Kerala
എന്‍ എസ് എസ് പരിപാടിയില്‍ ആര്‍ എസ് എസിന്റെ ഭാരതാംബ ചിത്രം; ബഹളത്തെ തുടര്‍ന്ന് പോലീസ് എത്തി പരിപാടി തടഞ്ഞു
മന്നത്ത് പത്മനാഭന്റെ പടത്തിനൊപ്പമാണ് കാവി പതാകയേന്തിയ ഭാരതാംബയെയും ഉള്‍പ്പെടുത്തിയത്

തൃശ്ശൂര്‍ | എന്‍ എസ് എസ് കരയോഗം സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍ എസ് എസിന്റെ ഭാരതാംബ ചിത്രം പ്രദര്‍ശിപ്പിച്ചതു വിവാദമായി. മന്നത്ത് പത്മനാഭനൊപ്പം കാവി പതാകയേന്തിയ ഭാരതാംബയെയും ഉള്‍പ്പെടുത്താന്‍ നേതൃത്വം നല്‍കിയ ആര്‍ എസ് എസുകാരനായ ഭാരവാഹിയെ യോഗത്തില്‍ നിന്നു പുറത്താക്കി.
തൃശൂര്‍ മാളയില്‍ എന്‍ എസ് എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയിലാണ് ഭാരതാംബ വിവാദമുണ്ടായത്. മന്നത്ത് പത്മനാഭനൊപ്പം കാവി പതാകയേന്തിയ ഭാരതാംബയെ ഉള്‍പ്പെടുത്തിയത് അംഗങ്ങള്‍ ശക്തമായി ചോദ്യം ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് മാള കുഴൂരില്‍ 2143 ആം നമ്പര്‍ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിലാണ് ആര്‍ എസ് എസിന്റെ ഭാരതാംബ ചിത്രം പ്രദര്‍ശിപ്പിച്ചത് അംഗങ്ങള്‍ ചോദ്യം ചെയ്തത്. ദേശീയ പതാകയേന്തിയ ഭാരാതാംബയുടെ ചിത്രമാണെങ്കില്‍ വയ്ക്കാമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിപാടി നിര്‍ത്തിച്ചു.
കരയോഗത്തെ ആര്‍ എസ് എസിന്റെയും ബി ജെ പി യുടെയും വര്‍ഗീയ രാഷ്ട്രിയം പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കരുതെന്നും ഇത്തരം നീക്കം നടത്തിയ കരയോഗ കമ്മറ്റി പിരിച്ചു വിടണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.