National
ഓപറേഷന്‍ സിന്ധു; കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഊര്‍ജിത നീക്കം
ഇറാനില്‍ നിന്ന് 1,117 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം.

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി കൂടുതല്‍ ഇന്ത്യക്കാരെ ഇറാന്‍, ഇസ്‌റാഈല്‍ എന്നിവിടങ്ങളില്‍ നിന്ന് രാജ്യത്ത് തിരികെയെത്തിക്കും. ഇറാനില്‍ നിന്ന് ആകെ 1,117 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
ഇറാന്‍ നഗരമായ മഷ്ഹാദില്‍ നിന്ന് 280 പേരെയും വഹിച്ചുള്ള മൂന്നാമത്തെ വിമാനം ഇന്നലെ രാത്രിയോടെ ഡല്‍ഹിയില്‍ എത്തി. ഇസ്‌റാഈലില്‍ നിന്നും ജോര്‍ദാനിലേക്ക് സുരക്ഷിതമായി ഒഴിപ്പിച്ച ഇന്ത്യക്കാരെ അമ്മാന്‍ വഴി മുംബൈയില്‍ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്നു എത്തുന്ന മലയാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിനുള്ള സൗകര്യമൊരുക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്.