Connect with us

Uae

നാല്‍പ്പതു വര്‍ഷത്തിന് ശേഷം വീട്ടുജോലിക്കാരിയുമായി സമാഗമം; സ്നേഹബന്ധത്തിന്റെ കഥ പറഞ്ഞ് അജ്മാന്‍ പോലീസ്

അജ്മാന്‍ പോലീസിന്റെ 'ടച്ച് ഓഫ് ലോയല്‍റ്റി' എന്ന പരിപാടി ശ്രീലങ്കന്‍ സ്വദേശിനിക്ക് താന്‍ ഒരുകാലത്ത് സേവനം ചെയ്ത ഇമാറാത്തി കുടുംബത്തെ വീണ്ടും കാണാന്‍ അവസരമൊരുക്കി.

Published

|

Last Updated

അജ്മാന്‍ | കാലം മായ്ക്കാത്ത സ്നേഹബന്ധത്തിന്റെ കഥ പറയുകയാണ് അജ്മാനിലെ ഒരു ഹൃദയസ്പര്‍ശിയായ കൂടിക്കാഴ്ച. അജ്മാന്‍ പോലീസിന്റെ ‘ടച്ച് ഓഫ് ലോയല്‍റ്റി’ എന്ന പരിപാടി ശ്രീലങ്കന്‍ സ്വദേശിനിക്ക് താന്‍ ഒരുകാലത്ത് സേവനം ചെയ്ത ഇമാറാത്തി കുടുംബത്തെ വീണ്ടും കാണാന്‍ അവസരമൊരുക്കി. ഓര്‍മകളുടെ താളുകള്‍ മറിയുന്ന നിമിഷങ്ങളായിരുന്നു അത്.

1982-ല്‍ അജ്മാനിലെ അലി അബ്ദുല്ല സിനാന്‍ അല്‍ ശിഹ്ഹി കുടുംബത്തിലാണ് റോജിന ജോലിക്കെത്തിയത്. അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം അവര്‍ ശ്രീലങ്കയിലേക്ക് മടങ്ങി. ഇപ്പോള്‍ മകളുടെ വിവാഹത്തിനായി യു എ ഇയിലെത്തിയ റോജിന പഴയ തൊഴിലുടമയുടെ കുടുംബത്തെ കാണണമെന്ന് ആശിച്ചു. എന്നാല്‍, അവര്‍ക്ക് ഒരു വഴിയുമുണ്ടായിരുന്നില്ല. ഒടുവില്‍, ആഗ്രഹം നിറവേറ്റാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് അജ്മാന്‍ പോലീസിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ അപേക്ഷ നല്‍കി.

അജ്മാന്‍ പോലീസ് ഉടന്‍ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസര്‍ച്ച് ബ്രാഞ്ച് ഡയറക്ടര്‍ ക്യാപ്റ്റന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഐമിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. പരിശ്രമങ്ങള്‍ക്കൊടുവില്‍ കുടുംബവുമായി ബന്ധപ്പെടാന്‍ പോലീസിന് സാധിച്ചു. ഒടുവില്‍, പ്രിയപ്പെട്ട ഓര്‍മകള്‍ നിറയുന്ന വീട്ടില്‍ അവര്‍ ഒത്തുചേര്‍ന്നു. റോജിനയെ ആ കുടുംബം വലിയ സ്നേഹത്തോടെയും ആതിഥ്യത്തോടെയുമാണ് സ്വീകരിച്ചത്.

 

Latest