Kerala
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് വെള്ളിയാഴ്ച നടക്കുന്നത്

തിരുവനന്തപുരം | കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് വെള്ളിയാഴ്ച നടക്കുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.
നഗരത്തില്‍ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. രാവിലെ 9.30 മുതലാണ് പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിക്കുന്നത്. രാവിലെ 10.15നു ഹെലികോപ്റ്ററിലാകും പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തുക. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ എ റഹിം, എം വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വേദിയിലുണ്ടാകും.