Kerala
ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാര്‍; സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് അടൂര്‍ പ്രകാശ്
ബിനോയ് വിശ്വവുമായി മുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ല. മറ്റു പല ആളുകളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അടൂര്‍ പ്രകാശ്
തിരുവനന്തപുരം| പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ മുന്നണിയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ്. സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ യുഡിഎഫിലേക്ക് വരണം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തയ്യാറെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ ആയ നാള്‍ മുതല്‍ അഭിപ്രായം തുറന്നു പറഞ്ഞിട്ടുണ്ട്. പഴയകാര്യങ്ങള്‍ കൂടി ചിന്തിച്ചുകൊണ്ടായിരിക്കണം വരേണ്ടത്. അച്യുതമേനോന് മുഖ്യമന്ത്രിയാകാന്‍ അവസരം ഒരുക്കിയത് യുഡിഎഫ് സംവിധാനത്തിലൂടെയാണെന്ന് ഓര്‍ക്കണമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
സിപിഐയുമായുള്ള ചര്‍ച്ചകള്‍ പലരീതിയില്‍ പലവട്ടം നടന്നിട്ടുള്ളതാണ്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. ബിനോയ് വിശ്വവുമായി മുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ല. മറ്റു പല ആളുകളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കൂടിയാലോചനകളില്ലാതെ പിഎം ശ്രീയില്‍ ഒപ്പുവെച്ചതില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നണി മര്യാദയുടെ ലംഘനമാണ് നടപടിയെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.


