International
പുടിനുമായി ഫോണില്‍ സംസാരിച്ച് മോദി; യുക്രൈന്‍ വിഷയത്തില്‍ നിലപാട് അറിയിച്ച് ഇന്ത്യ
. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും വിലയിരുത്തലുകളും ഫോണില്‍ സംസാരിച്ചു

ന്യൂഡല്‍ഹി | യുക്രൈന്‍ വിഷയത്തില്‍ അലാസ്‌കയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും വിലയിരുത്തലുകളും ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയും റഷ്യന്‍ എണ്ണ വാങ്ങുന്നതിന് 25 ശതമാനം പിഴയും യുഎസ് പ്രസിഡന്റ് ഏര്‍പ്പെടുത്തിയതിന് പിന്നാലെയുള്ള കൂടിക്കാഴ്ച ഇന്ത്യക്കും സുപ്രധാനമാണ്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് പുടിനെ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന ഇന്ത്യയുടെ നിലപാട് പുടിനെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ പൂര്‍ണ പിന്തുണയും ഉറപ്പുനല്‍കി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍, ഉഭയകക്ഷി സഹകരണത്തിലെ നിരവധി വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു
യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപും പുടിനും അലാസ്‌കയില്‍ മൂന്നു മണിക്കൂറോളം അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ അന്തിമ കരാര്‍ രൂപപ്പെട്ടില്ലെങ്കിലും വലിയ പുരോഗതിയുണ്ടായെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരുനേതാക്കളും പുറത്തുവിട്ടിട്ടില്ല.