Uae
യു എ ഇ സന്ദര്‍ശനം: നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു
വിശാഖപട്ടണം ലുലു മാള്‍ 2028 ഡിസംബറില്‍. നവംബര്‍ 14, 15 തീയ്യതികളില്‍ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ യു എ ഇ വ്യവസായികള്‍ക്ക് ക്ഷണം.
അബൂദബി | മൂന്ന് ദിവസത്തെ ഔദ്യോഗിക യു എ ഇ സന്ദര്‍ശനത്തിനെത്തിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാണിജ്യ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കാര്‍ഷികരംഗം, റീട്ടെയ്ല്‍, ടെക്‌നോളജി ഉള്‍പ്പെടെ വിവിധ മേഖലകളിലായി മികച്ച നിക്ഷേപം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെയും ചന്ദ്രബാബു നായിഡു അബൂദബിയില്‍ സന്ദര്‍ശിച്ചു. ലുലു ഗ്രൂപ്പിന്റെ ആന്ധ്രാപ്രദേശിലെ നിക്ഷേപ പദ്ധതികളുടെ തുടര്‍നീക്കങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വിശാപട്ടണത്തെ നിര്‍ദിഷ്ട ഷോപ്പിംഗ് മാളിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. 2028 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. ആന്ധ്രയിലെ കര്‍ഷകര്‍ക്കുള്‍പ്പെടെ പിന്തുണയേകുന്ന വിജയവാഡയിലെ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം മൂന്ന് മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്നും യൂസഫലി ആന്ധ്രാ മുഖ്യമന്ത്രിയെ അറിയിച്ചു. ലുലുവിന്റെ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കി.
ആന്ധ്ര നിക്ഷേപ വകുപ്പു മന്ത്രി ബി സി ജനാര്‍ദ്ധന്‍ റെഡ്ഢി, വ്യവസായ മന്ത്രി ടി ജി ഭരത്, വ്യവസായ വകുപ്പ് സെക്രട്ടറി എന്‍ യുവരാജ്, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം എ, ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സ് ഡയറക്ടര്‍ ആനന്ദ് എ വി എന്നിവരും കൂടിക്കാഴ്ചയുടെ ഭാഗമായി.
ഇന്ത്യയിലെ ആദ്യ എ ഐ ഹബ്ബും ഡിജിറ്റല്‍ ഡാറ്റാ സെന്ററും വിശാഖപട്ടണത്ത് യാഥാര്‍ഥ്യമാക്കുമെന്ന ഗൂഗിള്‍ പ്രഖ്യാപനത്തിനു പിന്നാലെയാണ് യു എ ഇയിലെ മുന്‍നിര കമ്പനി മേധാവികളുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. നവംബര്‍ 14, 15 തിയ്യതികളില്‍ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ യു എ ഇ വ്യവസായികളെ മുഖ്യമന്ത്രി നായിഡു ആന്ധ്രയിലേക്ക് ക്ഷണിച്ചു.
രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം 2019ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് പിന്മാറിയ ലുലുവിനെ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു താത്പര്യമെടുത്താണ് വീണ്ടും സംസ്ഥാനത്തേക്ക് എത്തിച്ചത്. ആദ്യ വരവില്‍ നിലച്ചുപോയ പദ്ധതികളാണ് യാഥാര്‍ഥ്യമാകുന്നത്. ഗൂഗിള്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ എത്തുന്നതിനാല്‍ മികച്ച അടിസ്ഥാനസൗകര്യ വികസനമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ആന്ധ്രയിലെ ലുലുവിന്റെ വന്‍നിക്ഷേപം.


