Connect with us

National

രാഷ്ട്രപതിയുടെ സൈനിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സമ്മാനിക്കുക 76 സൈനികര്‍ക്ക്

സായുധ സേനയിലെയും സെന്‍ട്രല്‍ ആംഡ് പോലീസ് സേനയിലെയും സൈനികര്‍ക്കാണ് ഗാലന്‍ട്രി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യം സ്വാതന്ത്ര്യത്തിന്റെ 76ാം വാര്‍ഷികം ആഘോഷിക്കാനിരിക്കേ സേനാവിഭാഗങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സായുധ സേനയിലെയും സെന്‍ട്രല്‍ ആംഡ് പോലീസ് സേനയിലെയും 76 സൈനികര്‍ക്കാണ് ഗാലന്‍ട്രി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മരണാനന്തര ബഹുമതിയായി നാല് കീര്‍ത്തിചക്ര, 11 ശൗര്യ ചക്ര (അഞ്ചെണ്ണം മരണാനന്തര ബഹുമതി), രണ്ട് ബാര്‍ ടു സേനാ മെഡലുകള്‍ (ഗാലന്‍ട്രി), 52 സേനാ മെഡലുകള്‍ (ഗാലന്‍ട്രി), മൂന്ന് നാവോ സേനാ മെഡല്‍ (ഗാലന്‍ട്രി), നാല് വായുസേനാ മെഡലുകള്‍ (ഗാലന്‍ട്രി) എന്നിവയാണ് നല്‍കുന്നത്.

ഇവ കൂടാതെ വിവിധ സൈനിക ഓപറേഷനുകളില്‍ നിര്‍ണായക സംഭാവനകളേകിയവര്‍ക്കുള്ള 30 മെന്‍ഷന്‍ ഇന്‍ ഡെസ്പാച്ചസ് മെഡലുകളും സമ്മാനിക്കും. ഓപറേഷന്‍ രക്ഷക്, ഓപറേഷന്‍ സ്‌നോ ലേപേഡ്, ഓപറേഷന്‍ കാഷ്വാലിറ്റി ഇവാക്വേഷന്‍, ഓപറേഷന്‍ മൗണ്ട് കോമോ, ഓപറേഷന്‍ പംഗ്‌സാവു പാസ്, ഓപറേഷന്‍ മേഘ്ദൂത്, ഓപറേഷന്‍ ഓര്‍ക്കിഡ്, ഓപറേഷന്‍ കലിഷാം വാലി, രക്ഷാപ്രവര്‍ത്തനങ്ങള്‍, ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്.

ജോലിയിലുള്ള സ്വയം സമര്‍പ്പണം, ആസാധാരണമായ സേവനം തുടങ്ങിയ പരിഗണിച്ച് തീരദേശ സൈനികര്‍ക്കുള്ള രാഷ്ട്രപതിയുടെ ഒരു തത്രക്ഷക് മെഡലും അഞ്ച് തത്രക്ഷക് മെഡലും പ്രഖ്യാപിച്ചിട്ടുണ്ട്. 1990 ജനുവരി 26 മുതല്‍ എല്ലാ റിപബ്ലിക്, സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലാണ് ഈ അവാര്‍ഡുകള്‍ നല്‍കിവരുന്നത്.