International
സമാധാനത്തിന് തയ്യാറാവുക, ഇല്ലെങ്കില്‍ വീണ്ടും ആക്രമിക്കും; ഇറാന് ഭീഷണിയുമായി അമേരിക്ക
ആക്രമണത്തിന് വിധേയമാക്കാന്‍ ഇറാനില്‍ വേറെയും ഇടങ്ങളുണ്ടെന്നത് ഓര്‍ക്കുന്നത് നല്ലതാണെന്ന് ട്രംപ്.

വാഷിങ്ടണ്‍ | ഇറാനെ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്ക. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തരമായി നടത്തിയില്ലെങ്കില്‍ ഇനിയും ആക്രമിക്കുമെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ആക്രമണത്തിന് വിധേയമാക്കാന്‍ ഇറാനില്‍ വേറെയും ഇടങ്ങളുണ്ടെന്നത് ഓര്‍ക്കുന്നത് നല്ലതാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. സമാധാനത്തിലേക്ക് എത്താന്‍ ഇറാന്‍ തയ്യാറാകാത്ത പക്ഷം മറ്റ് കേന്ദ്രങ്ങള്‍ കൂടി ആക്രമിക്കപ്പെടും.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് നാശം വരുത്തിയതായി ട്രംപ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വര്‍ഷങ്ങളോളമായി ഇറാന്‍ അമേരിക്കയ്ക്ക് എതിരെ പ്രവര്‍ത്തിക്കുകയാണെന്നും ഒട്ടേറെ നിരപരാധികളെ കൊലപ്പെടുത്തിയതായും ട്രംപ് പ്രതികരിച്ചു.
ഇസ്റാഈലിന് പിന്തുണയുമായാണ് ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയത്. ഇറാനെ ഇസ്റാഈല്‍ ആക്രമിച്ചതിന്റെ പത്താം ദിവസമാണ് അമേരിക്കയുടെ നേരിട്ടുള്ള ആക്രമണം. കനത്ത പ്രഹരശേഷിയുള്ള യു എസ് വ്യോമസേനാ ബി 2 ബോംബര്‍ വിമാനങ്ങള്‍ പസഫിക് സമുദ്രത്തിന് കുറുകെ സഞ്ചരിച്ചാണ് ആക്രമണം നടത്തിയത്.