Connect with us

Ongoing News

വന്ദേഭാരതിനു മുകളിൽ പോസ്റ്റർ; കേസെടുക്കണമെന്ന് ബി ജെ പി, പിന്നിൽ ബി ജെ പിക്കാരെന്ന് എം പി

ഷൊര്‍ണൂരില്‍ സ്റ്റോപ്പ് നേടിയെടുത്തതിന് വി കെ ശ്രീകണ്ഠൻ എം പിക്ക് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്ററാണ് ട്രെയിനിനിന് മുകളിൽ പ്രത്യക്ഷപ്പെട്ടത്

Published

|

Last Updated

പാലക്കാട് | വന്ദേഭാരത് ട്രെയിനിന് മുകളില്‍  വി കെ ശ്രീകണ്ഠന്‍ എം പിക്ക് അഭിവാദ്യമർപ്പിച്ച് പോസ്റ്ററുകള്‍ പതിപ്പിച്ചതിനെ ചൊല്ലി വിവാദം കൊഴുക്കുന്നു. വന്ദേഭാരത് ട്രെയിന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ്  ട്രെയിനിന് മുകളിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഷൊര്‍ണൂരില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാന്‍ പോരാടിയത് വി കെ ശ്രീകണ്ഠനാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.

റെയില്‍വേ പോലീസ് സംഘമെത്തി പോസ്റ്ററുകള്‍ ഉടന്‍ നീക്കം ചെയ്തെങ്കിലും ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്റർ പതിപ്പിച്ചതെന്നാണ് ആരോപണം ഉയരുന്നത്. നേരത്തെ വന്ദേഭാരതിന്  ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാതിരുന്ന വേളയില്‍ വി കെ ശ്രീകണ്ഠന്‍ എം പി ഇടപെടുകയും റെയില്‍വേ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. അവസാനം ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ച വേളയില്‍ വന്ദേ ഭാരതിന്റെ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കപ്പെടുകയും ചെങ്ങന്നൂരും തിരൂരും ഒഴിവാക്കുകയുമായിരുന്നു.

തന്റെ ശ്രമഫലമായാണ് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചതെന്ന് വി കെ ശ്രീകണ്ഠന്‍ അവകാശപ്പെട്ടതിനെ പുറകെ പോസ്റ്ററും ട്രെയിനില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

ഉദ്ഘാടനം ചെയ്ത ദിവസം തന്നെ സ്വന്തം പോസ്റ്റര്‍ പതിപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ട്രെയിനിനെ നശിപ്പിക്കാന്‍ ശ്രമിച്ചതിന്  ശ്രീകണ്ഠന്‍ എം പിക്കെതിരെ കേസെടുക്കണമെന്ന് ബി ജെ പി നേതാവ് കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇത് ഒരു കാരണവശാലും അനുവദിച്ചുകൂടാ. ചെയ്തവര്‍ക്ക് എതിരെയും ചെയ്യിപ്പിച്ച നേതാവിനെതിരെയും പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് എടുക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

അതേസമയം, ഷൊര്‍ണൂരില്‍ വന്ദേഭാരത് എക്സ്പ്രസില്‍ പ്ലക്കാര്‍ഡുകള്‍ പതിച്ച സംഭവത്തില്‍ തന്റെ അറിവോ സമ്മതമോ ഇല്ലെന്ന് വി കെ ശ്രീകണ്ഠന്‍ എം പി അറിയിച്ചു. ഇത്തരം നിലവാരം കുറഞ്ഞ പ്രവൃത്തികളോ പ്രോത്സാഹിപ്പിക്കുകയോ പിന്തുണ്ക്കുകയോ ചെയ്യുന്ന ഒരു ജനപ്രതിനിധിയല്ല താനെന്നും എം പി ഫേസ്ബുക്കിൽ പറഞ്ഞു.

നൂറിലധികം ആളുകളാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മഴ വെള്ളത്തില്‍ ആരോ പ്ലക്കാര്‍ഡുകള്‍ പതിക്കുകയായിരുന്നു. ഇത്തരമൊരു പ്രവൃത്തി ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്നും വ്യക്തമല്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെ നടന്ന സംഭവത്തില്‍ തനിക്കെതിരെ രാഷ്ട്രീയ പ്രേരിതമായി വ്യാജ പ്രചരണവും അധിക്ഷേപവും നടത്തുകയാണ് ബി ജെ പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍. സംഭവത്തിന് പിന്നില്‍ ആരാണെന്ന് കൃത്യമായി അന്വേഷിക്കുമെന്നും വേണ്ടി വന്നാല്‍ നടപടി സ്വീകരിക്കുമെന്നും വി കെ ശ്രീകണ്ഠന്‍ എം പി പറഞ്ഞു.

ഇതിനിടെ, ബി ജെ പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേസെടുത്തു. വിഷയം ഷൊർണൂർ ആർ പി എഫ് കേസ് അന്വേഷിക്കും.

---- facebook comment plugin here -----

Latest