Connect with us

k rail protest

കെ റെയിലിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിലും കലക്ടറേറ്റുകളിലും പ്രതിഷേധം

കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായി.

Published

|

Last Updated

തിരുവനന്തപുരം/ കോഴിക്കോട് | അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനെതിരെ കെ റെയില്‍ വിരുദ്ധ സമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പിന്തുണയോടെയായിരുന്നു സമരം. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, എം എം ഹസന്‍, കെ സി ജോസഫ് അടക്കമുള്ളവര്‍ പങ്കെടുത്തു.

അതിനിടെ, കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ടി സിദ്ദീഖ് എം എല്‍ എയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. കലക്ടറേറ്റിന് മുന്നില്‍ ബാരിക്കേഡ് വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്ന് ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് രണ്ട് തവണ ജലപീരങ്കിയും ഒരു തവണ കണ്ണീര്‍വാതകവും പ്രയോഗിച്ചു. തുടര്‍ന്ന്, വയനാട് റോഡില്‍ കുത്തിയിരുന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ടി സിദ്ദീഖ് എം എല്‍ എ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സിദ്ദീഖ് അടക്കമുള്ളവരെ കയറ്റിയ പോലീസ് ബസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടെ ബസ് യന്ത്രത്തകരാര്‍ കാരണം നിന്നുപോയി. ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്നാണ് ബസ് നിന്നതെന്നും ഇന്ധനത്തിനായി തങ്ങള്‍ പിരിവിട്ട് നല്‍കാമെന്നും സിദ്ദീഖ് പറഞ്ഞു. പിന്നീട് മറ്റൊരു ബസ് എത്തിയാണ് സിദ്ദീഖ് അടക്കമുള്ളവരെ കൊണ്ടുപോയത്.

പാലക്കാട്, തൃശൂർ കലക്ടറേറ്റുകൾക്ക് മുന്നിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ചിലര്‍ ഗേറ്റ് ചാടിക്കടന്ന് കലക്ടറേറ്റിന് ഉള്ളിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. തൃശൂരിൽ പോലീസ് ലാത്തിച്ചാർജ് നടത്തി.

Latest