Kerala
തിരുവനന്തപുരത്ത് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴ് പേര്‍ പിടിയില്‍
ബുധനാഴ്ച രാത്രിയില്‍ അസിമും സംഘവും കാറില്‍ പോകുന്നതിനിടെ പോലീസ് പിടികൂടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇവര്‍ പോലീസ് ജീപ്പില്‍ കാറിടിപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു
തിരുവനന്തപുരം | കണിയാപുരത്ത് വീട് വാടകക്കെടുത്ത് ലഹരി ഉപയോഗിച്ച ഡോക്ടറടക്കം ഏഴുപേര്‍ പിടിയില്‍. നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം (29 ), കൊല്ലം ആയൂര്‍ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തന്‍ (34), പാലോട് സ്വദേശിനി അന്‍സിയ (37), കൊട്ടാരക്കര സ്വദേശിനി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായ കൊട്ടാരക്കര സ്വദേശിനി ഹലീന ബിഡിഎസ് വിദ്യാര്‍ഥിനിയാണ്
ബുധനാഴ്ച രാത്രിയില്‍ അസിമും സംഘവും കാറില്‍ പോകുന്നതിനിടെ പോലീസ് പിടികൂടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇവര്‍ പോലീസ് ജീപ്പില്‍ കാറിടിപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.പിടിയിലായവരില്‍ അസിം, അജിത്ത്, അന്‍സിയ എന്നിവര്‍ നിരവധി ലഹരി കേസുകളിലെ പ്രതികളാണ്. രണ്ടു കാറുകളും രണ്ട് ബൈക്കുകളും പത്ത് മൊബൈലുകളു ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഡാന്‍സാഫ് സംഘം പിടികൂടിയ പ്രതികളെ കഠിനംകുളം പോലീസിന് കൈമാറി.




