവരി 21നായിരുന്നു എലിസബത്ത് രാജ്ഞിയുടെയും ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെയും ആദ്യ ഇന്ത്യാ സന്ദർശനം. ഇവരെ സ്വീകരിക്കാൻ മുൻ രാഷ്ട്രപതി രാജേന്ദ്രപ്രസാദും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാലം വിമാനത്താവളത്തിൽ എത്തിയിരുന്നു. 1961 ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിന് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും സാക്ഷ്യം വഹിച്ചു.


ഇരുവരും അന്ന് കാശിയിലും എത്തിയിരുന്നു. കാശി രാജാവായ വിഭൂതി നാരായൺ സിങ്ങിനൊപ്പം അവർ ആനപ്പുറത്ത് കയറി. ആറാഴ്ചത്തെ പര്യടനത്തിനിടെ ഇരുവരും താജ്മഹലും ജയ്പൂരും സന്ദർശിച്ചു. ഇതിനിടയിൽ ഫിലിപ്പ് രാജകുമാരൻ കടുവയെ വേട്ടയാടി.

1983ൽ കോമൺവെൽത്ത് രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുക്കാനായിരുന്നു ബ്രിട്ടീഷ് രാജ്ഞിയുടെ രണ്ടാം ഇന്ത്യ സന്ദർശനം. ഇതിനിടയിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അവർ കണ്ടു. 1983 നവംബർ 7-ന് രാഷ്ട്രപതി ഭവനിൽ അന്നത്തെ പ്രസിഡന്റ് ജിയാനി സെയിൽ സിംഗ് ബ്രിട്ടീഷ് രാജദമ്പതികളെ ആദരിച്ചു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 50 വർഷം പൂർത്തിയാക്കിയ വേളയിൽ 1997ലാണ് ബ്രിട്ടൻ രാജ്ഞി അവസാനമായി ഇന്ത്യ സന്ദർശിച്ചത്. ഇതിനിടയിൽ രാജ്ഞിക്ക് രാഷ്ട്രപതി ഭവനിൽ ഗാർഡ് ഓഫ് ഓണർ നൽകി. അന്ന് എലിസബത്ത് രാജ്ഞി അമൃത്സറിൽ സിഖുകാരുടെ ഏറ്റവും പുണ്യസ്ഥലമായ സുവർണ്ണ ക്ഷേത്രത്തിലും സന്ദർശനം നടത്തി.