National
ആരോഗ്യനില വഷളായി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രധാനമന്ത്രി അടിയന്തിരമായി അഹമ്മദാബാദിലേക്ക് തിരിച്ചു

അഹമ്മദാബാദ് | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബൻ മോദിയെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അഹമ്മദാബാദിലെ ആശുപത്രിയിൽ അവരെ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അടിയന്തിരമായി അഹമ്മദാബാദിലേക്ക് തിരിച്ചു.
99കാരിയായ ഹീരാബൻ മോദിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ അവർ വെളിപ്പെടുത്തിയിട്ടില്ല.
ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴാണ് പ്രധാനമന്ത്രി അവസാനമായി മാതാവിനെ സന്ദർശിച്ചത്. കഴിഞ്ഞ ജൂണിൽ അവരുടെ 99-ാം ജന്മദിനാഘോഷത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടനുബന്ധിച്ച് മാതാവിനെക്കുറിച്ച നരേന്ദ്ര മോദി എഴുതിയ ബ്ലോഗ് വൈറലായിരുന്നു.
നരേന്ദ്ര മോദിയുടെ സഹോദരൻ പ്ലഹ്ളാദ് മോദിയും കുടുംബവും സന്ദർശിച്ച കാർ മൈസൂരിന് സമീപം ഇന്നലെ അപകടത്തിൽപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മാതാവ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.